കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് 65കാരനായ രാമചന്ദ്രൻ. രാമചന്ദ്രൻ കുടുംബ സമേതമാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരിലേക്ക് എത്തിയത്.
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി എൻ. രാമചന്ദ്രൻ്റെ മൃതദേഹം ഇന്ന് രാത്രി 7.30ന് കൊച്ചിയിലെത്തിക്കും. കൊച്ചി ഇടപ്പള്ളി സ്വദേശിയാണ് 65കാരനായ രാമചന്ദ്രൻ. കുടുംബ സമേതമാണ് അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്മീരിലേക്ക് എത്തിയത്.
മകളുടെ മുന്നില്‍ വെച്ചാണ് ഇയാൾക്ക് വെടിയേറ്റത്. രാമചന്ദ്രന്‍ തന്റെ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പമാണ് ബൈസാരന്‍ താഴ്‌വാരത്തിലേക്ക് പോയത്. അവിടെ വെച്ച് ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെ കുട്ടികള്‍ ചിതറിയോടിയിരുന്നു. ഇവർ സുരക്ഷിതരായി സൈനിക ക്യാംപിലുണ്ടെന്നാണ് ലഭ്യമായ വിവരം.
അതേസമയം, രാമചന്ദ്രൻ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും ബന്ധുക്കളും. ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനം ആണ് ഇവരുടെ വീട്. ദീർഘകാലം വിദേശത്തായിരുന്നു രാമചന്ദ്രൻ. പിന്നീട് ജോലി മതിയാക്കി നാട്ടിലെത്തി വിശ്രമജീവിതം നയിക്കുകയായിരുന്നു.
ഭാര്യ ഷീലയ്‌ക്കും മകൾ ആരതിക്കും (അമ്മു) മകളുടെ ഇരട്ടക്കുട്ടികൾക്കും ഒപ്പമായിരുന്നു രാമചന്ദ്രൻ്റെ കാശ്മീർ യാത്ര. ദുബായിൽ ജോലി ചെയ്തിരുന്ന മകൾ നാട്ടിലെത്തിയത് കഴിഞ്ഞ ദിവസമാണ്. ഹൈദരാബാദ് വഴിയാണ് രാമചന്ദ്രനും കുടുംബവും കശ്മീരിൽ എത്തിയത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് രാമചന്ദ്രൻ കൊല്ലപ്പെട്ട വിവരം ബന്ധുക്കൾ അറിയുന്നത്. മകൾ അമ്മുവാണ് നാട്ടിലേക്ക് വിളിച്ചത്.
അപകടത്തിൽ മരിച്ചവരുടെ മൃതദേഹം രാവിലെ 8 മണിയോടെ ആംബുലൻസുകളിലായി ശ്രീനഗറിൽ എത്തിച്ചിരുന്നു. ഇവിടെ നിന്ന് രണ്ട് വിമാനങ്ങളിലായി മൃതദേഹം ഡൽഹിയിൽ എത്തിക്കും. തുടർന്ന് ഡൽഹിയിൽ നിന്നും 4.20ന് പുറപ്പെടുന്ന AI 503 എന്ന വിമാനം കൊച്ചിയിൽ രാത്രി ഏഴരയോടെ എത്തും.
ALSO READ: വീണ്ടും ഭീകരാക്രമണത്തിന് നീക്കം; തിരിച്ചടിച്ച് സൈന്യം, രണ്ട് ഭീകരരെ വധിച്ചു
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ശ്രീനഗറിൽ നിന്ന് അധിക അടിയന്തര വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോയും എയർ ഇന്ത്യയുമാണ് ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്കും മുംബൈയിലേക്കും അധിക അടിയന്തര വിമാന സർവീസുകൾ അനുവദിച്ചത്. ഡൽഹിയിലേക്ക് രണ്ട് വിമാന സർവീസുകൾ അധികമായി സർവീസ് നടത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.