മകളെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മിഷേലിന്‍റെ മാതാപിതാക്കളുടെ ആരോപണം
കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം വീണ്ടും അന്വേഷിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. മരണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിശദമായി പരിശോധിക്കാനുള്ള ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മിഷേലിന്‍റെ പിതാവ് ഷാജിയുടെ ഹർജിയിലാണ് കോടതി ഉത്തരവ്. ജസ്റ്റിസ് വി.എസ്. സുധയാണ് ഹർജിയില്‍ വാദം കേട്ടത്.
മകളെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് മിഷേലിന്‍റെ മാതാപിതാക്കളുടെ ആരോപണം. കേസ് സിബിഐ ഏറ്റെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മിഷേലിന്‍റേത് മുങ്ങിമരണമാണെന്ന ക്രൈബ്രാഞ്ചിന്‍റെ കണ്ടെത്തലിനോട് യോജിച്ച കോടതി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജി തള്ളിക്കളയുകയായിരുന്നു.
Also Read: കപ്പയുടെ തൂക്കം കുറഞ്ഞതിന് മർദനം; കൊല്ലത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെതിരെ പരാതിയുമായി കച്ചവടക്കാരി
2017 മാർച്ച് ആറിനാണ് സിഎ വിദ്യാർഥിയായിരുന്ന മിഷേലിന്‍റെ മൃതദേഹം കൊച്ചി കായലില്‍ നിന്നും കണ്ടെടുക്കുന്നത്. സംഭവത്തിന് തലേദിവസം കലൂർ പള്ളിയില്‍ പ്രാർഥിച്ചതിനു ശേഷം മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈ ബ്രാഞ്ചും കൊലപാതകത്തിന്‍റെ സാധ്യതകള്‍ തള്ളിക്കളയുകയായിരുന്നു. മിഷേലിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് സുഹൃത്തായ പിറവം സ്വദേശി ക്രോണിന്‍ അലക്സാണ്ടർ ബേബിക്കെതിരെ കേസെടുത്തിരുന്നു.
Also Read: കൊല്ലത്ത് സ്കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയ സംഭവം; കാറോടിച്ച അജ്മല്‍ അറസ്റ്റില്‍
ക്രൈംബ്രാഞ്ച് വീണ്ടും നടത്തുന്ന അന്വേഷണത്തില്‍ മിഷേൽ ഷാജി ഏത് പാലത്തിൽ നിന്നാണ് കായലിലേക്ക് ചാടിയതെന്ന് വ്യക്തത വരുത്തും. ഗോശ്രീ രണ്ടാം പാലത്തില്‍ നിന്നുമാണ് ചാടിയതെന്ന് സാക്ഷി മൊഴിയുണ്ടെങ്കിലും ഇതിന് വ്യക്തതയില്ല. കൂടാതെ, ക്രോണിനിന്‍റെ മൊബൈൽ സന്ദേശങ്ങൾ വീണ്ടെടുക്കുമെന്നും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നു. മിഷേലിനെ കാണാതായ ദിവസം ക്രോണിന്‍ 60 മെസേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
പിറവം മുളക്കുളം വടക്കേക്കര പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ ഷാജി വര്‍ഗീസിന്‍റെയും സൈലമ്മയുടെയും മകളാണ് മിഷേല്‍ ഷാജി. എറണാകുളം കച്ചേരിപ്പടിയിലെ സെന്‍റ് തെരേസാസ് ഹോസ്റ്റലില്‍ താമസിച്ച് സിഎയ്ക്ക് പഠിക്കുകയായിരുന്നു മിഷേല്‍.