പരാതി മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശ്രദ്ധയിൽപ്പെടുത്തണം
ഐസ് ക്രീം പാര്‍ലര്‍ കേസില്‍ വെളിപ്പെടുത്തലുമായി മുതിര്‍ന്ന സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടി. കുഞ്ഞാലിക്കുട്ടിക്കായി കേസില്‍ മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാര്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്ന് പാലോളി മുഹമ്മദ് കുട്ടി ന്യൂസ് മലയാളത്തോട് പറഞ്ഞു. അത്തരം കേസില്‍ വിവരങ്ങള്‍ പുറത്ത് വന്നാല്‍ മനുഷ്യന് പുറത്തിറങ്ങാനാകില്ല. അതുകൊണ്ടാണ് ചില വിട്ടുവീഴ്ചകള്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാര്‍ ചെയ്തത് എന്നും പാലോളി പറഞ്ഞു.
നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ് പി. ശശി. അക്കാലത്തെ പി. ശശിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചും ഐസ് ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് പി. ശശിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു പാലോളി മുഹമ്മദ് കുട്ടിയുടെ വെളിപ്പെടുത്തല്‍.
പി. ശശി നല്ല കഴിവുള്ള വ്യക്തിയാണ്. അക്കാലത്ത് നായനാരുടെ സെക്രട്ടറിയായി നില്‍ക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ സംഭാവനകള്‍ നന്നായി ഉണ്ടായിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് ഐസ് ക്രീം പാര്‍ലര്‍ കേസില്‍ പങ്കില്ലെന്നും പാലോളി പറഞ്ഞു.
"കേസിലെ പ്രധാന കക്ഷി കുഞ്ഞാലിക്കുട്ടിയാണ്. അത്തരം ഒരു കേസില്‍ പരസ്യമാക്കി കൊണ്ട് ഒരു നടപടിയിലേക്ക് വന്നാല്‍ അന്നത്തെ കാലത്ത് ഒരു മനുഷ്യന് പിന്നെ പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. അന്ന് മുഖ്യമന്ത്രി തന്നെയാണ് ചില വിട്ടുവീഴ്ചകള്‍ ചെയ്തിട്ടുള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്," പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.
ശശിയെ പോലുള്ള പ്രൈവറ്റ് സെക്രട്ടറിമാര്‍ ആര് വന്നാലും അവരൊന്നും അതിന് ധൈര്യപ്പെടില്ല. ഇനി പ്രൈവറ്റ് സെക്രട്ടറിമാരുടെ അഭിപ്രായം മുഖ്യമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്തി അതില്‍ തീരുമാനം മാറ്റുന്ന തരത്തിലുള്ള എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയില്ല. സാധാരണ ഗതിയില്‍ അങ്ങനെ ഉണ്ടാകില്ല. ശശിയുമായി കുറേ വര്‍ഷമായുള്ള ബന്ധമാണ്. ശശി അത്തരക്കാരനല്ലെന്നും പാലോളി കൂട്ടിച്ചേര്‍ത്തു.
ALSO READ: ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ച; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എഡിജിപിയും പി.ശശിയും : പി.വി. അൻവർ