മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ല എന്നാണ് നിലപാടെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സിപിഐഎം. ഇവരൊക്കെ ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. പാർട്ടി അതിലൊന്നും അഭിപ്രായം പറയുന്നില്ല. മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ല എന്നാണ് നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
ALSO READ: ആരാകും ജനറല്‍ സെക്രട്ടറി? പ്രകാശ് കാരാട്ടിന്റേയും കേരളഘടകത്തിന്റേയും പിന്തുണ എം.എ ബേബിക്ക്
കഴിഞ്ഞ ദിവസം എസ്എന്‍ഡിപി യോഗം നിലമ്പൂർ യൂണിയൻ സംഘടിപ്പിച്ച കൺവെൻഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പരാമർശം. മലപ്പുറം പ്രത്യേക രാജ്യമാണെന്നും, ഈഴവർക്ക് ജില്ലയിൽ അവഗണയാണന്നുമാണ് വെള്ളാപ്പള്ളി പറഞ്ഞത്. നിങ്ങൾ പ്രത്യേക രാജ്യത്തിനിടയിൽ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വതന്ത്രമായ വായു ശ്വസിച്ചും, അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാൻ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് നമ്മൾ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
ALSO READ: സിപിഐഎമ്മിന് രാജ്യത്ത് ആകെ 10,19,009 അംഗങ്ങൾ; പകുതിയിലധികവും കേരളത്തിൽ നിന്ന്
പിന്നാലെ, വിവാദ പരാമർശത്തിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവർത്തകർ രംഗത്തെത്തിയിരുന്നു. താനൂരിൽ വെള്ളാപ്പള്ളിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. ഞങ്ങളെയൊക്കെ അപമാനിച്ച് നിരത്തിലിറങ്ങി നടക്കാമെന്ന് കരുതേണ്ട എന്ന മുദ്രവാക്യവുമായാണ് യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.