കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി.ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയത്.
തൃശൂർ കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴക നിയമന വിവാദം പുകയുന്നു. കഴക നിയമനം തങ്ങളുടെ ചുമതലയെന്നും സുപ്രീംകോടതി വിധി കയ്യിലുണ്ടെന്നും തന്ത്രി പത്മനാഭൻ നമ്പൂതിരി പ്രതികരിച്ചു. കഴക ജോലി വാരിയർ സമുദായത്തിന് അവകാശപ്പെട്ടതെന്ന് വാദിച്ച് സമസ്ത കേരള വാരിയർ സമാജം രംഗത്തുവന്നു.അതേസമയം, ഈഴവനെ കഴകക്കാരനായി ജോലി ചെയ്യാൻ അനുവദിക്കാത്തത് അംഗീകരിക്കാനാവില്ലെന്ന് എസ്എൻഡിപി സംസ്ഥാന കൗൺസിലർ വി.കെ.പ്രസന്നൻ പറഞ്ഞു.ഈ വിഷയത്തിൽ സർക്കാരിന്റെ ഉത്തരവ് നടപ്പിലാക്കുമെന്നായിരുന്നു ദേവസ്വം ചെയർമാൻ കെ.എ. ഗോപിയുടെ പ്രതികരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരിക്കുകയാണ്.
നിയമനം ലഭിച്ച ഈഴവ യുവാവിനെ മാറ്റണമെന്ന തന്ത്രിമാരുടെ നിലപാടിൽ വിയോജിപ്പുമായി തന്ത്രി കുടുംബാംഗം തന്നെ പ്രതികരിച്ചു. ജാതിയുടെ പേരിൽ ആരെയും മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് തന്ത്രി കുടുംബാംഗമായ അനി പ്രകാശ് ന്യൂസ് മലയാളത്തോട് പറഞ്ഞു.കൂടൽ മാണിക്യം ക്ഷേത്രത്തിലെ കഴക നിയമന വിവാദം അവകാശ തർക്കമാണെന്നും മറ്റൊരു സമുദായത്തിൽപ്പെട്ടയാൾ കഴകക്കാരനായാൽ അയിത്തം കാണേണ്ടതില്ലെന്നും അനിപ്രകാശ് പറഞ്ഞു.
കൂടൽ മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം അങ്ങേയറ്റം പ്രതിഷേധാർഹനെന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു. തന്ത്രി കുടുംബാംഗങ്ങളെ കുലംകുത്തികളെന്നും വെള്ളാപ്പള്ളി നടേശൻ വിളിച്ചു. ഹിന്ദു ഐക്യം തകർക്കാൻ ഇറങ്ങിയവരാണ് ആ കുലംകുത്തികളെന്നായിരുന്നു പ്രതികരണം. എതിർപ്പിനെ തുടർന്ന് കഴകത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയ രഞ്ജിത്തിനെ തിരികെ ആ തസ്തികയിൽ പ്രവേശിപ്പിക്കുമെന്നാണ് പ്രതീക്ഷിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൂടൽമാണിക്യ ക്ഷേത്രത്തിൽ കഴക ജോലി ലഭിച്ച ഈഴവ യുവാവായ വി.ഐ. ബാലുവിനെ മാറ്റിയത് തന്ത്രിമാരുടെ എതിർപ്പിനെ തുടർന്നെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു. പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ജോലിയിൽ നിന്നും മാറ്റിയത്. തന്ത്രിമാരുടെ നിലപാടിനോട് യോജിപ്പില്ലെന്നും ദേവസ്വം ബോർഡ് അംഗം അഡ്വ. കെ.ജി. അജയകുമാർ വെളിപ്പെടുത്തിയിരുന്നു.
പ്രതിഷ്ഠാദിന ചടങ്ങുകൾ മുടങ്ങാതിരിക്കാനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകപ്രവർത്തിയിൽ നിയമിച്ച യുവാവിനെ ജോലിയിൽ നിന്നും മാറ്റിയത്. പ്രതിഷ്ഠാദിന ചടങ്ങുകൾ കഴിഞ്ഞാൽ വി.ഐ. ബാലുവിനെ കഴകക്കാരനായി നിയമിക്കും. നിയമ പോരാട്ടത്തിൽ ബാലുവിനൊപ്പം നിൽക്കുമെന്നും ദേവസ്വം ബോർഡ് അംഗം അജയകുമാർ വ്യക്തമാക്കിയിരുന്നു.
കഴകം നിയമനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് തന്ത്രിമാർ നൽകിയ കത്ത് ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. തന്ത്രിമാരുടെ അഭിപ്രായം തേടാതെ നിയമനം നടത്തരുത്. പാരമ്പര്യമായി ചെയ്തു വരുന്ന ജോലിയാണെന്നും കത്തിൽ പരാമർശിക്കുന്നു.
ഫെബ്രുവരി 24നാണ് വിവാദ നിയമനം നടന്നത്. ഇന്ന് ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം നടക്കുകയാണ്. ഈഴവൻ ആയതിനാൽ കഴക പ്രവർത്തി ചെയ്യാനാവില്ല എന്ന നിലപാടാണ് തന്ത്രിമാരും വാര്യർ സമാജം എടുത്തതെന്ന് ഭരണസമിതി അറിയിച്ചു. താൽക്കാലിക പ്രശ്നപരിഹാരത്തിനാണ് യുവാവിനെ ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന് ബാലു ഏഴ് ദിവസത്തെ അവധിയിൽ പ്രവേശിച്ചു.