'തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും സ്പീക്കറും അടക്കം വ്യക്തമാക്കിയതാണ് ആരാണ് രാജ്യദ്രോഹിയെന്ന്. തകര്‍ക്കാന്‍ ആര്‍ക്കൊക്കെ എന്ത് കോണ്‍ട്രാക്ട് കൊടുത്തിട്ടും കാര്യമില്ല'
മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയെ കടന്നാക്രമിച്ച് ഏക്‌നാഥ് ഷിന്‍ഡേ. തനിക്കെതിരായ വിമര്‍ശനം കുനാല്‍ കമ്രയെക്കൊണ്ട് കോണ്‍ട്രാക്ട് കൊടുത്ത് ചെയ്യിച്ചതാണെന്നാണ് ഷിന്‍ഡേയുടെ ആരോപണം.
ഇപ്പോള്‍ ഭരണഘടനയെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ ഉദ്ധവ് താക്കറെ വിഭാഗം സംസാരിക്കുന്നു. എന്നാല്‍ വിമര്‍ശിക്കപ്പെടേണ്ട നിരവധി കാര്യങ്ങള്‍ മുമ്പ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. അതിനുദാഹരണമാണ് 2020ല്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മഹാരാഷ്ട്ര ഭരിക്കുമ്പോള്‍ കങ്കണ റണൗട്ടിന്റെ ഓഫീസ് തകര്‍ത്തതെന്നും ഏക്‌നാഥ് ഷിന്‍ഡെ ആരോപിച്ചു.
"നിങ്ങള്‍ എന്നെ രാജ്യദ്രോഹി, രാജ്യദ്രോഹി എന്ന് വിളിച്ചോളൂ. പക്ഷെ നിങ്ങള്‍ക്ക് അടുത്ത് തന്നെ നിങ്ങളുടെ പാര്‍ട്ടിയുടെ വാതില്‍ അടയ്‌ക്കേണ്ടി വരും," എന്നും ഷിന്‍ഡെ പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും സ്പീക്കറും അടക്കം വ്യക്തമാക്കിയതാണ് ആരാണ് രാജ്യദ്രോഹിയെന്ന്. തകര്‍ക്കാന്‍ ആര്‍ക്കൊക്കെ എന്ത് കോണ്‍ട്രാക്ടും കൊടുത്തിട്ട് കാര്യമില്ല. ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അത് വ്യക്തമാക്കിയതാണെന്നും ഷിന്‍ഡേ പറഞ്ഞു. ഷിന്‍ഡെ വിഭാഗം ശിവസേനയും അജിത് പവാര്‍ പക്ഷം എന്‍സിപിയും തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത് സംബന്ധിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
2022 ല്‍ ഉദ്ധവ് താക്കറെയെ വഞ്ചിച്ച് ഷിന്‍ഡെ നടത്തിയ നീക്കങ്ങളെ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ താളത്തില്‍ പരാതിയായി അവതരിപ്പിച്ചായിരുന്നു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്രയുടെ വിമര്‍ശനം. പരിപാടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പ്രതിഷേധം ശക്തമായത്.
വിമര്‍ശനത്തില്‍ ഷിന്‍ഡെ പക്ഷ എംഎല്‍എ മുര്‍ജി പട്ടേല്‍ നല്‍കിയ പരാതിയില്‍ എംഐഡിസി പൊലീസ് കേസെടുത്തിട്ടുണ്ട്. പൊതുവികാരത്തെ വ്രണപ്പെടുത്തുന്ന പരാമര്‍ശമെന്നാണ് പരാതിയില്‍ പറയുന്നത്. ഹോട്ടല്‍ സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത് നിയമവിരുദ്ധമായെന്നും, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ആ സ്റ്റുഡിയോയില്‍ മോശം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നും സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി പ്രതാപ് സര്‍നായിക് വ്യക്തമാക്കി.
വിമര്‍ശനം രാഷ്ട്രീയ വിവാദമായതോടെ കുനാല്‍ കമ്രയെ അനുകൂലിച്ച് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തി. സര്‍ക്കാരുകളെയും രാഷ്ട്രീയ പാര്‍ട്ടികളെയും ഉള്‍പ്പടെ വിമര്‍ശനത്തിന് വിധേയമാക്കുന്ന കുനാല്‍, ദേശസ്നേഹവും സര്‍ക്കാരും എന്ന പേരില്‍ മുന്‍പ് ചെയ്ത വീഡിയോയും വിവാദമായിരുന്നു. പുതിയ വിവാദത്തിന് പിന്നാലെ ഭരണഘടന പിടിച്ച് നില്‍ക്കുന്ന ചിത്രം കുനാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.