തിരുവനന്തപുരം വെള്ളായണി സ്പോർട്സ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിക്കാണ് അധ്യാപികയുടെ ക്രൂരപീഡനം നേരിടേണ്ടി വന്നത്
തിരുവനന്തപുരം വെള്ളായണി സ്പോർട്സ് സ്കൂളിൽ ദളിത് വിദ്യാർഥിനിയെ സാങ്കല്‍പ്പിക കസേരയില്‍ അധ്യാപിക ഇരുത്തിയ സംഭവത്തില്‍ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
തിങ്കളാഴ്ചയായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ഓണപ്പരീക്ഷ കഴിഞ്ഞ് പത്താംക്ലാസ് വിദ്യാർഥിനി കുറച്ച് ദിവസം അവധിയിലായിരുന്നു. ഇതിന് പ്രതികാര നടപടി എന്നോണമാണ് വെള്ളായണി സ്പോർട്സ് സ്കൂളിലെ താൽക്കാലിക അധ്യാപിക ലിനു വിദ്യാർഥിനിയെ ശിക്ഷിച്ചത്. ഒന്നര മണിക്കൂർ വിദ്യാർഥിനിയെ സങ്കല്പിക കസേരയിൽ ഇരുത്തി. മറ്റു വിദ്യാർഥിനികൾ അധ്യാപികയോട് ക്രൂരത അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും, ശിക്ഷാ നടപടി തുടർന്നു.
ALSO READ : ഒന്നര മണിക്കൂർ സാങ്കൽപ്പിക കസേരയിൽ ഇരുത്തി, ദളിത് വിദ്യാർഥിനി കുഴഞ്ഞുവീണു
ഒടുവിൽ കുഴഞ്ഞുവീണ വിദ്യാർഥിനിയെ പിന്നീട് ഹോസ്റ്റലിലേക്ക് കൊണ്ടുപോയി. ഹോസ്റ്റലിൽ നിന്ന് കുട്ടിയെ കൊണ്ടുപോകാൻ അമ്മ വന്നപ്പോഴാണ് ശാരീരിക പ്രശ്നങ്ങൾ പങ്കുവെച്ചത്. കടുത്ത നടുവേദനയെ തുടർന്ന് വിദ്യാർഥിനിയെ തിരുവല്ലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് കുട്ടിയുടെ മാതാപിതാക്കൾ തിരുവല്ലം പൊലീസിൽ പരാതി നൽകിയത്. താൽക്കാലിക അധ്യാപികയ്ക്ക് എതിരെ ഇതിന് മുൻപും പരാതി ഉണ്ടായിരുന്നെന്ന് വിദ്യാർഥനി പറഞ്ഞു. സംഭവത്തിൽ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന് പെൺകുട്ടിയും കുടുംബം പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറും മന്ത്രിക്ക് കത്തയച്ചു.