fbwpx
"കോടതികൾ പോലും ഇന്ന് ലൈവ് സ്ട്രീം ചെയ്യുന്നു, തൻ്റെ ആവശ്യത്തെ വിചിത്രമെന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും വിചിത്രം"
logo

ന്യൂസ് ഡെസ്ക്

Posted : 12 Apr, 2025 09:01 PM

കോടതികൾ പോലും ഇന്ന് ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും മറച്ചുവെക്കുന്നത് എന്തിനെന്നാണ് സാമാന്യ ബുദ്ധിയുള്ളവർ ചോദിക്കുകയെന്നും ഐഎഎസ് പ്രശാന്തിൻ്റെ പോസ്റ്റിൽ പറയുന്നു.

KERALA

ചീഫ് സെക്രട്ടറിയുമായുള്ള ഹിയറങ് റെക്കോർഡ് ചെയ്യണമെന്ന ആവശ്യം തള്ളിയതിന് പിന്നാലെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എൻ. പ്രശാന്ത് ഐഎഎസ്. തൻ്റെ ആവശ്യത്തെ വിചിത്രം എന്ന് വിശേഷിപ്പിച്ചതാണ് ഏറ്റവും വിചിത്രമാണെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിലെ വരികൾ. മടിയിൽ കനമില്ലാത്തവർ ഭയക്കുന്നതാണ് വിചിത്രമെന്നും പ്രശാന്ത് ഐഎഎസ് ഫേസ്ബുക്കിൽ കുറിച്ചു.


വിചിത്രം ഇവിടുത്തെ മാധ്യമപ്രവർത്തനമാണെന്ന തലക്കെട്ടോടെയാണ് എൻ. പ്രശാന്ത് ഐഎഎസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങ്ങും ഉണ്ടാകില്ലെന്നും കാര്യങ്ങൾ നേരിട്ട് കേട്ട് വിലയിരുത്തൽ മാത്രമാണ് ഹിയറിങ്ങിൽ നടക്കുകയെന്നും ശാരദ മുരളീധരൻ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ കോടതികൾ പോലും ഇന്ന് ലൈവ് സ്ട്രീം ചെയ്യുന്നുണ്ടെന്നും മറച്ചുവെക്കുന്നത് എന്തിനെന്നാണ് സാമാന്യ ബുദ്ധിയുള്ളവർ ചോദിക്കുകയെന്നും ഐഎഎസ് പ്രശാന്തിൻ്റെ പോസ്റ്റിൽ പറയുന്നു.


ALSO READ: ‘ലൈവ് സ്ട്രീമിങ്ങും റെക്കോർഡിങും ചെയ്യില്ല, ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമല്ല ’; എൻ പ്രശാന്ത് IASന് രേഖാമൂലം മറുപടി നൽകി ചീഫ് സെക്രട്ടറി



മാധ്യമപ്രവർത്തകർക്കെതിരായ വിമർശനവും പോസ്റ്റിലുണ്ട്. മാധ്യമ പ്രവർത്തകർ എന്നവകാശപ്പെടുന്ന ഇവരിൽ പലർക്കും അധികാരസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് പല താൽപര്യങ്ങളുമുണ്ട്‌. ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ഒപ്പമിരുത്തി മദ്യം സേവിച്ചാലോ, മറ്റൊരുദ്യോഗസ്ഥ ചിരിച്ച്‌ കൂടെ ആടാനും പാടാനും കൂടിയാലോ രോമാഞ്ചപ്പെട്ട്‌ മോഹാലസ്യപ്പെട്ട്‌ പോകുന്ന മാധ്യമ ധർമ്മം മാത്രമേ പല 'തീപ്പൊരികൾക്കും' ഉള്ളൂയെന്നും പോസ്റ്റിൽ പറയുന്നു. ഇതിനൊപ്പം ഡോ. ജയതിലകിനെതിരായ ആരോപണങ്ങളും ഐഎഎസ് ആവർത്തിക്കുന്നു.



കഴിഞ്ഞ ദിവസമാണ് സസ്പെൻഷനിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിന്റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുന്നത്. പിന്നാലെ ഹിയറിങ്ങ് റെക്കോർഡ് ചെയ്യണമെന്ന ആവശ്യവുമായി എൻ. പ്രശാന്ത് രംഗത്തെത്തി. പ്രശാന്തിന്റെ പരാതികള്‍ കേള്‍ക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ച ഹിയറിങ് ലൈവ് സ്ട്രീമിങ് ചെയ്യണമെന്ന ആവശ്യം സര്‍ക്കാര്‍ നേരത്തെ നിരസിച്ചിരുന്നു. ഹിയറിങ്ങിന്റെ ഓഡിയോയും വീഡിയോയും റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുജന മധ്യത്തില്‍ കാണിക്കണമെന്നുമായിരുന്നു എന്‍ പ്രശാന്തിന്റെ ആവശ്യം. പൊതുതാത്പര്യം പരിഗണിച്ചാണ് ആവശ്യമുന്നയിച്ചതെന്നാണ് പ്രശാന്തിന്റെ വാദം.


ALSO REA: ആലപ്പുഴയിൽ 9 വയസ്സുകാരി മരിച്ച സംഭവം: ഡോക്ടറുടെ പിഴവല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പ്രതിഷേധിച്ച ബന്ധുക്കൾക്കെതിരെ കേസ്


അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എസ് ജയതിലകിനെതിരായ പരസ്യ അധിക്ഷേപത്തിന് പിന്നാലെയാണ് കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്പെൻഡ് ചെയ്യുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു സസ്പെൻഷൻ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഐഎഎസ് മറുപടി നല്‍കാഞ്ഞതോടെ സസ്പെൻഷൻ വീണ്ടും നീട്ടി. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നുമാണ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നത്.


ഫേസ്ബുക്ക് പോസ്റ്റില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും, ചട്ടലംഘനമില്ലെന്നുമായിരുന്നു എന്‍. പ്രശാന്തിന്റെ വാദം. ശരിയെന്ന് തോന്നുന്ന കാര്യങ്ങളാണ് ചെയ്തതെന്നും, വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ നടപടിയെടുത്തതെന്നും പ്രശാന്ത് ആരോപിച്ചിരുന്നു. ചീഫ് സെക്രട്ടറി നേരിട്ടാകും പ്രശാന്ത് ഐഎഎസിൻ്റെ ഹിയറിങ് നടത്തുക.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: 


വിചിത്രം ഇവിടത്തെ മാധ്യമ പ്രവർത്തനമാണ്‌. മാധ്യമ പ്രവർത്തകർ എന്നവകാശപ്പെടുന്ന ഇവരിൽ പലർക്കും അധികാരസ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥരുമായി ചേർന്ന് പല താൽപര്യങ്ങളുമുണ്ട്‌. ഒരു IAS ഉദ്യോഗസ്ഥൻ ഒപ്പമിരുത്തി മദ്യം സേവിച്ചാലോ, മറ്റൊരുദ്യോഗസ്ഥ ചിരിച്ച്‌ കൂടെ ആടാനും പാടാനും കൂടിയാലോ രോമാഞ്ചപ്പെട്ട്‌ മോഹാലസ്യപ്പെട്ട്‌ പോകുന്ന മാധ്യമ ധർമ്മം മാത്രമേ പല 'തീപ്പൊരികൾക്കും' ഉള്ളൂ. ഈ കേസിൽ മാതൃഭൂമി പത്രത്തിലെ ചിലർ ഗൂഢാലോചനയിൽ ഉൾപ്പെട്ടിട്ടുമുണ്ട്‌.

കോടികളുടെ പ്രസ്‌ ക്ലബ്‌ അഴിമതിക്കേസ്‌ ഫയൽ ഫിനാൻസ്‌ സെക്രട്ടറി ഡോ.ജയതിലകിന്റെ കൈവശമാണ്‌ എന്നതും ഓർക്കുക. (പ്രമുഖ പത്രപ്രവർത്തകർ ഉൾപ്പെട്ട പ്രസ്‌ ക്ലബ്‌ അഴിമതിക്കേസ്‌ എന്താണെന്ന് പോലും പൊതുജനങ്ങൾക്ക്‌ അറിയില്ല- മാധ്യമങ്ങൾ അറിയിക്കില്ല!) "വിചിത്രമായ ആവശ്യം" എന്ന വാക്ക് ഏറെക്കുറേ എല്ലാ മാധ്യമങ്ങളും ഒരുപോലെ ഉപയോഗിച്ചു എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. അതായത്‌ ഒരേ PR കമ്പനിയിൽ നിന്ന് തന്നെയാണ്‌ ഈ 'വിചിത്ര' വാർത്തകൾ ചമയ്ക്കപ്പെടുന്നത്‌.

രേഖകളെ അടിസ്ഥാനപ്പെടുത്താതെ 'വേണ്ടപ്പെട്ടവർ’ കാതോരം മൊഴിയുന്നത്‌ വാർത്തയാക്കുന്ന മാധ്യമ പ്രവർത്തകർക്കും PR കമ്പനിക്കും വളരെ വിചിത്രമായി തോന്നാവുന്ന ചില കാര്യങ്ങൾ കൂടി പങ്ക്‌ വെക്കട്ടെ.

1. അടിമത്തം നിരോധിച്ചു.

2. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിച്ചു.

3. ഭരണഘടന നിലവിൽ വന്നു.

4. വിവരാവകാശ നിയമം പാസ്സായി.

ലോകം ഏറെ മാറിപ്പോയി. സ്വകാര്യമായ കേസുകൾ കോടതി ഹിയറിംഗ്‌ നടത്തുന്നത്‌ open court ലാണ്‌. ഇന്ന് കോടതികൾ സ്റ്റ്രീം ചെയ്യുന്നു. വിവരാവകാശ പ്രകാരം എല്ലാ വിവരങ്ങളും പൊതുജനത്തിനറിയാൻ അവകാശമുണ്ട്‌ എന്നതും ഓർക്കുക. സർക്കാർ മീറ്റിങ്ങുകൾ ലൈവ്‌ സ്റ്റ്രീം ചെയ്ത്‌ പൊതുജനം അറിയാൻ കൃഷിവകുപ്പ്‌ VELICHAM എന്ന പ്രോജക്റ്റിന്‌ അംഗീകാരം നൽകി 7.08.2024 ൽ ഉത്തരവിറങ്ങി. സുതാര്യത എന്ന പ്രഖ്യാപിത സർക്കാർ നയമാണോ വിചിത്രം? മറച്ച്‌ വെക്കുന്നത്‌ എന്തിന്‌ എന്നാണ്‌ സാമാന്യബുദ്ധിയുള്ളവർ ചോദിക്കുക; സുതാര്യത എന്തിന്‌ എന്ന ചോദ്യമാണ്‌ വിചിത്രം. അന്യായത്തിനെതിരേ ശബ്ദിക്കുന്ന ഇരയെ അഹങ്കാരിയായി മുദ്ര കുത്തി കല്ലെറിയാൻ അധികാരം കയ്യാളുന്നവരെ സഹായിക്കുന്നതാണ്‌ വിചിത്രം. മടിയിൽ കനമില്ലാത്തവർ ഭയക്കുന്നതാണ്‌ വിചിത്രം.

KERALA
വിശുദ്ധ വാരത്തിന് തുടക്കം; ഇന്ന് ഓശാന ഞായര്‍
Also Read
user
Share This

Popular

KERALA
IPL 2025
'സിദ്ദീഖ് കാപ്പന്‍ വീട്ടിലുണ്ടാകുമോയെന്ന് ചോദ്യം, അർധരാത്രി പരിശോധനയ്‌ക്കെത്തുമെന്ന് അറിയിപ്പ്'; ദുരൂഹ നീക്കവുമായി പൊലീസ്