കലാശപ്പോരിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് തകർത്തതിന് പിന്നാലെ വലിയ ആവേശത്തിലായിരുന്നു ടീമംഗങ്ങൾ എല്ലാവരും.
ഇന്ത്യയുടെ ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് പിന്നാലെ ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് വിരമിക്കൽ ഊഹാപോഹങ്ങളെ തള്ളുന്ന ഇന്ത്യൻ സൂപ്പർ താരങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കലാശപ്പോരിൽ ന്യൂസിലൻഡിനെ നാലു വിക്കറ്റിന് തകർത്തതിന് പിന്നാലെ വലിയ ആവേശത്തിലായിരുന്നു ടീമംഗങ്ങൾ എല്ലാവരും.
പിച്ചിലേക്ക് ഓടിയെത്തിയ ഇന്ത്യൻ നായകൻ രോഹിത് ശർമയും വിരാട് കോഹ്ലിയും ചേർന്ന് സ്റ്റംപുകൾ പിഴുതെടുക്കുന്നതും, അവ കൊണ്ട് ദാണ്ഡിയ നൃത്തമാടുന്നതും നിമിഷങ്ങൾക്കകം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ആഹ്ളാദ പ്രകടനങ്ങൾക്ക് പിന്നാലെ ദീർഘനാളായി നിലനിൽക്കുന്ന ഊഹാപോഹങ്ങൾക്ക് മറുപടിയുമായി രോഹിത്തും കോഹ്ലിയും രംഗത്തെത്തി. "അഭി ഹം കോയി റിട്ടയർമെൻ്റ് നഹി ഹോ രഹെ" (ഇവിടെ ഇപ്പോൾ ആരും വിരമിക്കാനൊന്നും പോണില്ല കേട്ടോ..) എന്നായിരുന്നു രോഹിത്തിൻ്റെ പ്രതികരണം. രോഹിത് ഇങ്ങനെ പറയുന്നത് കേട്ട് കോഹ്ലി പൊട്ടിച്ചിരിക്കുകയും ചെയ്തു.
ഇതിന് ശേഷം ഇന്ത്യൻ ക്യാപ്ടൻ നടത്തിയ വാർത്താസമ്മേളനത്തിൽ താൻ രാജിവെക്കാൻ പോണില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. താൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുകയാണ്. വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോഴൊന്നും പറയാനില്ലെന്നും രോഹിത് വ്യക്തമാക്കി.
മത്സര ശേഷം സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ "താൻ എങ്ങും പോകുന്നില്ല" എന്നായിരുന്നു കോഹ്ലിയുടെ ആദ്യ പ്രതികരണം. പോകുമ്പോൾ നല്ല രീതിയിൽ പോകണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നത്. യുവ തലമുറയിലെ കളിക്കാരുമായി തുറന്നു സംസാരിക്കാറുണ്ട്. അവർക്ക് ആവശ്യമുള്ള നിർദേശങ്ങളും നൽകാറുണ്ടെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു.