വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും, കോൺഗ്രസ് ഭരണ സമിതിക്ക് കീഴിലുള്ള ബാങ്ക് നടപടി സ്വീകരിക്കുകയായിരുന്നു
കൊല്ലത്ത് കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ വീട് ജപ്തി ചെയ്ത് കോർപ്പറേറ്റീവ് അർബൻ ബാങ്ക്. 2016 ലാണ് മങ്ങാട് സ്വദേശിനി ശാന്തമ്മ വീട് നിർമാണത്തിനായി കൊല്ലം കോർപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്ന് 11 ലക്ഷം വായ്പയെടുത്തത്. 2021- ൽ ഹൃദ്രോരോഗിയായ ശാന്തമ്മ കോവിഡ് ബാധിച്ച് മരിച്ചു. പിന്നീടങ്ങോട്ട് ലോണടവ് മുടങ്ങുകയായിരുന്നു.
തിരിച്ചടവ് മുടങ്ങിയതോടെ പലിശ കൂടി ഏകദേശം 25 ലക്ഷം രൂപ വരെ തിരിച്ചടവായി മാറി. ശാന്തമ്മയുടെ പെൺമക്കളായ സുബി,സൂര്യ എന്നിവർ വീട്ടു ജോലിക്ക് പോയാണ് കുടുംബം പോറ്റുന്നത്. വീട് വിറ്റ് പണം തിരിച്ചടയ്ക്കാമെന്ന് പറഞ്ഞിട്ടും, കോൺഗ്രസ് ഭരണ സമിതിക്ക് കീഴിലുള്ള ബാങ്ക് നടപടി സ്വീകരിക്കുകയായിരുന്നു. ഇതോടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പടെയുള്ളവർ വരാന്തയിലായി. ബാങ്ക് നടപടിയിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
ALSO READ: തിരുവാതുക്കൽ ഇരട്ടക്കൊല കേസ് പ്രതി പിടിയിൽ
നാളിതുവരെയായി 4 ലക്ഷം രൂപ മാത്രമാണ് തിരിച്ചടതെന്നാണ് ബാങ്കിൻ്റെ വിശദീകരണം. ഇക്കാരണത്താലാണ് വീട് അടച്ചുപൂട്ടി ബാങ്ക് നടപടി പൂർത്തിയാക്കിയത്. അതേ സമയം ബാങ്കിൻ്റെ നടപടിക്കെതിരെ കുടുംബത്തെ സഹായിക്കാൻ പ്രാദേശിക സിപിഐഎം നേതൃത്വം രംഗത്തെത്തി. നടപടിയിൽ ഇളവ് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനുള്ള നിയമ സഹായവും സിപിഐഎം നേതൃത്വം നൽകുമെന്ന് അറിയിച്ചു.