24ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഎം ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് പുറത്തിറക്കി
പാർട്ടിയുടെ ശക്തി കൂട്ടണമെന്നും മോദി സർക്കാറിനെ മുന്നിൽ നിന്ന് എതിർക്കണമെന്നും കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം. ഹിന്ദുത്വ അജണ്ടയും കോർപ്പറേറ്റ് അജണ്ടയും മുന്നോട്ടുവെക്കുന്ന മോദി നയത്തെ ശക്തമായി എതിർക്കണമെന്ന് 24ാമത് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം അഭിപ്രായപ്പെട്ടു. 24ാമത് സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് രാഷ്ട്രീയ പ്രമേയം സിപിഎം ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഇന്ന് പുറത്തിറക്കി.
ബിജെപിക്ക് എതിരെ നിൽക്കുകയും ഹിന്ദുത്വ അജണ്ടയ്ക്ക് എതിരെ നിൽക്കുകയുമാണ് സിപിഎം നയമെന്ന് പ്രകാശ് കാരാട്ട് വിശദീകരിച്ചു. "എല്ലാ മതേതര പാർട്ടികളുടെയും സഹകരണം ഉറപ്പാക്കി ബിജെപിക്കെതിരെ പോരാടും. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ നയം തന്നെ തുടരും. പുതുതായി ഒരു വ്യത്യാസം മാത്രമാണുള്ളത്. സിപിഎം സ്വന്തം ശക്തി കൂട്ടണം. മോദി സർക്കാറിനെ സിപിഎം തന്നെ മുന്നിൽ നിന്ന് എതിർക്കണം. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ ഹിന്ദുത്വ അജണ്ടയും കോർപ്പറേറ്റ് അജണ്ടയും മുന്നോട്ടുവെക്കുന്ന മോദി നയത്തെ ശക്തമായി എതിർക്കണം. മോദി സർക്കാർ കർഷകരെ അവഗണിക്കുകയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ന്യൂനപക്ഷങ്ങൾക്ക് എതിരെ നിയമനിർമാണം നടത്തുകയാണ്," പ്രകാശ് കാരാട്ട് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യാ സഖ്യം യോഗം ചേർന്നിട്ടില്ലെന്നും ദേശീയതലത്തിൽ വിശാല മതേതരസഖ്യം ആവശ്യമാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. "കോൺഗ്രസുമായി ഇനി സഹകരണം മാത്രമേയുണ്ടാകൂ. കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ല. തിരഞ്ഞെടുപ്പ് വരുമ്പോൾ പൊതുപരിപാടിയുടെ പേരിൽ മാത്രമാകും സഹകരണം. സംസ്ഥാനതലത്തിൽ പിന്നീട് തീരുമാനമെടുക്കും," പ്രകാശ് കാരാട്ട് വിശദീകരിച്ചു.
അതേസമയം, കേരളത്തിൽ ബിജെപിയെ തടയുന്നതിൽ വീഴ്ച പറ്റി എന്ന വിമർശനം കേരളാ ഘടകത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. മുഖ്യമന്ത്രിപിണറായ് വിജയന് പ്രായപരിധിയിൽ വീണ്ടും ഇളവ് നൽകുമെന്ന സൂചനയും പ്രകാശ് കാരാട്ട് നൽകി. "ജനങ്ങളാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞതവണ ഇളവ് നൽകിയിരുന്നു. ഈ പാർട്ടി കോൺഗ്രസിൽ ഇത് വീണ്ടും പരിഗണിക്കും," സിപിഎം ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി.