വിദ്യാർഥിയുടെ ഭീഷണി വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് സ്‌കൂൾ പ്രിൻസിപ്പലിൻ്റെ വാദം
പാലക്കാട് ആനക്കര ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ കൊലവിളി നടത്തിയ വിദ്യാർഥി മാപ്പു പറഞ്ഞു. വിദ്യാർഥിക്ക് കൗൺസലിംഗ് നൽകുമെന്നും കുട്ടിയെ ചേർത്ത് നിർത്തുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. അതേസമയം വിദ്യാർഥിയുടെ ഭീഷണി വീഡിയോ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് പ്രധാന അധ്യാപകൻ്റെ വാദം. കുട്ടിയിൽ നിന്നുമുണ്ടായത് അസാധാരണ പ്രകടനമാണെന്നും, അധ്യാപകനാണ് വീഡിയോ എടുത്തതെന്നും സ്‌കൂളിൽ നിന്നും ചോർന്നിട്ടില്ലെന്നും അധ്യാപകൻ അറിയിച്ചു. എസ്എംസി ചെയർമാനും തൃത്താല പൊലീസിനും വീഡിയോ നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
കൊലവിളി വീഡിയോ പ്രചരിച്ച സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഇടപെട്ടിരുന്നു.സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാനാണ് വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയത്.മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പിന്നാലെ വിദ്യാർഥി നടത്തിയ കൊലവിളി ആഹ്വാനത്തിൻ്റെ വീഡിയോ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മൊബൈൽ ഫോൺ പിടിച്ചു വെച്ചതിൻ്റെ പേരിൽ വിദ്യാർഥി അധ്യാപകർക്ക് നേരെ കൊലവിളി നടത്തിയത്. സ്കൂൾ അധികൃത൪ വിദ്യാർഥിയെ സസ്പെൻഡ് ചെയ്‌തിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടു. വിദ്യാർഥിക്ക് കൗൺസലിംഗ് നൽകുമെന്നും,ഫെബ്രുവരി ആറിന് സ്ക്കൂളിൽ സന്ദർശനം നടത്തുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.