കേസിൽ നടിയുടെ വളർത്തച്ഛനും ഡിപിജി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെയും സംഘം ചോദ്യം ചെയ്തിട്ടുണ്ട്
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നട നടി രന്യ റാവുവിനെതിരെയുള്ള അന്വേഷണം ഊർജിതമാക്കി അന്വേഷണ സംഘം. നടി തുടർച്ചയായി നടത്തിയ അന്താരാഷ്ട്ര യാത്രകൾ, സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ, ഹവാല ശൃംഖലയുമായുള്ള ബന്ധം എന്നിവ അന്വേഷണ സംഘം പരിശോധിക്കും. കേസിൽ നടിയുടെ വളർത്തച്ഛനും ഡിപിജി റാങ്കിലുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ രാമചന്ദ്ര റാവുവിനെയും സംഘം ചോദ്യം ചെയ്തിട്ടുണ്ട്.
കർണാടക പൊലീസ് ഹൗസിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ മാനേജിങ് ഡയറക്ടറായ രാമചന്ദ്ര റാവു നിലവിൽ നിര്‍ബന്ധിത അവധിയിലാണ്. സ്വര്‍ണക്കടത്തില്‍ രാമചന്ദ്ര റാവുവിന്റെ പങ്ക് അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കര്‍ണാടക സര്‍ക്കാരിന്റെ നടപടി. പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവ്.
അടിക്കടി വിദേശയാത്ര ചെയ്യുന്ന രന്യ അധികൃതരുടെ നിരീക്ഷണവലയത്തിലായിരുന്നു. 15 ദിവസത്തിനിടെ നാല് തവണ ദുബായ് യാത്ര നടത്തിയതോടെയാണ് അധികൃതരുടെ സംശയം വര്‍ധിച്ചത്. തുടര്‍ന്നാണ് ദുബായിയില്‍ നിന്ന് തിരിച്ചെത്തിയ രന്യയെ മാര്‍ച്ച് രണ്ടിന് ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തത്.
അറസ്റ്റിലാകുമ്പോള്‍ 12.56 കോടി രൂപ വില വരുന്ന സ്വർണമാണ് രന്യയിൽ നിന്ന് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. 17 സ്വര്‍ണക്കട്ടികളാണ് നടിയുടെ കൈയിലുണ്ടായിരുന്നത്. ലാവല്ലെ റോഡിലെ അപ്പാർട്ട്മെൻ്റിൽ നിന്ന് 4.7 കോടിയുടെ സ്വർണവും, പണവും പിടിച്ചെടുത്തിരുന്നു. ആകെ 17.26 കോടി രൂപയുടെ മൂല്യമാണ് ഉദ്യോഗസ്ഥര്‍ കണക്കാക്കിയത്. അതേസമയം നടിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യദ്നൽ പൊലീസ് കേസെടുത്തു.