കൊടും ക്രൂരത; പൊട്ടിയൊലിക്കുന്ന മുറിവുകളുമായി ആനയെ എഴുന്നള്ളിപ്പിച്ചു; വ്രണം ഉണങ്ങും വരെ എവിടെയും ആനയെ ഉപയോഗിക്കരുതെന്ന് വനം വകുപ്പ്
logo

ന്യൂസ് ഡെസ്ക്

Last Updated : 07 Apr, 2025 05:33 PM

തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിലാണ് ആനയെ എഴുന്നള്ളിപ്പിനെത്തിച്ചത്. കാലിലെ മുറിവുകൾ പഴുത്ത് അവശ നിലയിലായിരുന്നു ആന

KERALA

കണ്ണൂരിൽ ആനയോട് കൊടും ക്രൂരത. പൊട്ടിയൊലിക്കുന്ന മുറിവുകളുമായി മൂന്ന് മണിക്കൂറിലേറെ ആനയെ എഴുന്നള്ളിപ്പിച്ചു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിലാണ് ആനയെ എഴുന്നള്ളിപ്പിനെത്തിച്ചത്. കാലിലെ മുറിവുകൾ പഴുത്ത് അവശ നിലയിലായിരുന്നു ആന. സംഭവത്തിൽ നടപടിയുമായി വനം വകുപ്പ് രംഗത്തെത്തി.



മംഗലംകുന്ന് ഗണേശൻ എന്ന ആനയെയാണ് പരിക്ക് വകവെക്കാതെ എഴുന്നള്ളിപ്പിന് എത്തിച്ചത്. ഇരു കാലുകൾക്ക് മുകളിലുമുള്ള മുറിവുകൾ പഴുത്ത് നീരൊലിക്കുന്ന നിലയിലായിരുന്നു. നടക്കാൻ പാടുപെടുന്ന ആനയുടെ മുറിവിൽ മരുന്നെന്ന പേരിൽ മഞ്ഞൾപ്പൊടിയും മറ്റും നിറച്ചിരുന്നുവെന്നാണ് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഉത്സവത്തിന് തുടക്കം കുറിച്ച് നടന്ന എഴുന്നള്ളിപ്പിൽ 4 കിലോമീറ്ററോളം ദൂരമാണ് ആനയെ നടത്തിച്ചത്.


ALSO READ: "കഴിക്കാൻ പൊറോട്ടയും ബീഫും വേണം"; പുരപ്പുറത്ത് കയറി ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി യുവാവ്!


അതേസമയം കണ്ണൂരിൽ പരിക്ക് പറ്റിയ ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ച സംഭവത്തിൽ വനംവകുപ്പ് നടപടി സ്വീകരിച്ചു. തുടർന്നുള്ള ഉത്സവങ്ങളിൽ ആനയെ ഉപയോഗിക്കരുതെന്ന് വനം വകുപ്പ് നിർദേശിച്ചു. കണ്ണൂരിൽ നിന്ന് ഇന്ന് വൈകീട്ട് തന്നെ ആനയെ പാലക്കാട്ടേക്ക് കൊണ്ടുപോകണം. വ്രണം ഉണങ്ങും വരെ എവിടെയും ആനയെ ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.



Share This