ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം രണ്ടാം ദിനമായ ഇന്ന് സംഘടനാ പ്രവർത്തന റിപ്പോർട്ടിൽ ചർച്ച നടക്കും. പാർട്ടി പ്രവർത്തന റിപ്പോർട്ടിലും നവകേരള നയരേഖയിലും ഇന്നും നാളെയുമായിട്ടാകും പൊതുചർച്ചകൾ പൂർത്തീകരിക്കുക. കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം പോളിറ്റ് ബ്യൂറോ കോ ഓർഡേനേറ്റർ പ്രകാശ് കാരാട്ടാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ പതാക ഉയർത്തി. ജില്ലകളിൽ നിന്നുളള 486 പ്രതിനിധികളും സംസ്ഥാനത്തിന് പുറത്തു നിന്നുള്ള 44 നിരീക്ഷകരും അതിഥികളും ഉൾപ്പടെ 530 പേർ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവർത്തന റിപ്പോർട്ടിൽ ജില്ലാ ഘടകങ്ങളിൽ നിന്നും നിശ്ചയിക്കപ്പെട്ട പ്രതിനിധികൾ പൊതു ചർച്ചയിൽ പങ്കെടുക്കും.
ഇന്നലെ നടന്ന ഉദ്ഘാടന ചടങ്ങിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചത്. ബംഗാളിലെ സ്ഥിതി പാഠമാക്കണമെന്നും ഭരണ തുടർച്ച ബംഗാളിൽ ഉണ്ടാക്കിയ വീഴ്ച കേരളത്തിൽ ആവർത്തിക്കരുതെന്നുമാണ് സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. പാർട്ടിയാണ് അധികാര കേന്ദ്രമെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കരുത്. വിനീത ദാസൻമാരാകണം പാർട്ടി പ്രവർത്തകരെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ നിരീക്ഷണമുണ്ട്. നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നു. തുടർഭരണം ജനങ്ങളെ ആകർഷിച്ചപ്പോൾ സംഘടന ജനങ്ങളിൽ നിന്ന് അകന്നുവെന്നും നേതാക്കൾക്ക് ജന സ്വാധീനം ഇല്ലാതായെന്നുമാണ് വിമർശനം. വോട്ട് കണക്ക് പോലും തെറ്റുന്നത് ജനങ്ങളുമായി ബന്ധമില്ലാത്തതിന്റെ തെളിവാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
സംഘപരിവാർ രാഷ്ട്രീയം പടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. വോട്ട് കണക്കിൽ ബിജെപിയുടെ വളർച്ച വ്യക്തം. സിപിഐഎമ്മിനെ ഇല്ലാതാക്കാൻ സംഘപരിവാറിന് ദീർഘ- ഹ്രസ്വകാല പദ്ധതികളുണ്ട്. സംഘപരിവാർ ശക്തികൾ സ്ത്രീകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്നും ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മ ഇത്തരത്തിലുള്ളതാണെന്നും റിപ്പോർട്ടിൽ പറയുന്നു. വനിതകളെ ലക്ഷ്യമിട്ടുള്ള സംഘപരിവാർ നീക്കം പ്രതിരോധിക്കാൻ മഹിളാ അസോസിയേഷന് കഴിയുന്നില്ല. പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് ചോർന്നു. പാർട്ടിക്കൊപ്പം നിൽക്കുന്നവരെ പോലും ബിജെപിക്കെതിരെ അണിനിരത്താനാകുന്നില്ലെന്നുമാണ് വിമർശനം. തൃശൂർ സീറ്റ് ബിജെപി നേടിയതിൽ ഗൗരവ പരിശോധന വേണമെന്നും സംഘപരിവാറിന് പരവതാനി വിരിക്കുന്ന സമുദായ നേതൃത്വങ്ങളെ തുറന്ന് കാട്ടണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു. അതേസമയം, പ്രവർത്തന റിപ്പോർട്ടിൽ വിമർശനമെന്ന വാർത്തകൾ മന്ത്രി സജി ചെറിയാൻ നിഷേധിച്ചു.
പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായി അവസാനിച്ചിട്ടില്ലെന്നും വിഭാഗീയത പ്രവണതയുള്ള ഒരുകൂട്ടം സഖാക്കള്‍ ഇപ്പോഴും പാര്‍ട്ടിയില്‍ ഉണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രാദേശികമായി ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളുടെ പിന്നില്‍ ഇവരാണ്. ഇക്കാര്യത്തില്‍ ശരിയായ പരിശോധനകള്‍ അനിവാര്യമാണ്. വിഭാഗീയത പരിഹരിക്കാന്‍ സംസ്ഥാന സെന്ററില്‍ നിന്നുള്ളവര്‍ കീഴ്ഘടകങ്ങളില്‍ എത്തണം. മെറിറ്റും മൂല്യവും കണക്കിലെടുത്തായിരിക്കണം തീരുമാനങ്ങള്‍ എടുക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read: നഗരത്തിൽ കൊടികളും ഫ്ലക്സുകളും സ്ഥാപിച്ചു; സിപിഐഎമ്മിന് വന്‍ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ
പ്രവർത്തന റിപ്പോർട്ടിനു പിന്നാലെ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ അവതരിപ്പിച്ച നവകേരള രേഖയിലുള്ള പൊതു ചർച്ച നാളെയാകും നടക്കുക. കേരള വികസനത്തിന് വൻ കുതിപ്പ് നൽകുന്ന പദ്ധതികളാണ് നയരേഖ വിഭാവനം ചെയ്യുന്നത്. ഐടി, ടൂറിസം മേഖലകളിൽ വൻകിട പദ്ധതികൾ, കൂടുതൽ ക്ഷേമ പദ്ധതികൾ എന്നിങ്ങനെ എല്ലാ മേഖലകളേയും സ്പർശിക്കുന്ന നയരേഖയാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ആഗോള നിക്ഷേപ ഭീമൻമാരെയടക്കം കേരളത്തിൽ എത്തിക്കാൻ നിലവിലുള്ള നിയമങ്ങളിലും ചട്ടങ്ങളിലും പരിഷ്കാരങ്ങളും നയരേഖ നിർദേശിക്കുന്നുണ്ട്.
ഇടതുപക്ഷ സർക്കാരിന് തുടർഭരണം പ്രതീക്ഷിച്ചുകൊണ്ട്, നവകേരളത്തിന് പുതിയ വികസനകാഴ്ചപ്പാട് നിർദേശിക്കുന്ന പാർട്ടി രേഖയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളന പ്രതിനിധികൾക്ക് മുമ്പിൽ അവതരിപ്പിച്ചത്. മൂന്നാം എൽഡിഎഫ് സർക്കാർ വരും എന്നുറപ്പിക്കുന്ന നയരേഖ സ്കാൻഡിനേവിയൻ രാജ്യങ്ങളിലേതിന് സമാനമായ സാമൂഹിക സാഹചര്യത്തിലേക്ക് കേരളത്തെ വളർത്താനുള്ള കർമ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.