ഫ്രാന്‍സ്, ജര്‍മ്മനി, കൊളംബിയ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും MDMA, കൊക്കെയ്ന്‍ തുടങ്ങിയ രാസലഹരികള്‍ രാജ്യത്തെത്തുന്നത്.
സംസ്ഥാനത്തേക്ക് ഒഴുകിയെത്തുന്ന രാസലഹരിയുടെ ചെറുതല്ലാത്ത ഒരു പങ്കിന്റെ വ്യാപാരം ഡാര്‍ക്ക് വെബിലൂടെയാണ്. ഡാര്‍ക്ക് വെബ് ഇടപാടിന് പിന്നാലെ ഇന്റര്‍നാഷണല്‍ തപാല്‍ വഴി എത്തുന്ന ലഹരിവരവ് തടയുന്നത് സംസ്ഥാന പൊലീസിന് തലവേദനയാവുകയാണ്. ഇത്തരത്തില്‍ ലഹരി കടത്താന്‍ ഡാര്‍ക്ക് വെബ് ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കോടികളുടെ ലഹരി മരുന്നാണ് ഇത്തരത്തില്‍ ഇന്‍ര്‍നാഷണല്‍ തപാല്‍ വഴി മാസംതോറും എത്തുന്നത്.
ഫ്രാന്‍സ്, ജര്‍മ്മനി, കൊളംബിയ, തായ്‌ലാന്റ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും MDMA, കൊക്കെയ്ന്‍ തുടങ്ങിയ രാസലഹരികള്‍ രാജ്യത്തെത്തുന്നത്. ഹൈബ്രിഡ് കഞ്ചാവിന്റേയും വരവ് വിദേശത്തു നിന്ന്. ഇതര സംസ്ഥാനങ്ങളില്‍ എത്തിച്ച് റോഡ് മാര്‍ഗമാണ് ലഹരി കേരളത്തിലേക്ക് കൂടുതലും എത്തുന്നത്. എന്നാല്‍ ലഹരിവ്യാപാരികളില്‍ നിന്ന് ഡാര്‍ക്ക് വെബ്ബിലൂടെ നേരിട്ട് ഇടപാട് നടത്തി ഇന്റര്‍നാഷണല്‍ തപാല്‍ വഴി ലഹരിയെത്തുന്നത് കൂടി വരികയാണെന്ന് പൊലീസും എക്‌സൈസും പറയുന്നു. ഷോപ്പിംഗ് സൈറ്റുകള്‍ പോലുള്ള ആയിരക്കണക്കിന് ലഹരി വില്‍പന സൈറ്റുകളാണ് ഡാര്‍ക്ക് വെബ്ബില്‍ ഉള്ളത്. ഏത് തരം ലഹരിവസ്തുക്കളും വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്താം.
ALSO READ: കൊല്ലത്തെ അരുംകൊല: പിന്നിൽ കൃത്യമായ ആസൂത്രണം, പ്രതിയുടെ സുഹൃത്തും സംശയനിഴലിൽ
കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ഒരിക്കലും ഈ ലഹരി ഉറവിടത്തിന്റെ അടുത്തേക്ക് പോലുമെത്തില്ല എന്ന ഉറപ്പ് ഇക്കൂട്ടര്‍ക്കുണ്ട്. ഡാര്‍ബ് വെബിലെ ഇടപാടുകള്‍ ബിറ്റ്‌കോയിന്‍ വഴിയാണെന്നതിനാല്‍ അതിന്റെ പിന്നാമ്പുറം കണ്ടെത്തുക എളുപ്പമല്ല. സൂക്ഷ്മമായ സാങ്കേതികവിദ്യയും പരിജ്ഞാനവും ഉപയോഗപ്പെടുത്തി പ്രത്യേക കോഡ് ഭാഷ ഉപയോഗിച്ചാണ് ഈ ഇടപാടുകള്‍.
ഗൂഗിള്‍ പോലെ സേര്‍ച് എന്‍ജിനുകള്‍ ഉപയോഗിച്ച് ഈ വെബ്‌സൈറ്റുകള്‍ അക്‌സസ് ചെയ്യാന്‍ കഴിയില്ല. ഉപയോഗിക്കുന്ന കംപ്യൂട്ടറുകളെ തിരിച്ചറിയാന്‍ കഴിയാത്ത തോര്‍ അടക്കം ബ്രൗസറുകള്‍ ഉപയോഗിച്ചാണ് ഈ വെബ് നിയന്ത്രിക്കുന്നത്. നൂതനസാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങളെ തടയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സമയവും സ്വാതന്ത്ര്യവും നല്‍കണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
കഴിഞ്ഞ 2 മാസത്തിനിടെ കോടികണക്കിന് രൂപയുടെ ലഹരി മരുന്നാണ് കൊച്ചിയില്‍ ഇന്റര്‍നാഷണല്‍ പോസ്റ്റ് ഓഫീസില്‍ കസ്റ്റംസും, എക്‌സൈസുമെല്ലാം ചേര്‍ന്ന് പിടികൂടിയത്. 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിടികൂടാനായത് വെറും രണ്ട് പ്രതികളെ മാത്രമാണ്.