ഡിസേബിലിറ്റി സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും അപേക്ഷിക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നശേഷി നിയമത്തിലെ 17, 18 വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്
പൂജാ ഖേഡ്കർ വ്യാജ രേഖാകേസിന്‍റെ പശ്ചാത്തലത്തില്‍ ഭിന്നശേഷി നിയമങ്ങളില്‍ ഭേദഗതി വരുത്തിയ നീക്കത്തെ എതിർത്ത് ഭിന്നശേഷി അവകാശ സംഘടനകള്‍. ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനും അപേക്ഷിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ കർശനമാക്കിയ ഭേദഗതി, പിന്‍വലിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഭിന്നശേഷി അവകാശനിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഗസറ്റ് പ്രഖ്യാപനമുണ്ടായ ഒക്ടോബർ 22 മുതല്‍ മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധത്തിലാണ്. വ്യാജസർട്ടിഫിക്കറ്റുകള്‍ തടയുന്നതിനെന്ന് അവകാശപ്പെട്ട് അവതരിപ്പിച്ച ഭേദഗതികള്‍ സത്യസന്ധരായ അപേക്ഷകരെക്കൂടി ബുദ്ധിമുട്ടിക്കും എന്നാണ് സംഘടനകളുടെ പരാതി.
ഡിസേബിലിറ്റി സർട്ടിഫിക്കറ്റുകളും ഐഡി കാർഡുകളും അപേക്ഷിക്കുന്നതും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭിന്നശേഷി നിയമത്തിലെ 17, 18 വകുപ്പുകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. ഇതുപ്രകാരം, ഇനി ഭിന്നശേഷി സർട്ടിഫിക്കറ്റുകള്‍ക്കും ഐഡി കാർഡുകള്‍ക്കും യുഡിഐഡി പോർട്ടലിലൂടെ മാത്രമേ അപേക്ഷ സമർപ്പിക്കാനാകൂ. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനാണ് ഈ മാറ്റമെന്ന് സർക്കാർ വാദിക്കുന്നു. എന്നാല്‍ രാജ്യത്ത് എല്ലാവർക്കും ഡിജിറ്റല്‍ മാർഗം അപേക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന ധാരണ തെറ്റാണെന്ന് നാഷണൽ പ്ലാറ്റ്ഫോം ഫോർ ദി റൈറ്സ് ഓഫ് ദി ഡിസേബിൾഡ് അടക്കമുള്ള സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, ആധാർ നമ്പറും താമസരേഖയും സമീപകാലത്തെ രണ്ട് ഫോട്ടോകളും തിരിച്ചറിയലിനായി സമർപ്പിക്കേണ്ടിയിരുന്നിടത്ത്, ഭേദഗതി പ്രകാരം, ആറ് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ഫോട്ടോകളും ആധാർകാർഡും മറ്റൊരു തിരിച്ചറിയല്‍ കാർഡുമാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. കിടപ്പുരോഗികളായ ഭിന്നശേഷിക്കാർക്ക് ഉള്‍പ്പടെ ഇത്തരം അധികരേഖകളുടെ ഭാരം ബുദ്ധിമുട്ടാകും.
ഭേദഗതി അപേക്ഷാപ്രക്രിയയിലുണ്ടാക്കുന്ന മറ്റൊരു പ്രധാന പ്രശ്നം, മെഡിക്കല്‍ സർട്ടിഫിക്കറ്റ് നേടുകയാണ്. പുതിയ മാനദണ്ഡമനുസരിച്ച് അപേക്ഷകന്‍ താമസിക്കുന്ന ജില്ലയിലെ അംഗീകൃത മെഡിക്കല്‍ ബോർഡുകള്‍ക്ക് മാത്രമേ സർട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ അംഗീകാരമുണ്ടാകൂ. ഇത് ഭിന്നശേഷിക്കാർക്കുവേണ്ടി പ്രത്യേകമായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരുടെ സേവനം സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കും. അതുമാത്രല്ല, 2 വർഷത്തിനകം മെഡിക്കല്‍ ബോർഡ് സർട്ടിഫിക്കറ്റ് അനുവദിച്ചില്ലെങ്കില്‍ അപേക്ഷ തന്നെ അസാധുവാകും.
ഇത്രയും കടമ്പകള്‍ കഴിഞ്ഞ് അപേക്ഷ സ്വീകരിക്കപ്പെട്ടാലും പ്രശ്നം അവസാനിക്കില്ല. സർട്ടിഫിക്കറ്റുകളും കാർഡുകളും അനുവദിക്കുന്ന 18ാം വകുപ്പിലെ ഭേദഗതി പ്രകാരം, ഇനി മൂന്ന് മാസം വരെ കാത്തിരുന്നാലേ ഭിന്നശേഷി രേഖകള്‍ ലഭ്യമാകൂ. നേരത്തെ അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ ഒരു മാസത്തിനകം അനുവദിച്ചിരുന്ന രേഖകളുടെ കാലാവധിയാണ് ഇത്രയും നീട്ടിയത്. പരിശോധനകള്‍ക്ക് കൂടുതല്‍ സമയം വേണമെന്ന ആരോഗ്യവിദഗ്ധരുടെ ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ന്യായം. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കോ സംവരണാനുകൂല്യങ്ങൾക്കോ വേണ്ടി അടിയന്തിരമായി സർട്ടിഫിക്കറ്റ് ആവശ്യമായി വരുന്ന സന്ദർഭങ്ങളെ ഈ തീരുമാനമെങ്ങനെ ബാധിക്കുമെന്നതില്‍ പക്ഷേ, വിശദീകരണമില്ല.
ALSO READ: സംസാര, ഭാഷാ വൈകല്യങ്ങൾ എംബിബിഎസ് പ്രവേശനത്തിന് തടസമാകില്ല: സുപ്രീം കോടതി
വ്യാജരേഖകള്‍ തടയുന്നതില്‍ സർക്കാർ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തം അപേക്ഷകരുടെ തലയില്‍ വയ്ക്കുന്നതാണ് ഭേദഗതികളെന്നാണ് അവകാശ സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും വിമർശനം. പൂജ ഖേഡ്കർ കേസിൻ്റെ പശ്ചാത്തലത്തിൽ പുറത്തുവന്ന ഉദ്യോഗസ്ഥതലത്തിലെ വലിയ സുതാര്യതാപ്രശ്നത്തെ പരിഹരിക്കാന്‍ ശ്രമിക്കാതെ, വ്യാജരേഖകള്‍ ചമയ്ക്കുന്നത് ഭിന്നശേഷിക്കാരാണെന്ന് സ്ഥാപിക്കുന്ന ഭേദഗതി അംഗീകരിക്കാനാകില്ലെന്നും ഭിന്നശേഷി അവകാശസംഘടനകള്‍ വ്യക്തമാക്കുന്നു.