അതേസമയം, പയ്യന്നൂരിലെ വിഭാഗീയതയിൽ നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി. ജയരാജൻ തുടരും. നേരത്തെ ഉണ്ടായിരുന്ന രണ്ട് ക്ഷണിതാക്കൾ ഉൾപ്പെടെ പുതിയ 11 പേരടങ്ങുന്ന ജില്ലാ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു. 2019ൽ പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായതിനെ തുടർന്നാണ് എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിയാകുന്നത്. 2022ൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയിരുന്നു.
അതേസമയം, പയ്യന്നൂരിലെ വിഭാഗീയതയിൽ നടപടി നേരിട്ട വി. കുഞ്ഞികൃഷ്ണനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നേരത്തെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നു കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ ഫണ്ട് വിവാദത്തിൽ പാർട്ടിക്ക് പരാതി നൽകിയത് കുഞ്ഞികൃഷ്ണൻ ആയിരുന്നു. മുൻ സംസ്ഥാന സമിതിയംഗവും തളിപ്പറമ്പ് മുൻ എംഎൽഎയും ആയ ജെയിംസ് മാത്യു ഇത്തവണ ജില്ലാ കമ്മിറ്റിയിൽ ഇല്ല. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ജെയിംസ് മാത്യു സംസ്ഥാന സമിതിയിൽ നിന്ന് സ്വയം ഒഴിഞ്ഞിരുന്നു.
എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശി, പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, പി. ഗോവിന്ദൻ, കെ.പി.വി. പ്രീത, എൻ. അനിൽകുമാർ, സി.എം. കൃഷ്ണൻ, കെ. ജനാർദ്ദനൻ, സി.കെ. രമേശൻ എന്നിവരാണ് കമ്മിറ്റിയിലെ പുതുമുഖങ്ങൾ.
നേരത്തെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആയിരുന്ന എം.വി. നികേഷ് കുമാർ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ ഉൾപ്പെടെ 11 പേരാണ് ജില്ലാ കമ്മിറ്റിയിൽ പുതുതായി എത്തിയത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.