കിമ്മുമായി മികച്ച ബന്ധമാണ് ഉള്ളതെന്നായിരുന്നു ഡൊണാൾഡ് ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നത്
ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ പുകഴ്ത്തി യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. കിം ജോങ് ഉന്നിനെപ്പറ്റിയുള്ള ചോദ്യത്തോട് 'സ്മാർട്ട് ഗയ്' എന്നായിരുന്നു ട്രംപിന്‍റെ പരാമർശം. വരും ദിവസങ്ങളിൽ ഉന്നുമായി ആശയവിനിമയം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലായിരുന്നു ട്രംപിന്‍റെ പരാമർശം
1950 മുതൽ 53 വരെയുണ്ടായ കൊറിയൻ യുദ്ധത്തിൽ ദക്ഷിണ കൊറിയക്കായിരുന്നു അമേരിക്ക പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഈ കാലയളവ് മുതൽ അസ്വസ്ഥമായിരുന്ന നയതന്ത്ര ബന്ധമാണ് 2017 മുതൽ 2021 വരെ നീണ്ടു നിന്ന ഡൊണാൾഡ് ട്രംപിൻ്റെ ആദ്യ പ്രസിഡൻസി കാലയളവിൽ മാറ്റിമറിക്കപ്പെട്ടത്.
ALSO READ: ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള യു.എസ് പിന്മാറ്റം; ട്രംപ് പറയുന്ന കാരണങ്ങളും തിരിച്ചടികളും
കിമ്മുമായി മികച്ച ബന്ധമാണ് ഉള്ളതെന്നായിരുന്നു ഡൊണാൾഡ് ട്രംപ് മുമ്പ് പ്രതികരിച്ചിരുന്നത്. ഈ പരാമർശത്തിൽ നിന്നാണ് ഇപ്പോൾ കിം സ്മാർട്ട് ഗയ് ആണെന്ന പരാമർശത്തിലേക്ക് ട്രംപ് എത്തിയിരിക്കുന്നത്. താൻ ഉന്നുമായി ആശയവിനിമയം നടത്തുമെന്നും ഉന്നിന് തന്നെ ഇഷ്ടമാണെന്നും ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
2018നും 2019നും മധ്യേ മൂന്ന് തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. 2019ൽ വടക്കൻ കൊറിയയിൽ ട്രംപ് സന്ദർശനം നടത്തിയതും ചരിത്രത്തിൽ അടയാളപ്പെടുത്തി. കിമ്മുമായി നേരിട്ട് ചർച്ചകൾ നടത്തുന്നത് പുനരാരാഭിക്കുകയാണെന്ന് ട്രംപിൻ്റെ ടീമും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കിമ്മുമായുള്ള ട്രംപിൻ്റെ അടുത്ത ബന്ധം ദക്ഷിണ കൊറിയയുമായുള്ള അമേരിക്കയുടെ നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കും. ട്രംപിൻ്റെ ക്യാബനറ്റിലെ അംഗങ്ങളും ട്രംപ്- കിം ബന്ധത്തിലുള്ള അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. സ്റ്റേറ്റ് സെക്രട്ടറിയായി ട്രംപ് തെരഞ്ഞെടുത്ത മാർക്ക് റൂബിയോ, കിമ്മിനെ സ്വേച്ഛാധിപതി എന്നും വിശേഷിപ്പിച്ചിരുന്നു.