ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ, 9,000,000 ചതുരശ്ര കി.മീറ്ററുകളിലായാണ് സഹാറ മരുഭൂമി വ്യാപിച്ചുകിടക്കുന്നത്
ഏകദേശം ഒരു വർഷം മുമ്പാണ് മൊറോക്കോയെ വിറപ്പിച്ച് ഒരു ഭൂകമ്പം കടന്നുപോയത്. ഇതിൽ നിന്ന് കരകയറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തിലാണ് കഴിഞ്ഞ മാസം വെള്ളപ്പൊക്കത്തിൽ 18 പേരോളം മരിച്ചത്.
കഴിഞ്ഞ വർഷം ഭൂകമ്പം ബാധിച്ച പ്രദേശങ്ങളിലാണ് വെള്ളപ്പൊക്കവും അതിൻ്റെ ആഘാതമേൽപ്പിച്ചത്. രാജ്യത്തിൻ്റെ തെക്ക് കിഴക്കൻ മേഖലയിലെ അണക്കെട്ടുകളുള്ള ജലസംഭരണികൾ സെപ്തംബർ മാസത്തിൽ റെക്കോർഡ് നിരക്കിൽ നിറയുന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലോകത്തെ ഏറ്റവും വലിയ ഉഷ്ണമരുഭൂമി എന്നറിയപ്പെടുന്ന സഹാറ മരുഭൂമിയിൽ ഈ വെള്ളപ്പൊക്കം അവിശ്വസനീയമായ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. അൻ്റാർട്ടിക്കയും വടക്കൻ ആർട്ടിക്കും കഴിഞ്ഞാൽ, ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ആഫ്രിക്കൻ ഭൂഖണ്ഡത്തിൻ്റെ ഉത്തര ഭാഗത്ത് യൂറോപ്പിനോളം വലിപ്പത്തിൽ, 9,000,000 ചതുരശ്ര കി.മീറ്ററുകളിലായാണ് സഹാറ മരുഭൂമി വ്യാപിച്ചുകിടക്കുന്നത്.
കഴിഞ്ഞ 50 വർഷക്കാലത്തിനിടയിൽ ആദ്യമായാണ് സഹാറ മരുഭൂമിയിൽ വെള്ളപ്പൊക്കം ഉണ്ടായത്. മൊറോക്കോയുടെ തെക്കു-കിഴക്ക് മേഖലയിലായാണ് അധിവർഷം മൂലം വെള്ളപ്പൊക്കം ഉണ്ടായത്.
വെറും രണ്ട് ദിവസത്തെ ഇടവേളയിൽ 100 എം.എം മഴയാണ് പെയ്തു തിമിർത്തത്. മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിൽ നിന്നും 450 കി.മീ മാറി ടാഗോയുണൈറ്റിലാണ് 24 മണിക്കൂറിനിടെ 100 മില്ലീമീറ്റർ മഴ പെയ്തത്.
മരുഭൂമിയിലെ ജലാശയങ്ങൾ 50 വർഷങ്ങൾക്ക് ശേഷം നിറഞ്ഞുനിൽക്കുന്ന അപൂർവ്വ കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.