ഇതുവരെ 8 കേസുകളാണ് പാതിവില തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തത്
പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്. അന്വേഷണം ഏറ്റെടുത്തതായി ക്രൈം ബ്രാഞ്ച് എസ്പി എംജി സോജന്‍ അറിയിച്ചു. ഒരോ കേസുകളും പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനം. കേസ് ഫയലുകള്‍ ആവശ്യപ്പെട്ടതായും എസ്പി അറിയിച്ചു.
പരാതിയില്‍ ആനന്ദ കുമാറിനും അനന്തുകൃഷ്ണനുമെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് ഫറോക്കിലാണ് പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്. കേരള ഗ്രാമ നിര്‍മാണ സമിതി സെക്രട്ടറി സുരേഷ് ബാബുവിന്റെ പരാതിയിലാണ് കേസെടുത്തത്.
6.32 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി. 918 ഗുണഭോക്താക്കള്‍ക്ക് സ്‌കൂട്ടര്‍ പകുതി വിലയില്‍ നല്‍കാമെന്നും ലാപ്‌ടോപ്പും മറ്റ് വീട്ടുപകരണങ്ങളും നല്‍കാമെന്നായിരുന്നു കരാര്‍. ഇതുവരെ 8 കേസുകളാണ് പാതിവില തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തത്.
പത്തനംതിട്ട ജില്ലയിലും പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുവല്ല, പെരുമ്പെട്ടി പൊലീസ് സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചത്. പരാതിയില്‍ ഇന്ന് കേസെടുക്കും.
ഇതിനിടയില്‍, മൊഴി വിവരങ്ങള്‍ പുറത്തു വന്നതോടെ മൊഴികള്‍ തിരുത്തണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഇരുന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന കാര്യം പ്രതി അറിയുന്നത്. ഇതോടെയാണ് ചില രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ മാറ്റണമെന്ന് പ്രതി പൊലീസിനോട് ആവശ്യപ്പെട്ടത്. പുറത്തിറങ്ങിയാല്‍ ജീവന്‍ നഷ്ടപ്പെടുമെന്നും പ്രതി പൊലീസിനോട് പറഞ്ഞു. മൊഴി തിരുത്താമോ എന്നും പ്രതി പൊലീസിനോട് ചോദിച്ചു. ഇന്നലെ കോടതിയില്‍ ഹാജരാക്കും മുമ്പായിരുന്നു പ്രതിയുടെ സഹായം ചോദിക്കല്‍.
ഇതിനിടയില്‍, തട്ടിപ്പില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ചിറ്റൂരിലെ ഓഫിസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി. തട്ടിപ്പുമായി ബന്ധപ്പെട്ട് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദള്‍ എസ് പ്രവര്‍ത്തകയുമായ പ്രീതി രാജനെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതിഷേധം. പാതിവിലയ്ക്ക് ഇരുചക്ര വാഹനം നല്‍കാമെന്ന് പറഞ്ഞാണ് നല്ലേപ്പിള്ളി പഞ്ചായത്തംഗവും ജനതാദള്‍ എസ് പ്രവര്‍ത്തകയുമായ പ്രീതി രാജനെതിരെ കേസെടുത്തത്. മന്ത്രിയുടെ ഓഫീസിന് തൊട്ടടുത്താണ് ജനതാദള്‍ എസ് മണ്ഡലം കമ്മിറ്റി ഓഫീസ്. ഇവിടെ വെച്ചാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതതെന്നാണ് പ്രധാന ആരോപണം. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ഓഫീസ് കേന്ദ്രീകരിച്ച് ഇടപാടുകള്‍ നടന്നിട്ടില്ലെന്നും വിഷയവുമായി ബന്ധമില്ലെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.