വിദ്യാര്‍ഥികള്‍ക്ക് എന്ത് സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നതെന്ന് സുപ്രീം കോടതി
സുപ്രീം കോടതി
കോച്ചിംഗ് സെന്ററുകള്‍ മരണ മുറികളായി മാറിയെന്ന് സുപ്രീംകോടതി. വിദ്യാര്‍ഥികളുടെ ജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു. ഡല്‍ഹി കോച്ചിംഗ് സെന്ററില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തിലാണ് കോടതിയുടെ വിമര്‍ശനം. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനും നോട്ടീസ് അയച്ചു.
സുരക്ഷിതത്വവും മാന്യമായ ജീവിതത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളും പൂര്‍ണമായി പാലിച്ചില്ലെങ്കില്‍ കോച്ചിംഗ് കേന്ദ്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചാല്‍ മതി. വിദ്യാര്‍ഥികളുടെ ജീവിതംവെച്ച് കളിക്കരുതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഇതുവരെ എന്തൊക്കെ സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ചുവെന്ന് കാണിക്കാന്‍ കേന്ദ്രത്തിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു.
നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന സര്‍ക്കാരിനോടും ഡല്‍ഹി മുനിസിപ്പാലിറ്റിയോടും (എംസിഡി) നിര്‍ദ്ദേശിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കോച്ചിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സമര്‍പ്പിച്ച സമാനമായ മറ്റൊരു ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
Also Read:
ഷിരൂരിലെ തിരച്ചില്‍ ദൗത്യം തുടരണം; കര്‍ണാടക സര്‍ക്കാരിന് നിർദേശവുമായി ഹൈക്കോടതി
ഡല്‍ഹി കരോള്‍ബാഗിലുണ്ടായ കനത്ത മഴയിലാണ് സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. റാവൂസ് ഐഎഎസ് സ്റ്റഡി സര്‍ക്കിളിനുള്ളിലെ ബേസ്‌മെന്റിലാണ് വെള്ളം കയറിയത്. മലയാളി വിദ്യാര്‍ഥിയായ നെവിന്‍ ഡാല്‍വിന്‍ അടക്കം മൂന്ന് വിദ്യാര്‍ഥികളാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തില്‍ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രത്യേക സമിതി രൂപീകരിച്ചിരുന്നു.
ശക്തമായ മഴയില്‍ റോഡിലൂടെ ഒലിച്ചെത്തിയ വെള്ളം കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മുപ്പതോളം വിദ്യാര്‍ഥികള്‍ ഈ സമയം ലൈബ്രറിക്കുള്ളില്‍ ഉണ്ടായിരുന്നു.