ലോക രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ് മാച്ചുകളിലെ മൊമൻ്റുകൾ, വൈറൽ മീം ട്രെൻഡുകൾ, എല്ലാം ഇന്ന് ജിബ്‌ലി ചിത്രങ്ങളായിരിക്കുകയാണ്
സോഫ്റ്റ് പേസ്റ്റൽ കളറുകളുപയോഗിച്ചുകൊണ്ടുള്ള, ജീവൻ തുളുമ്പുന്ന, ഒരു ഫാൻ്റസി ലോകത്തെന്ന പോലെ ഭംഗിയുള്ള കാർട്ടൂൺ ചിത്രങ്ങൾ... സോഷ്യൽ മീഡിയയിൽ ഇത്തരം ക്യൂട്ട് കാർട്ടൂൺ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെടാത്തവർ വിരളമായിരിക്കും. ഓപ്പൺ എഐ ചാറ്റ് ജിപിടി ഉപയോഗിച്ചുള്ള കാർട്ടൂൺ ചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയ. ജാപ്പാൻ അനിമേഷൻ സ്റ്റുഡിയോയായ ജിബ്‌ലിയുടെ സിനിമകളിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ചിത്രങ്ങളാണ് ഇവ. ചാറ്റ് ജിപിടിയുടെ ഏറ്റവും പുതിയ വേർഷനായ 4ഒ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്.
സ്വപ്നലോകത്തെന്ന പോലുള്ള കാർട്ടൂൺ ചിത്രങ്ങൾ നിർമിക്കാൻ ഇൻ്റർനെറ്റ് ലോകം തിരക്കുകൂട്ടുകയാണ്. ലോക രാഷ്ട്രീയത്തിലെ സുപ്രധാന സംഭവങ്ങൾ, ഫുട്ബോൾ, ക്രിക്കറ്റ് മാച്ചുകളിലെ മൊമൻ്റുകൾ, വൈറൽ മീം ട്രെൻഡുകൾ, എല്ലാം ഇന്ന് ജിബ്‌ലി ചിത്രങ്ങളായിരിക്കുകയാണ്. ചുരുക്കിപറഞ്ഞാൽ ഒരു ജിബ്‌ലി ലോകമായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ. ജിബ്ലി സ്റ്റുഡിയോ ആരാധകരെല്ലാം ട്രെൻഡ് ആഘോഷമാക്കുകയാണെന്ന് തന്നെ വേണം പറയാൻ.
എന്നാൽ ഇങ്ങനെ എഐ ഉപയോഗിച്ച് ജിബ്‌ലി ചിത്രങ്ങളുണ്ടാക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട, ഓർത്തിരിക്കേണ്ട ഒരു പേരുണ്ട്. ഹയാവോ മിയാസാക്കി. 1985ൽ സ്ഥാപിതമായ ജാപ്പാൻ അനിമേറ്ററി സ്റ്റുഡിയോ ജിബ്‌ലിയുടെ സ്ഥാപകരിലൊരാൾ. മാംഗ സീരിസിൻ്റെ വലിയ ആരാധകനായിരുന്ന മിയാസാക്കിക്ക്, അതുപോലൊരു അനിമേഷൻ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു.
ALSO READ: ആനന പാറ്റയെ! ഇൻ്റർനെറ്റ് ലോകം തിരയുന്നു, വൈറൽ തായ് ഗാനത്തിൻ്റെ അർഥമെന്ത്?
അങ്ങനെ 1985 ജൂൺ 15ന് സുസുക്കി തോഷിയോ, ഇസാവോ തകഹാറ്റ, മിയാസാക്കി എന്നിവർ ചേർന്ന് പ്രശസ്തമായ സ്റ്റുഡിയോ ജിബ്‌ലി സ്ഥാപിച്ചു. ആഴത്തിലുള്ള കഥപറച്ചിലും, കൈകൊണ്ട് വരച്ച ആനിമേഷനുമായിരുന്നു ജിബ്‌ലി സിനിമകളെ അസാധാരണ അനുഭവമാക്കി മാറ്റിയത്. ഓരോ കഥാപാത്രങ്ങൾക്കും അത്രയേറെ പ്രാധാന്യം നൽകുന്ന അനിമേഷനും ജിബ്‌ലിസിനിമകളെ അതിമനോഹരമാക്കി. നിങ്ങളൊരു അനിമെ ഫാനിനോട് ഏറ്റവുമിഷ്ടമുള്ള സിനിമയേതെന്ന് ചോദിച്ചാൽ അതിൽ ഒരു ജിബ്‌ലി സ്റ്റുഡിയോ ചിത്രമെങ്കിലും ഉണ്ടായിരിക്കുമെന്നതും തീർച്ചയാണ്. സ്പിരിറ്റെഡ് എവേയും, മൈ നൈബർ ടോടോറോയുമെല്ലാം കണ്ടവരാരും ജിബ്‌ലി സ്റ്റുഡിയോയെ മറക്കില്ല.
ഒരു കോണിൽ സോഷ്യൽ മീഡിയ യൂസേഴ്സ് ജിബ്‌ലി ചിത്രങ്ങൾ പങ്കുവെച്ച് സന്തോഷിക്കുമ്പോൾ, മറുകോണിൽ ഈ ട്രെൻഡിനെതിരെ വിമർശനവും ഉയരുന്നുണ്ട്. എന്തായിരിക്കും അതിന് കാരണം മനുഷ്യന് ചെയ്യാൻ കഴിയുന്നതെല്ലാം എളുപ്പത്തിൽ ചെയ്യുന്ന നിർമിത ബുദ്ധി, ലോകത്ത് ശക്തി പ്രാപിച്ചപ്പോൾ പലപ്പോഴായി ഉയർന്ന ആശങ്ക തന്നെയാണ് ഈ വിമർശനത്തിന് പിന്നിൽ. കലയും എഐയുടെ കൈകളിലെത്തിയിരിക്കുന്നു!
ജിബ്‌ലി സ്റ്റുഡിയോയുടെ തന്നെ 'ദി വിൻഡ് റെസൈസ്' എന്ന ചിത്രത്തിൽ ഒരു രംഗമുണ്ട്. 1923-ലെ ഗ്രേറ്റ് കാന്റോ ഭൂകമ്പത്തെ ചിത്രീകരിക്കുന്ന വളരെ ചെറിയ രംഗം. സ്വന്തം ജീവൻ രക്ഷിക്കാനായി തിരക്ക് കൂട്ടുന്ന ആളുകൾ. ആൾക്കൂട്ടത്തിൽ കുഞ്ഞിൻ്റെ കൈ ചേർത്ത് പിടിക്കാൻ പാടുപെടുന്ന അമ്മയേയും, പ്രായമായ സുഹൃത്തുക്കളെയും, സ്യൂട്ട്കേസുകൾ നിറച്ച ഒരു വണ്ടി തള്ളാൻ ശ്രമിക്കുന്ന മനുഷ്യനെയുമെല്ലാം കാണാം. വെറും നാല് സെക്കൻ്റ് മാത്രം നീണ്ടുനിൽക്കുന്ന ആ രംഗം പൂർത്തിയാക്കാൻ ഈജി യമോനാരി എന്ന കലാകാരൻ 1 വർഷവും 3 മാസവും സമയമെടുത്തു. ഓരോ ആളുകൾക്കും അത്രയധികം പ്രാധാന്യം നൽകിയായിരുന്നു ആ കലാകാരൻ ഈ ചിത്രം വരച്ചെടുത്തത്.
ALSO READ: ബന്ധങ്ങളിലെ ഓവർഷെയറിങ്ങ്! എന്താണ് ഫ്ലഡ്‌ലൈറ്റിങ്?
ഇതേ രംഗം എഐ ഉപയോഗിച്ച് നിർമിക്കുകയാണെങ്കിൽ എത്ര സമയമെടുത്തേക്കാം? 2 മണിക്കൂറിലധികം എടുക്കില്ലെന്ന് ഉറപ്പ്. എന്നാൽ കഥകൾക്കുള്ളിൽ കഥകളെ നിറച്ച്, ഒരു കലാകാരൻ സൃഷ്ടിച്ചെടുത്ത ആ സീൻ എഐ നിർമിച്ചാൽ അത്ര തന്നെ മനോഹരമായിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇത് തന്നെയാണ് എഐ ജിബ്‌ലി ചിത്രങ്ങൾക്ക് നേരെ ഉയരുന്ന പ്രധാന വിമർശനം.
വർഷങ്ങൾക്ക് മുൻപ്. 2016ൽ ജിബ്‌ലി സിനിമയുടെ ആദ്യ എഐ അനിമേറ്റഡ് ഡെമോ കാണ്ടപ്പോൾ മിയാസാക്കി പറഞ്ഞ വാക്കുകളും ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. "എനിക്ക് ഇത് കണ്ട് വെറുപ്പ് തോന്നുന്നു. ഇത്തരം ക്രീപി കാര്യങ്ങൾ നിർമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ ചെയ്തോളു. ഈ സാങ്കേതികവിദ്യ എന്റെ ജോലിയിൽ ഉൾപ്പെടുത്താൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇത് ജീവിതത്തിന് തന്നെ അപമാനമാണെന്ന് എനിക്ക് തോന്നുന്നു."- മിയാസാക്കിയുടെ വാക്കുകളാണിത്.
പുതിയ ടെക്‌നോളജിയെയും എഐയെയുമൊന്നും അംഗീകരിക്കാൻ കഴിയാത്ത 84കാരൻ്റെ വാക്കുകളായി വേണമെങ്കിൽ നമുക്കിതിനെ കാണാം. എന്നാൽ വർഷങ്ങളെടുത്ത് താൻ സൃഷ്ടിച്ച കലാ സാമ്രാജ്യം, ലോകത്തെവിടെ നിന്നും നിമിഷങ്ങൾക്കുള്ളിൽ നിർമിക്കാൻ കഴിയുമെന്നറിയുമ്പോൾ തകരുന്ന കലാകാരനെയും കാണാതെ പോകരുത്. ജിബ്‌ലി ചിത്രങ്ങളുടെ ആരാധകരും ട്രെൻഡിനെതിരെ വിമർശനവുമായി രംഗത്തെത്തി കഴിഞ്ഞു.
ഇൻ്റർനെറ്റിലെ ട്രെൻഡുകൾ വളരെ പെട്ടെന്ന് മാറി മറയും. ഇന്ന് ജിബ്‌ലിക്ക് പിന്നാലെ പോകുന്നവർ നാളെ മിയാസാക്കിയെ ഓർക്കില്ലായിരിക്കാം. എന്നാൽ അനിമെ ആരാധകർക്ക് ജിബ്‌ലി സ്റ്റുഡിയോയും ജിബ്ലി സിനിമകളിലെ കഥാപാത്രങ്ങളുമെല്ലാം അനശ്വരമാണ്.