സെലന്‍സ്കിയുടെ പ്രസിഡന്റ് കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയെ കഴിഞ്ഞദിവസം വിളിച്ചത് 'സ്വേച്ഛാധിപതി' എന്നായിരുന്നു. തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരുന്ന ഏകാധിപതിയായാണ് സെലന്‍സ്കിയെ ട്രംപ് വിശേഷിപ്പിച്ചത്. ട്രംപിന്റെ വാക്കുകള്‍ക്ക് യുകെയില്‍ നിന്നായിരുന്നു ആദ്യ മറുപടി. 'ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയെ' ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചത് യുകെ പ്രധാനമന്ത്രി കെയ്‌ര്‍ സ്റ്റാര്‍മര്‍ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധ കാലത്ത് യുകെ ചെയ്തതുപോലെ, യുദ്ധസമയത്ത് തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുന്നത് ന്യായമായ കാര്യമാണെന്നും യുകെ സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ട് നേതാക്കളും സെലന്‍സ്കിയെ അഭിസംബോധന ചെയ്തത് രണ്ട് തരത്തിലാണ്. ട്രംപ് പറയുംപോല സെലന്‍സ്കി 'സ്വേച്ഛാധിപതി' ആണോ? എന്തുകൊണ്ടാണ് യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത്?
കോമേഡിയനില്‍നിന്ന് രാഷ്ട്രപതിയിലേക്ക്
പഠനം കഴിഞ്ഞ് സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായും, സിനിമയില്‍ ഹാസ്യനടനായും തിളങ്ങിനിന്ന കാലത്തായിരുന്നു സെലന്‍സ്കിയുടെ രാഷ്ട്രീയ പ്രവേശം. 2018ല്‍ സെലന്‍സ്കിയുടെ പ്രൊഡക്ഷന്‍ കമ്പനി സെര്‍വന്റ് ഓഫ് ദി പീപ്പിള്‍ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തു. സെലന്‍സ്കി ടെലിവിഷനില്‍ അവതരിപ്പിച്ചിരുന്ന കോമഡി പരിപാടിയുടെ പേരായിരുന്നു സെര്‍വന്റ് ഓഫ് ദി പീപ്പിള്‍. അപ്പോഴും രാഷ്ട്രീയ പ്രവേശനം ഉടനുണ്ടാകില്ലെന്ന് സെലന്‍സ്കി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും, 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സെലന്‍സ്കി മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്ക് കുറവില്ലായിരുന്നു. അഭിപ്രായ സര്‍വേകളില്‍ മറ്റാരേക്കാളും ബഹുദൂരം മുന്നിലായിരുന്നു സെലന്‍സ്കി. എല്ലാത്തിനുമൊടുവില്‍, തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനില്‍ക്കെ, 2018 ഡിസംബര്‍ 31നായിരുന്നു സെലന്‍സ്കി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പ്രസിഡന്റായിരുന്ന പെട്രോ പൊറോഷെങ്കോ പുതുവത്സരത്തലേന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച അതേ ന്യൂസ് ചാനലിലൂടെ തന്നെയായിരുന്നു സെലന്‍സ്കിയുടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം. അതെല്ലാം യാദൃച്ഛികമായിരുന്നെന്ന് സെലന്‍സ്കി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
ALSO READ: 'സെലന്‍സ്കി സ്വേച്ഛാധിപതി, മാറിയില്ലെങ്കില്‍ രാജ്യം തന്നെ നഷ്ടമാകും'; ഭീഷണിയുമായി ട്രംപ്
പൊറോഷെങ്കോയെ പോലെയായിരുന്നില്ല സെലന്‍സ്കിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. വിശദമായൊരു നയരേഖയോ, മാധ്യമങ്ങളില്‍ സ്ഥിരം പ്രത്യക്ഷപ്പെടലോ ഉണ്ടായിരുന്നില്ല. പകരം, സമൂഹമാധ്യങ്ങളിലൂടെയും യുട്യൂബ് വീഡിയോ ക്ലിപ്പുകളിലൂടെയുമായിരുന്നു സെലന്‍സ്കി ജനങ്ങളോട് സംവദിച്ചത്. പരമ്പരാഗത പ്രചാരണ റാലികള്‍ ഒഴിവാക്കിയ സെലന്‍സ്കി രാജ്യമെങ്ങും സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടികള്‍ സംഘടിപ്പിച്ചു. സെലന്‍സ്കി മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്നു എന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുകയോ അവരില്‍നിന്ന് ഓടിയൊളിക്കുകയോ അല്ലെന്നായിരുന്നു സെലന്‍സ്കിയുടെ പ്രതികരണം. രാഷ്ട്രീയ വക്താക്കളുടെ പി.ആര്‍ വര്‍ക്ക് മാത്രമായ ടോക്ക് ഷോകളില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ല. അഭിമുഖത്തിനായുള്ള എല്ലാ അഭ്യര്‍ഥനകളെയും തൃപ്തിപ്പെടുത്താനാവില്ലെന്നും അദ്ദേഹം മറുപടി നല്‍കി. വ്യവസ്ഥാപിത നയങ്ങളെയും ചിട്ടകളെയും എതിര്‍ത്തും, അഴിമതിക്കെതിരെ നിലപാടെടുത്തും ജനങ്ങളിലേക്കടുത്തു.
രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം പുനസ്ഥാപിക്കണം, പ്രൊഫഷണലുകളെയും മികച്ച പൊതുപ്രവര്‍ത്തകരെയും അധികാരത്തിലെത്തിച്ച് ഭരണ സംവിധാനങ്ങളെ ഒന്നാകെ മാറ്റണം എന്നിങ്ങനെ ആശയങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട സെലന്‍സ്കിയെ യുക്രെയ്ന്‍ ജനത ചേര്‍ത്തുപിടിച്ചു. ആദ്യ റൗണ്ടില്‍ സെലന്‍സ്കി 30.24 ശതമാനം വോട്ടുകള്‍ നേടി. 15.95 ശതമാനം വോട്ടുകളുമായി പൊറോഷെങ്കോ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. രണ്ടാം റൗണ്ടില്‍ സെലന്‍സ്കി 73.22 ശതമാനം വോട്ടുകളും പൊറോഷെങ്കോ 24.45 ശതമാനം വോട്ടുകളുമാണ് നേടിയത്. റഷ്യന്‍ അനുകൂലിയെന്ന് പൊതുവെ അറിയപ്പെട്ട പൊറോഷെങ്കോയെ യുക്രെയ്ന്‍ ജനത തള്ളി. ചരിത്രത്തിലെ ഏറ്റവും വലിയ ജയം സ്വന്തമാക്കി സെലന്‍സ്കി അധികാരത്തിലേറുകയും ചെയ്തു. ട്രംപ് പറയുംപോലെ സെലന്‍സ്കി ഒരു ഏകാധിപതിയൊന്നും അല്ലെന്ന് സാരം. ജനങ്ങള്‍ ഇഷ്ടപ്പെട്ട് തെരഞ്ഞെടുത്ത് നേതാവായാണ് സെലന്‍സ്കി യുക്രെയ്ന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞത്.
യുദ്ധവും തെരഞ്ഞെടുപ്പും
സെലന്‍സ്കിയുടെ പ്രസിഡന്റ് കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതാണ്. എന്നാല്‍, റഷ്യന്‍ അധിനിവേശത്തിനു പിന്നാലെയുണ്ടായ യുദ്ധ സാഹചര്യത്തില്‍ രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിനാല്‍ തെരഞ്ഞെടുപ്പ് നടന്നില്ല. സെലന്‍സ്കി അധികാരത്തില്‍ തുടര്‍ന്നു. യുക്രെയ്ന്‍ ഭരണഘടനയും നിയമവും അനുസരിച്ച്, സൈനിക നിയമം നിലനില്‍ക്കെ തെരഞ്ഞെടുപ്പ് നടത്താനാവില്ല. അധികാരികള്‍ക്ക് അവരുടെ അധികാരം നിയമപരമായി വിനിയോഗിക്കുന്നത് തുടരാമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. രാഷ്ട്രീയ പാർട്ടികൾ, സിവിൽ സൊസൈറ്റി സംഘടനകൾ, മാധ്യമങ്ങള്‍ എന്നിവയുടെ സ്വതന്ത്ര പ്രവർത്തനം, തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് പാർലമെന്ററി സമവായം എന്നിങ്ങനെ ജനാധിപത്യ സാഹചര്യങ്ങൾ സംജാതമാകണം. അതിന് സൈനിക നിയമത്തില്‍നിന്ന് രാജ്യം മാറണം. അടുത്ത ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സുരക്ഷാ യാഥാര്‍ഥ്യങ്ങള്‍, രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി, പൊതുജന വികാരം എന്നിവയുമായി പൊരുത്തപ്പെടില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സമാന വികാരം തന്നെയാണ് യുക്രെയ്ന്‍ ജനതയും പങ്കുവെച്ചത്. സൈനിക നിയമം പിന്‍വലിക്കുംവരെ സെലന്‍സ്കി അധികാരത്തില്‍ തുടരണമെന്നാണ്, 2024 ഫെബ്രുവരിയിലെ അഭിപ്രായ സര്‍വേയില്‍ 69 ശതമാനം പേരും അഭിപ്രായപ്പെട്ടത്. സെലന്‍സ്കിക്കൊപ്പം, റഷ്യന്‍ അധിനിവേശത്തെ ചെറുക്കുന്ന സൈന്യത്തോടുള്ള ജനതയുടെ ഐക്യദാര്‍ഢ്യം കൂടിയായിരുന്നു അത്.
സമാധാനകാലത്തേക്കാള്‍, യുദ്ധകാലത്താണ് ജനാധിപത്യം കൂടുതലായി സംരക്ഷിക്കപ്പെടേണ്ടത്. കാരണം, ഏതെങ്കിലും തരത്തിലുള്ള പിഴവുകളുടെയോ, വിശ്വാസം നഷ്ടപ്പെടുന്നതിന്റെയോ പരിണിതി മറ്റേതൊരു സാഹചര്യത്തേക്കാളും കൂടുതലായിരിക്കും. സമാധാനകാലത്തും, സംഘർഷാനന്തരകാലത്തും തെരഞ്ഞെടുപ്പുകൾക്കുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ഒന്നുതന്നെയാണ്. ഭീതിയോ ഭീഷണികളോ ഇല്ലാതെ, രഹസ്യ ബാലറ്റിലൂടെ സ്വതന്ത്രവും നീതിയുക്തവുമായി തങ്ങളുടെ പ്രതിനിധികളെയും ഭരണാധിപന്മാരെയും തെരഞ്ഞെടുക്കണം. അതിനപ്പുറം മറ്റൊരു മാനദണ്ഡവുമില്ല ജനാധിപത്യത്തിന്. യുക്രെയ്നെ സംബന്ധിച്ചിടത്തോളം അത്തരമൊരു സാഹചര്യം ഇപ്പോഴില്ല. റഷ്യന്‍ അധിനിവേശം, ആക്രമണങ്ങള്‍, അസ്ഥിരമായ സുരക്ഷാ സാഹചര്യം, തീവ്രവാദ പ്രവർത്തനങ്ങൾ, അട്ടിമറി ശ്രമങ്ങള്‍ എന്നിങ്ങനെ സാഹചര്യങ്ങളില്‍ കൂടി കടന്നുപോകുമ്പോള്‍ യുക്രെയ്ന്‍ എങ്ങനെയാണ് പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നടത്തുക. രാജ്യത്തിന്റെ നിലനില്‍പ്പും ജനതയുടെ ആവശ്യങ്ങളും നിറവേറ്റുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. മാത്രമല്ല, ജീവന്‍ പോലും നഷ്ടപ്പെടാവുന്ന സാഹചര്യത്തില്‍, തെരഞ്ഞെടുപ്പ് നടത്തുന്നത് മനുഷ്യാവകാശ തത്വങ്ങളുടെ കൂടി ലംഘനമാണ്. അതിനാല്‍, സുസ്ഥിര വെടിനിര്‍ത്തലിനൊപ്പം, യുക്രെയ്ന് യുദ്ധപൂര്‍വ അവസ്ഥയിലേക്ക് മടങ്ങാനുള്ള സാഹചര്യവും സാവകാശവും ഒരുക്കുകയാണ് ആദ്യം വേണ്ടത്. ആരുടെ മധ്യസ്ഥയില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളിലും യുക്രെയ്ന്റെ ആവശ്യങ്ങള്‍ പരിഗണക്കപ്പെടണം. സഖ്യകക്ഷികള്‍ ഇടപെട്ട്, അന്താരാഷ്ട്ര തലത്തില്‍ തന്നെ യുദ്ധത്തിന് പരിഹാരം കാണണം. സൈനിക നിയമങ്ങള്‍ പിന്‍വലിക്കുകയും, തെരഞ്ഞെടുപ്പിന് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയും വേണം. ഇതൊന്നുമില്ലാതെ ഒരു തെരഞ്ഞെടുപ്പ് യുക്രെയ്നില്‍ സാധ്യമാകില്ല. കാരണം, തെരഞ്ഞെടുപ്പ് എന്നത് കേവലം രാഷ്ട്രീയ ഇച്ഛാശക്തിയുടെ പ്രകടനം മാത്രമല്ല. അതിന് മികച്ചൊരു സംഘാടനം ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുവരെയുള്ള പ്രക്രിയ യാതൊരു തടസങ്ങളുമില്ലാതെ നടക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍, വോട്ടിങ്ങ് സൗകര്യങ്ങള്‍ തുടങ്ങിയ ജനങ്ങള്‍ക്ക് സുരക്ഷിതമായെത്തി വോട്ട് ചെയ്യാനുള്ള സാഹചര്യം വരെ അതിലുള്‍പ്പെടുന്നു. യുദ്ധകാലത്ത് പലായനം ചെയ്തവര്‍, ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവര്‍, കാണാതായവര്‍, തടവിലായവര്‍ എന്നിവരുടെ കണക്കെടുത്ത് വോട്ടവകാശം ഉറപ്പാക്കേണ്ടതുണ്ട്. സൈനികര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കും വോട്ടുചെയ്യാന്‍ സാഹചര്യമൊരുക്കേണ്ടതുണ്ട്.
യുക്രെയ്ന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി റഷ്യയുടെ ഇടപെടലാണ്. യുക്രെയ്ന്‍ ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ സാധ്യമായ എല്ലാ അടവുകളും റഷ്യ ഉപയോഗിച്ചേക്കാം. സൈനിക, സൈബർ ആക്രമണങ്ങൾ മുതൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തെ ഭിന്നിപ്പിക്കുന്നതും, റഷ്യാ അനുകൂലികളായ വിധ്വംസക സംഘങ്ങളെ സഹായിക്കുന്നതും തുടങ്ങി റഷ്യക്ക് അസ്വീകാര്യമെന്ന് കരുതുന്ന സ്ഥാനാർഥികളെ അപകീർത്തിപ്പെടുത്തുന്നതു വരെ അതില്‍ ഉള്‍പ്പെടാം. കാരണം റഷ്യ ജനാധിപത്യത്തില്‍ അത്രയൊന്നും വിശ്വസിക്കാത്ത രാജ്യമാണ്. റഷ്യയില്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രതിപക്ഷമുണ്ടോ? സ്വതന്ത്ര മാധ്യമങ്ങളോ, ബഹുകക്ഷി സംവിധാനമോ, രാഷ്ട്രീയ ബഹുസ്വരതയോ ഉണ്ടോ? അതുപോലെയല്ല യുക്രെയ്ന്റെ കാര്യം. ജനാധിപത്യവും തെരഞ്ഞെടുപ്പുമൊക്കെ വേണമെന്നു തന്നെയാണ് ആ ജനതയുടെ ആഗ്രഹം. എന്നാല്‍, അത് സൈനിക നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ചതിനുശേഷം സമാധാനത്തിലും സാവകാശത്തിലും മതിയെന്നു മാത്രം. യുദ്ധ നിയമങ്ങള്‍ പിന്‍വലിച്ച് ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കാര്യത്തില്‍ സര്‍ക്കാരിനും, പ്രതിപക്ഷത്തിനും, ജനതയ്ക്കുമൊക്കെ ഒരേ അഭിപ്രായമാണ്. അല്ലാതെ, ട്രംപ് പറയുംപോലെ സെലന്‍സ്കി തെരഞ്ഞെടുപ്പ് നടത്താതെ അധികാരത്തില്‍ തുടരുന്നതല്ല.