fbwpx
സീതാറാം യെച്ചൂരി അന്തരിച്ചു
logo

ന്യൂസ് ഡെസ്ക്

Last Updated : 12 Sep, 2024 05:09 PM

ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ഒരു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

SITARAM YECHURY


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി എയിംസില്‍ ഒരു മാസത്തോളമായി ചികിത്സയില്‍ ആയിരുന്നു. 2015 മുതല്‍ സിപിഎം ജനറല്‍ സെക്രട്ടറിയായിരുന്നു.

1952 ഓഗസ്റ്റ് 12ന് ചെന്നൈയില്‍ തെലുങ്ക് സംസാരിക്കുന്ന ബ്രാഹ്മണ കുടുംബത്തിലായിരുന്നു സീതാറാം യെച്ചൂരിയുടെ ജനനം. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് കോര്‍പ്പറേഷനില്‍ എന്‍ജിനീയറായിരുന്നു പിതാവ് സര്‍വേശ്വര സോമയാജലു യെച്ചൂരി. മാതാവ് കല്‍പകം സര്‍ക്കാര്‍ ഉദ്യോഗസ്ഥയും. ഹൈദരാബാദ് ആള്‍ സെയ്ന്റ്സ് ഹൈസ്കൂളിലായിരുന്നു പഠനം. 1969ലെ തെലങ്കാന പ്രക്ഷോഭത്തെത്തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പോന്നു. 1970ല്‍ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് നേടിയ യെച്ചൂരി, ഡല്‍ഹി സെയ്ന്റ് സ്റ്റീഫന്‍സില്‍ ബിരുദ പഠനത്തിന് ചേര്‍ന്നു.

സാമ്പത്തികശാസ്ത്രത്തിലെ ബിരുദ പഠനത്തിനുശേഷം, ബിരുദാനന്തര ബിരുദ പഠനത്തിനായി ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്റുവിലെത്തി. അവിടെ തന്നെ പിഎച്ച്ഡി ഗവേഷകനായിരിക്കെ, 1974ല്‍ എസ്എഫ്ഐയില്‍ അംഗമായി. താമസിയാതെ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി. അടിയന്തരവസ്ഥക്കാലത്ത് ഒളിവില്‍പ്പോയ യെച്ചൂരി പിന്നീട് അറസ്റ്റിലായി. തിരിച്ചെത്തിയപ്പോള്‍, ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ് സ്ഥാനമാണ് യെച്ചൂരിയെ കാത്തിരുന്നത്. യെച്ചൂരിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ സമരം തിരയടിച്ചുയര്‍ന്നു. ഇന്ദിര ഗാന്ധിക്ക് ജെഎന്‍യു ചാന്‍സിലര്‍ പദവി ഒഴിയൊഴിയേണ്ടിവന്നു.

1975ല്‍ തന്നെ യെച്ചൂരി സിപിഎം അംഗമായി. 1978ല്‍ എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1985ല്‍ പന്ത്രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പ്രായം, 33. 1992ലെ പതിനാലാം പാർട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ പശ്ചിമബംഗാളില്‍ നിന്ന് രാജ്യസഭയിലെത്തി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സിപിഎമ്മിനെ നയിക്കുമ്പോള്‍, പാര്‍ലമെന്റില്‍ യെച്ചൂരി ഇടതുപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ശബ്ദമായി. 2015ല്‍ വിശാഖപട്ടണത്ത് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് ജനറല്‍ സെക്രട്ടറി പദത്തിലെത്തുന്നത്. 2018ലെ ഹൈദരാബാദ്, 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലും യെച്ചൂരി തന്നെ തെരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്ത് ഇടതുപക്ഷത്തെ നയിച്ചതിനൊപ്പം, ആര്‍എസ്എസ്-ബിജെപി രാഷ്ട്രീയത്തിനെതിരെ ശക്തമായി നിലകൊണ്ട നേതാക്കളില്‍ മുന്നിലാണ് യെച്ചൂരിയുടെ സ്ഥാനം. കോണ്‍ഗ്രസിനൊപ്പം യുപിഎ സര്‍ക്കാര്‍ രൂപീകരണത്തിലും, കോണ്‍ഗ്രസ്, സിപിഐ, ആം ആദ്മി പാര്‍ട്ടി, ഡിഎംകെ ഉള്‍പ്പെടെ പാര്‍ട്ടികള്‍ക്കൊപ്പം ഇന്ത്യാ സഖ്യം രൂപീകരിച്ചപ്പോഴുമെല്ലാം യെച്ചൂരിയുടെ നിലപാടുകള്‍ നിര്‍ണായകമായി. സഖ്യചര്‍ച്ചകളിലും രൂപീകരണത്തിലുമെല്ലാം സിപിഎമ്മിന്റെ മുഖമായിരുന്നു യെച്ചൂരി.

KERALA
ഇ.പിയുടെ ആത്മകഥ വിവാദം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി
Also Read
user
Share This

Popular

KERALA
KERALA
ഇ.പിയുടെ ആത്മകഥ വിവാദം: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി