പ്രധാനമായും ബെംഗളൂരുവില്‍ നിന്നാണ് നഗരത്തിലേക്ക് രാസ ലഹരിവസ്തുക്കള്‍ വില്‍പനയ്ക്കായി എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.
കോഴിക്കോട് ജില്ലയിലെ മയക്കുമരുന്ന് ലോബികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി ഡാന്‍സാഫ്. ജോലിതേടി ബെംഗളൂരുവില്‍ എത്തുന്ന യുവാക്കള്‍ ലഹരി മാഫിയയുടെ കെണിയില്‍പ്പെട്ട് ലഹരി കച്ചവടക്കാരായി, വന്‍തോതില്‍ മയക്കുമരുന്ന് നാട്ടിലേക്ക് എത്തിക്കുന്നതായാണ് എക്സൈസിന്റെ ഉള്‍പ്പെടെ കണ്ടെത്തല്‍.
പൊലീസ് പിടികൂടാതിരിക്കാന്‍ വ്യത്യസ്തമായ രീതികളാണ് ലഹരിമരുന്ന് കടത്തുകാര്‍ സ്വീകരിച്ചു വരുന്നത്. പ്രധാനമായും ബെംഗളൂരുവില്‍ നിന്നാണ് നഗരത്തിലേക്ക് രാസ ലഹരിവസ്തുക്കള്‍ വില്‍പനയ്ക്കായി എത്തിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ALSO READ: മത പണ്ഡിതന്മാർ മതം പറയുമ്പോൾ മറ്റുള്ളവർ ഇടപെടുന്നതെന്തിന്?; കാന്തപുരത്തെ പിന്തുണച്ച് പിഎംഎ സലാം
സ്വകാര്യ വാഹനങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്. വാഹനത്തിന്റെ ഉള്ളില്‍ സംശയം തോന്നാത്ത രീതിയിലുള്ള രഹസ്യ അറകള്‍ നിര്‍മിക്കുക, കാന്തം ഉപയോഗിച്ച് ലഹരിവസ്തുക്കള്‍ നിറച്ച ഇരുമ്പ് പെട്ടികള്‍ വാഹനത്തിന്റെ അടിയില്‍ ഘടിപ്പിക്കുക ഹെഡ്‌ലൈറ്റിന്റെ ഉള്ളില്‍ നിറയ്ക്കുക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളായ മിക്‌സി അയണ്‍ ബോക്‌സ് സ്പീക്കര്‍ എന്നിവക്കുള്ളില്‍ ക്യാമറ സ്റ്റാന്‍ഡ് ഉപയോഗിക്കുന്ന ട്രൈപോഡുകള്‍ക്കുള്ളില്‍ ടൂത്ത്‌പേസ്റ്റ് പൗഡര്‍ പാല്‍പ്പൊടി ലേസ് പോലെയുള്ള വസ്തുക്കളുടെ പാക്കറ്റുകള്‍ എന്നിവയിലൊക്കെ നിറച്ച് അതിവിദഗ്ധമായി കടത്തുന്നത് സജീവമാണ്.
ഇത് കൂടാതെ ശരീരത്തില്‍ തന്നെ മലദ്വാരത്തില്‍ ഒളിപ്പിച്ചും കക്ഷത്തില്‍ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചു നിര്‍ത്തിയും ലഹരി കടത്ത് നടക്കുന്നതായി പൊലീസും, എക്‌സൈസും കണ്ടെത്തിയിട്ടുണ്ട്. ഇതിനാല്‍ ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് വരുന്ന ബസ്സുകള്‍, സ്വകാര്യ വാഹനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേക്ഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് ഡാന്‍സഫ് സംഘം. 2025 ജനുവരി മാസത്തില്‍ നാല് കോമേഴ്‌സ്യല്‍ ക്വാണ്ടിറ്റി കേസുകളിലായി 546.42 ഗ്രാം എംഡിഎംഎയും, 56.66 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കോഴിക്കോട് സിറ്റി ഡാന്‍സാഫ് സംഘം പിടികൂടി.
നവംബര്‍ ഡിസംബര്‍ മാസങ്ങളിലായി ഡാന്‍സ് സംഘം ആകെ പിടിച്ചെടുത്തത് 123 കിലോഗ്രാം കഞ്ചാവ്, 3.5 കിലോഗ്രാം എംഡിഎംഎ , 133 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 863 ഗ്രാം ഹാഷിഷ് ഓയില്‍, 146 എല്‍ എസ്ഡി സ്റ്റാമ്പുകള്‍, 6 ഗ്രാം എക്സ്റ്റസി ടാബ്ലറ്റുകള്‍ 100 ഈ സിഗരറ്റുകള്‍ എന്നിവയാണ്. കഴിഞ്ഞ ദിവസം കാരന്തൂരിലെ ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ 221.89 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടിയിരുന്നു. കാസര്‍കോഡ് മഞ്ചേശ്വരം സ്വദേശി ഇബ്രാഹിം മുസമില്‍ (27) കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി അഭിനവ് പി. എന്‍ (24) എന്നിവരെയാണ് നര്‍കോട്ടിക്‌സ് സംഘം പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് എംഡിഎംഎ എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യ കണ്ണികളില്‍പ്പെട്ടവരാണ് ഇരുവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.