അഭിഭാഷകയോട് മോശമായി സംസാരിച്ചെന്ന വിവാദത്തിൽ ജസ്റ്റിസ് ബദറുദ്ദിനെ കേരള ഹൈക്കോടതിയിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകും. മാപ്പ് പറഞ്ഞ സാഹചര്യത്തിൽ ജസ്റ്റിസ് ബദറുദ്ദീൻ്റെ ബെഞ്ചിലെ കോടതി ബഹിഷ്കരണം അഭിഭാഷകർ അവസാനിപ്പിച്ചു. എന്നാൽ വിഷയം ഒറ്റയ്ക്ക് ഉന്നയിച്ച അഡ്വ ജോർജ് പൂന്തോട്ടത്തെ ഹൈക്കോടതി അഭിഭാഷക അസോസിയേഷനിൽ നിന്നും സസ്പെൻഡ് ചെയ്തു.
അഭിഭാഷകയെ ജഡ്ജി അപമാനിച്ചെന്ന പരാതിയിൽ ഒത്തുതീർപ്പായിരുന്നു. ചീഫ് ജസ്റ്റിന് മുമ്പാകെ ജസ്റ്റിസ് എ. ബദറുദ്ദീൻ മാപ്പ് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചത്. ഈ സാഹചര്യത്തിൽ പ്രതിഷേധം തുടരേണ്ടതില്ലെന്നും പ്രതിഷേധം അവസാനിപ്പിക്കുന്നതായും പരാതിക്കാരിയായ അഭിഭാഷക അറിയിച്ചിരുന്നു.ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് വനിതാ അഭിഭാഷക ഹൈക്കോടതി അഭിഭാഷക അസോസിയേഷന് കത്തയക്കുകയും ചെയ്തു. അതേസമയം, തങ്ങളുടെ അറിവില്ലാതെയാണ് ചർച്ച നടന്നതെന്നാണ് അഭിഭാഷക അസോസിയേഷൻ പ്രതികരിച്ചത്.
പരാതിക്കാരിയുടെ അഭിഭാഷകനായ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഒരു കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ കോടതിയിലാണ് എത്തിയത്. കേസില്‍ ഭർത്താവിന് പകരം ഹാജരായ അഭിഭാഷകയെ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് പരാതി.