പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികളെ കണ്ട് പി. ജയരാജൻ്റെ പ്രതികരണം
തടവറ കണ്ടാൽ സിപിഎം ഭയപ്പെടില്ലെന്ന് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ. പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തി കണ്ടതിന് ശേഷമായിരുന്നു പി. ജയരാജൻ്റെ പ്രതികരണം. 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തൻ്റെ പുസ്തകവും പി. ജയരാജൻ കുറ്റവാളികൾക്ക് കൈമാറി.
ALSO READ: പെരിയ ഇരട്ടക്കൊല: പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി, പി. ജയരാജൻ ജയിലിലെത്തി മടങ്ങി
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരമാണ്. ജയിൽജീവിതം കമ്മ്യൂണിസ്റ്റുകാർക്ക് വായിക്കാനുള്ള അവസരമാണ്. വായിച്ച് അവർ പ്രബുദ്ധരാകും. രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കണമെന്നാണ് സിപിഎമ്മിൻ്റെ കാഴ്ചപ്പാട്. കഴിഞ്ഞ എട്ടര വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് പൊതുവേ സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങളില്ലാത്ത സമാധാനാന്തരീക്ഷമാണ്. അത് നിലനിർത്തണം. പെരിയ കേസിലെ വിധി അന്തിമമല്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള അവസരം അവർക്കുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.
നേരത്തെ സിപിഎമ്മുകാർ കൊല്ലപ്പെട്ടപ്പോളൊന്നും മാധ്യമങ്ങൾ അത് ഏറ്റെടുത്തില്ല. സിപിഎമ്മുകാർ കൊല്ലപ്പെടേണ്ടവരാണെന്ന ധാരണയാണ്. പ്രതികൾക്ക് തൻ്റെ പുസ്തകം കൈമാറാൻ വന്നതാണെന്നും പെരിയ കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പി. ജയരാജൻ പൂർണ്ണ പിന്തുണ അറിയിച്ചു. അതേസമയം, ജയിലിന് പുറത്ത് മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ എത്തി. കുറ്റവാളികളെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചത്.
ALSO READ: 'കൊലപാതകിക്ക് കൈ കൊടുക്കരുത്, എന്തെന്നാല്‍ പാര്‍ട്ടി ഒരു കൊടി സുനിയല്ല': സിപിഎം വിമർശനവുമായി രിസാല
രഞ്ജിത്ത് , സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിലിലേക്ക് മാറ്റിയത്. ഒൻപത് പേർക്കും സിബിഐ കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കോടതി നിർദേശപ്രകാരമാണ് ജയിൽ മാറ്റം. ആറ് വർഷം നീണ്ട നിയമ യുദ്ധത്തിനൊടുവിലാണ് പെരിയ ഇരട്ട കൊലപാതകക്കേസിൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ 14 പ്രതികളെയാണ് കുറ്റക്കാരായി കൊച്ചി സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ ഒന്നു മുതൽ എട്ടു വരെയുള്ള പ്രതികൾക്കും, പത്തും, പതിനഞ്ചും പ്രതികൾക്കും ഇരട്ട ജീവപര്യന്തം വിധിച്ചു. ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ പ്രതികളുടെ ജാമ്യവും കോടതി റദ്ദാക്കി. 24 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.