ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
എ. വി. റസൽ
സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി. റസൽ (63) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയാണ്. കഴിഞ്ഞ കോട്ടയം ജില്ലാ സമ്മേളനത്തിൽ ഇദ്ദേഹത്തെ സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയായി നിലനിർത്തുകയായിരുന്നു.
2022 ജനുവരിയില്‍ നടന്ന ജില്ലാ സമ്മേളനത്തിലാണ് ആദ്യമായി റസല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍. വാസവന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിപ്പിച്ചപ്പോൾ രണ്ടുതവണയും റസൽ ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെയാണ് ആദ്യമായി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
Also Read: എസ്എഫ്ഐക്ക് പുതിയ നേതൃത്വം; പി.എസ്. സഞ്ജീവ് സംസ്ഥാന സെക്രട്ടറി, എം. ശിവപ്രസാദ് സംസ്ഥാന പ്രസിഡൻ്റ്
കൊല്ലം എസ്‌എൻ കോളേജിലെ പഠനശേഷമാണ് റസൽ യുവജന പ്രസ്ഥാനത്തിലേക്ക് എത്തുന്നത്. സമര രംഗത്ത് സജീവമായിരുന്ന റസൽ ഡിവൈഎഫ്‌ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയായിട്ടാണ് സംഘടനയുടെ ഭരണ രംഗത്തേക്ക് വരുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും ഏഴുവർഷം ജില്ലാ സെക്രട്ടറിയുമായിരുന്നു. കൂത്തുപറമ്പ് രക്തസാക്ഷിത്വത്തെ തുടർന്നുള്ള പ്രക്ഷോഭങ്ങൾ നയിച്ച് പൊലീസ് മർദനത്തിനിരയായി. എ.കെ. ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങ വെടിവയ്‌പ്പിനെതിരെ പ്രതിഷേധം നയിച്ചും പൊലീസ് മർദനവും ജയിൽവാസവും അനുഭവിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി, ട്രഷറർ ചുമതലകൾ വഹിച്ച റസൽ അസംഘടിതരായ ഓട്ടോറിക്ഷാ തൊഴിലാളികളെയും സംഘടിപ്പിച്ചു. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകൾ. മരുമകൻ അലൻ ദേവ്.
ഭൗതികശരീരം നാളെ രാവിലെ 9ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കും. തുടര്‍ന്ന് ഉച്ചയോടെ കോട്ടയം ജില്ല കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം ചങ്ങനാശ്ശേരി തെങ്ങണയിലെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.