തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ വിമർശനം. 'ആർക്കുവേണ്ടിയാണ് ഈ സമരം' എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിയുള്ള നിലപാട് എളമരം വ്യക്തമാക്കിയത്.
ആശാവർക്കർമാരുടെ സമരത്തെ എൽഡിഎഫിനെതിരെ ഉള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റാൻ അനുവദിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആശമാരുടെ ആവശ്യങ്ങൾ സർക്കാർ അനുഭാവ പൂർവം പരിഗണിക്കുമെന്നാണ് കരുതുന്നത്. ഈ വിഷയത്തിൽ സിപിഐയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. ആശാവർക്കർമാരുടെ സമരം ന്യായമാണ്. സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവരുടെ രാഷ്ട്രീയം എല്ലാവർക്കും അറിയാം. സ്വതന്ത്ര സംഘടനയായി ചിത്രീകരിക്കാൻ ശ്രമിക്കരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.
ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ നേതാവ് ആനി രാജ നേരത്തേ രംഗത്തുവന്നിരുന്നു.സമരം ന്യായമാണെന്നായിരുന്നു ആനി രാജയുടെ നിലപാട്. എന്നാൽ സമരത്തിൽ സിഐടിയു എടുത്ത നിലപാടിനോട് സിപിഐ നേതാവ് പ്രതികരിച്ചില്ല. എളമരം കരീമിന്റെ ലേഖനം കണ്ടിട്ടില്ലെന്നും ആശാവർക്കർമാരെയും തൊഴിലാളികളായി കാണണമെന്നും ആനി രാജ പറഞ്ഞു.
തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന്റെ വിമർശനം. 'ആർക്കുവേണ്ടിയാണ് ഈ സമരം' എന്ന പേരിൽ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് ആശാ വർക്കർമാരുടെ സമരത്തെ തള്ളിയുള്ള നിലപാട് എളമരം വ്യക്തമാക്കിയത്.
Also Read; ആശാവർക്കർമാരുടെ മഹാസംഗമം: പങ്കെടുത്തവരിൽ നേതാക്കൾ ഉൾപ്പെടെ 14പേർക്ക് പൊലീസ് നോട്ടീസ്
അതേസമയം ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വനിതാ കമ്മീഷനും പ്രതികരിച്ചിരുന്നു. ന്യായമായ സമരമാണ് ആശാ വർക്കർമാർ നടത്തുന്നതെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. കേന്ദ്ര - സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണം. ആശാ വർക്കർമാർക്ക് ഓണറേറിയമാണ് നൽകുന്നതെന്നും പി. സതീദേവി വ്യക്തമാക്കി. പ്രതിഫലം നൽകുന്നത് പാരിതോഷികമായി കണക്കാക്കുന്ന രീതി മാറ്റണം. ശമ്പളം എന്ന നിലയിൽ പോലും പ്രതിഫലം പരിഗണിക്കപ്പെടുന്നില്ല. വളരെ ഗൗരവമുള്ള വിഷയമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പ്രതികരിച്ചു.
ഈ മാസം 10നാണ് സംസ്ഥാനത്തെ ആശാ വർക്കർമാർ സെക്രട്ടേറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക എന്നിവയടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മന്ത്രിയുടെ നേതൃത്വത്തിൽ വിഷയം ചർച്ച ചെയ്തെങ്കിലും സമവായ നീക്കമെന്ന നിലയിൽ രണ്ട് ആവശ്യങ്ങൾ മാത്രമാണ് സർക്കാർ ഇതുവരെ അംഗീകരിച്ചത്. തുടർന്ന് സെക്രട്ടേറിയറ്റിന് മുമ്പിൽ ആശാവർക്കർമാരുടെ മഹാസംഗമവും ഇന്ന് നടന്നു. വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാക്കുന്നത് വരെ അനിശ്ചിതകാല സമരം തുടരാനാണ് ആശ വർക്കർമാരുടെ തീരുമാനം.