ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ദേശ വ്യാപക അംഗീകാരം ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു
പി.വി. അൻവറിൻ്റെ ആരോപണം പാർട്ടി സെക്രട്ടേറിയറ്റ് പരിശോധിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പരാതിയില്‍ പരാമര്‍ശിച്ചിരുന്ന മുന്‍ പത്തനംതിട്ട എസ്‌പി സുജിത് ദാസിനെ സർക്കാർ സസ്പെൻഡ് ചെയ്തു. പരാതിയില്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ ഭരണതലത്തിലെ ഉദ്യോഗസ്ഥരുടെ വീഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അതില്‍ ഭരണതലത്തിലുള്ള പരിശോധനയാണ് ഉണ്ടാകേണ്ടത് എന്നാണ് പാർട്ടി അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ആരോപണം വെറുതെ പറഞ്ഞാൽ പോരല്ലോ.കൃത്യമായി പറയണ്ടേ. ആര് പരാതി ഉന്നയിച്ചാലും ഗൗരവമായി പരിശോധിക്കുമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. അൻവർ പരാതി ഉന്നയിക്കേണ്ടിയിരുന്നത് ഇങ്ങനെയല്ല. പാർട്ടി അംഗമല്ലാത്തതിനാൽ സംഘടനാ കാര്യങ്ങൾ പഠിപ്പിക്കാൻ കഴിയില്ല. അൻവറിൻ്റെ പിന്നിൽ ആരുമില്ലെന്നും സെക്രട്ടറി കൂട്ടിച്ചേർത്തു.
അന്വേഷണ സംഘത്തില്‍ പൂർണ സംതൃപ്തിയുണ്ട്. കേസ് എഡിജിപിയല്ല അന്വേഷിക്കുന്നത്. അന്വേഷിക്കുന്നത് ഡിജിപി. എഡിജിപിയുടെ സീനിയറാണ് അന്വേഷിക്കുന്നത്. ഡിജിപിയേക്കാൾ ഉയർന്ന ഒരു ഉദ്യോഗസ്ഥൻ ഇല്ല. അദ്ദേഹം അടങ്ങുന്ന ടീമാണ് വിഷയം പരിശോധിക്കുന്നത്. മറ്റ് അംഗങ്ങൾ അന്വേഷണത്തിൽ ഡിജിപിയെ സഹായിക്കാനുള്ളവരാണ്. എഡിജിപിയെ മാറ്റിനിർത്തിയാലേ നിങ്ങൾക്ക് തൃപ്തിയാവൂ. ആ തൃപ്തിക്ക് താനില്ലെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഒരു മാസത്തിനുള്ളില്‍ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നല്‍കിയിരിക്കുന്ന നിർദേശം. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ പാർട്ടി തലത്തിൽ അന്വേഷിക്കേണ്ടതുണ്ടെങ്കിൽ ശക്തമായ പരിശോധന ഉണ്ടാകും. തെറ്റായ കാര്യങ്ങൾ ഉണ്ടെങ്കിൽ കർശന നടപടി പാർട്ടി തലത്തിൽ സ്വീകരിക്കും. സർക്കാരിനെയും പാർട്ടിയേയും എങ്ങനെ പ്രതിസന്ധിയിൽ ആക്കാമെന്ന ഗവേഷണത്തിലാണ് മാധ്യമങ്ങളും പ്രതിപക്ഷവും.
ALSO READ: "ബിജെപിയുടെ കുട മുഖ്യമന്ത്രിയുടെ തണൽ"; പൂരം കലക്കി പിണറായി വിജയനെന്ന് വി.ഡി. സതീശന്‍
പി.വി. അന്‍വറിന്‍റെ വിഷയത്തില്‍ മാധ്യമങ്ങളെയും എം.വി. ഗോവിന്ദന്‍ വിമർശിച്ചു. മുമ്പ് മാധ്യമങ്ങൾ അൻവറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഓർക്കുന്നത് നല്ലതാണ്. അൻവറിനെ ഏറ്റവും പിന്തിരിപ്പനായ രാഷ്ട്രീയക്കാരൻ എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. സാമൂഹ്യദ്രോഹി എന്ന നിലയ്ക്കാണ് പരിചയപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഇടതുപക്ഷത്തിന്‍റെ ഭാഗമായതുകൊണ്ടാണ് അൻവറിനെ മാധ്യമങ്ങള്‍ എതിർത്തത്. അൻവറിനെ എലിയോടാണ് ഉപമിച്ചത്. നിങ്ങളുടെ മോഹങ്ങൾ ഒന്നും നടക്കില്ലെന്ന് മാധ്യമങ്ങളും പ്രതിപക്ഷവും ഓർക്കണം. സിപിഎം ആണെങ്കിൽ എന്ത് തോന്നിവാസവും എഴുതാൻ ചില മാധ്യമങ്ങൾക്ക് ഒരു മടിയുമില്ലെന്നും പാർട്ടി സെക്രട്ടറി കൂട്ടിച്ചേർത്തു.
പൊലീസിനെ നേരിടുമെന്ന കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍റെ പ്രസ്താവനയെ എം.വി. ഗോവിന്ദന്‍ വിമർശിച്ചു. ഇടതുപക്ഷക്കാരായിരുന്നു ഇത് പറഞ്ഞിരുന്നതെങ്കിൽ എന്താകുമായിരുന്നു മാധ്യമ ചർച്ച. അക്രമ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ കോൺഗ്രസിന് കിട്ടിയ അവസരമാണിത്.
38,000 ബ്രാഞ്ച് സമ്മേളനങ്ങൾ ഈ കാലയളവിൽ നടക്കുകയാണ്. സംസ്ഥാന സെക്രട്ടറിയുടെ നാട്ടിൽ തന്നെ സമ്മേളനം അലങ്കോലപ്പെട്ടെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. പാർട്ടിയിലാകെ കുഴപ്പമാണെന്ന് കള്ളപ്രചാരണം നടക്കുന്നു. ഏതെങ്കിലും സമ്മേളനങ്ങൾ പ്രശ്നങ്ങൾ കൊണ്ട് നിർത്തി വെച്ചിട്ടുണ്ടാകും. എന്നാല്‍, സമ്മേളനങ്ങളെ അലങ്കോലപ്പെടുത്താമെന്ന് ധരിക്കേണ്ട. നിങ്ങളുടെ ഭാവനയിൽ എഴുതുന്ന കാര്യങ്ങൾ പാർട്ടിക്കാർക്കറിയാമെന്നും ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിൽ വരുന്നവരെ ഇപ്പോഴേ പ്രവചിച്ച ചില ആളുകളുണ്ട്. അത് അസാധ്യ കഴിവാണെന്നും സെക്രട്ടറി പറഞ്ഞു.
അതേസമയം, ഹേമാ കമ്മിറ്റി റിപ്പോർട്ടിന് ദേശ വ്യാപക അംഗീകാരം ലഭിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെ 12 ഓളം കേസുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്തു. ഇവ കൈകാര്യം ചെയ്യാന്‍ പുതിയ ബെഞ്ച് രൂപീകരിച്ച കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളെ അറിയിച്ചു.