ഇതാദ്യമായാണ് ഒരു സിനിമയുടെ സ്വതന്ത്ര നിർമാതാവായി മഞ്ജു വാര്യർ മാറുന്നത്.
സംവിധായകൻ ബിജുകുമാർ ദാമോദരൻ്റെ പുതിയ ചിത്രത്തിൻ്റെ നിർമാണ ചുമതല ഏറ്റെടുത്ത് മഞ്ജു വാര്യർ. മൂന്ന് തവണ ദേശീയ അവാർഡുകൾ സ്വന്തമാക്കിയ ബിജു സംവിധാനം ചെയ്യുന്ന 'ബിയോണ്ട് ദി ബോർഡർ ലൈൻസ്' എന്ന ചിത്രത്തിൻ്റെ നിർമാതാവും മുഖ്യ കഥാപാത്രവുമാണ് മഞ്ജു. ഇതാദ്യമായാണ് ഒരു സിനിമയുടെ സ്വതന്ത്ര നിർമാതാവായി മഞ്ജു വാര്യർ മാറുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു പുരാവസ്തു സംഘത്തെക്കുറിച്ച് പറയുന്ന ഒരു ത്രില്ലർ-ഡ്രാമയായാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നതെന്നും റിപ്പോർട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. ടോവിനോ തോമസ് നായകനായി അഭിനയിച്ച 'അദൃശ്യ ജാലകങ്ങൾ' ആയിരുന്നു സംവിധായകൻ ബിജു ഇതിന് മുൻപ് സംവിധാനം ചെയ്ത ചിത്രം.
മഞ്ജു വാര്യർ ഇതിന് മുമ്പ് 'ചതുർമുഖം', 'അഹർ', 'ലളിതം സുന്ദരം' തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാതാവായി പ്രവർത്തിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചിട്ടുമുണ്ട്. അടുത്തതായി മോഹൻലാൽ നായകനാകുന്ന ലൂസിഫർ ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായ 'എമ്പുരാൻ' എന്ന ചിത്രമാണ് മഞ്ജുവിൻ്റേതായി പുറത്തിറങ്ങാൻ പോകുന്നത്. മാർച്ച് 27ന് ലോകമെമ്പാടും ഈ ചിത്രം തിയേറ്ററുകളിലെത്തും.
ALSO READ: 'എമ്പുരാന്‍' വിജയിക്കേണ്ടത് ഇന്‍ഡസ്ട്രിയുടെ ആവശ്യം: ദിലീഷ് പോത്തന്‍