ഇന്നലെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പറായി താരം കളത്തിലിറങ്ങിയിരുന്നില്ല
ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്ററും മലയാളികളുടെ അഭിമാന താരവുമായി സഞ്ജു സാംസണ് പരിക്കേറ്റെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. ഇന്നലെ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് കീപ്പറായി താരം കളത്തിലിറങ്ങിയിരുന്നില്ല.
സഞ്ജുവിൻ്റെ വലതു കൈയ്യിലെ ചൂണ്ടുവിരലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തിയെന്ന് ടീം ഡോക്ടർമാർ അറിയിച്ചു. ഇന്നലെ മത്സരത്തിന് ശേഷം ബാൻഡേജ് ചുറ്റിയ കയ്യുമായി താരം ഗ്രൗണ്ടിൽ നടക്കുന്നത് കാണാമായിരുന്നു.
ചുരുങ്ങിയത് ആറാഴ്ചത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടർമാർ താരത്തെ നിർദേശിച്ചിരിക്കുന്നത്. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ മികവിലേക്കുയരാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. ഷോർട്ട് ബോൾ കളിക്കാൻ താരത്തിന് കഴിയുന്നില്ലെന്ന തരത്തിൽ കടുത്ത വിമർശനവും മുൻ ഇന്ത്യൻ താരങ്ങൾ അടക്കം ഉയർത്തിയിരുന്നു.
ഇതോടെ സഞ്ജുവിന് കേരളത്തിൻ്റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കളിക്കാനായേക്കില്ലെന്നാണ് വിവരം. അതേസമയം, മാർച്ച് 21ന് ആരംഭിക്കാനിരിക്കുന്ന ഐപിഎൽ പോരാട്ടങ്ങൾക്ക് മുന്നോടിയായി താരത്തിന് കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് സൂചന. ഇതിന് മുമ്പായി ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരം സഞ്ജുവിന് നഷ്ടമായിരുന്നു.