വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്ന് ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
കഞ്ചാവ് പിടികൂടിയ കേസിൽ റാപ്പർ വേടനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗായകനെ അനുകൂലിച്ച് യാക്കോബായ സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. വേടന്റെ കറുപ്പിന്റെ രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയുമാണ് തന്റെ നിലപാടെന്ന് ഗീവർഗീസ് കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചു.
മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാടാണിത്. വേടൻ്റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാ വിപ്ലവം തുടരട്ടെയെന്നും മുൻ മെത്രോപ്പോലീത്ത ആശംസിച്ചു.
അതേസമയം, വേടന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. വേടൻ ഇവിടെ വേണമെന്ന് ഗായകൻ ഷഹബാസ് അമൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വ്യത്യസ്ഥമായൊരു കാര്യം പറയാനുണ്ട്. നാളെ വിശദമായി എഴുതുമെന്നും ഷഹബാസ് അറിയിച്ചു.
ഞാൻ വേടനൊപ്പമാണെന്ന് നടി ലാലി പറഞ്ഞു. വേടൻ ചെയ്തത് തല പോകുന്ന തെറ്റല്ലെന്നും ലാലി സോഷ്യൽ മീഡിയയിൽ കുറിച്ചു. ആരും സ്വീകരിക്കാത്ത പൊളിറ്റിക്കൽ സ്റ്റാൻഡാണ് വേടൻ്റേതെന്നും ആൾക്കാർക്ക് കുരു പൊട്ടുന്നത് സ്വാഭാവികമാണെന്നും ശ്രീലക്ഷ്മി അറക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണം. മൂർച്ചയേറിയ വാക്കുള്ള വേടന് തെറ്റു തിരുത്തി വരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലീല സന്തോഷ്. യുവജനത്തിന് തീയാണ് വേടനെന്നും ലീല സന്തോഷ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം വേടൻ്റേതാക്കി വേടന് പിന്തുണയുമായി രശ്മി നായരുമെത്തി.
ഗീവർഗീസ് കൂറിലോസിൻ്റെ ഫേസ്ബുക്ക് കുറിപ്പ്:
"മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അവയുടെ ശരീരഭാഗങ്ങൾക്കു പോലും ജാതിയുള്ള നാട്!
വേടന്റെ “കറുപ്പിന്റെ ” രാഷ്ട്രീയത്തോടൊപ്പവും ലഹരിക്കെതിരെയും എന്റെ നിലപാട്
വേടന്റെ “വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള ” കലാവിപ്ലവം തുടരട്ടെ"