പേര്, ഇമെയിൽ ഐഡി, മൊബെെൽ നമ്പർ, സ്വീകരിച്ച ചികിത്സ, പാൻ കാർഡ് നമ്പർ എന്നിവയെല്ലാമാണ് ചോർന്നത്
ഡൽഹി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ രോഗികളുടെ വ്യക്തി വിവരങ്ങൾ വിൽപ്പനയ്ക്ക്. ഏഷ്യയിലെ ഏറ്റവും വലിയ കാൻസർ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നായ ആർജിസിഐആർസിൽ 57,77,478 പേരാണ് ഇത് വരെ വിവിധ രോഗങ്ങൾക്കായി ചികിത്സ തേടിയത്. ഇതിൽ 25 ലക്ഷം രോഗികളുടെ വിവരങ്ങളാണ് ഡാർക്ക് വെബിൽ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.
ഇതുപോലെ ലക്ഷകണക്കിന് പേരുടെ വിവരങ്ങളാണ് ഡാർക്ക് വെബിൽ ലഭ്യമായിരിക്കുന്നത്. പേര്, ഇമെയിൽ ഐഡി, മൊബെെൽ നമ്പർ, സ്വീകരിച്ച ചികിത്സ, പാൻ കാർഡ് നമ്പർ എന്നിവയെല്ലാമാണ് ചോർന്നത്. 25,000 രൂപയാണ് വിൽപ്പന തുകയായി നിശ്ചയിച്ചിരിക്കുന്നത്. വിഷയം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ആശുപത്രിയുടെ അപ്പോയിൻമെന്റ് സേവനങ്ങൾ മരവിപ്പിച്ചു. പ്രശ്നം പരിഹരിച്ച് സൈറ്റ് വീണ്ടും പ്രവർത്തനമാരംഭിച്ചെങ്കിലും വിവരങ്ങൾ ഇപ്പോഴും സുരക്ഷിതമല്ല. സെക്യൂരിറ്റി റിസർച്ചറായ എഡ്വിൻ ഷാജൻ ആണ് വിവരങ്ങൾ ഡാർക്ക് വെബിൽ വിൽപ്പനയ്ക്കുള്ളതും ആശുപത്രി വെബ്സൈറ്റിൻ്റെ അപകടാവസ്ഥയും കണ്ടെത്തിയത്.
ഫെബ്രുവരി ഏഴ് മുതലാണ് ഈ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ ലഭ്യമായത്. ഏതാനും ദിവസങ്ങൾക്കു ശേഷം അത് അപ്രത്യക്ഷമായി. സൈബർ ആക്രമണങ്ങളെ ചെറുക്കാൻ സാധിക്കുന്ന രീതിയിൽ അല്ല വെബ്‍സൈറ്റ് ക്രമീകരിച്ചിട്ടുള്ളത്. അതിനാൽ തന്നെ 57 ലക്ഷം പേരുടെയും ഡാറ്റ ചോർന്നു എന്നുള്ളത് നിസംശയം പറയാം. മലയാളികൾ മുതൽ നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളിലുള്ളവരുടെ വിവരങ്ങളും ചോർന്നു.
രാജ്യത്ത് ഡാറ്റ ചോർച്ച നിത്യ സംഭവമാകുകയാണ്. സാമ്പത്തിക തട്ടിപ്പുകൾക്ക് അടക്കം ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നു. വ്യക്തി വിവരങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് ഒരു പൗരൻ്റെ മൗലികാവകാശമാണെന്നിരിക്കെ അധികൃതരുടെ ഇടപെടൽ കൂടിയേ തീരു.