സയ്യിദ് ഖുത്തുബിനെയും ഹസനുൽ ബന്നയേയും പരാമർശിക്കാതെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സോളിഡാരിറ്റിയുടെ മറുപടി.
കരിപ്പൂർ ഉപരോധ വിവാദത്തില്‍ മറുപടിയുമായി സോളിഡാരിറ്റി. കരിപ്പൂർ ഉപരോധസമരത്തിൽ ഉപയോഗിച്ച ചില പ്ലക്കാർഡുകളെ മുൻപിൽ വച്ച് പ്രധാന വിഷയമായ വഖഫിനെ അപ്രസക്തമാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് തൗഫീഖ് മമ്പാട് ആരോപിച്ചു. സയ്യിദ് ഖുത്തുബിനെയും ഹസനുൽ ബന്നയേയും പരാമർശിക്കാതെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സോളിഡാരിറ്റിയുടെ മറുപടി.
പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത് സാമ്രാജ്യത്തെ വിരുദ്ധ പോരാളികളും, വംശീയതക്കെതിരെ പോരാടിയവരുമാണെന്ന് കുറിപ്പിൽ പറയുന്നു. വഖഫ് ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽനിന്ന് ശ്രദ്ധമാറ്റാൻ സംഘപരിവാർ കേന്ദ്രങ്ങൾ തുടങ്ങിവെച്ച ഈ ചർച്ചക്ക് തങ്ങൾ തല വച്ചു കൊടുക്കില്ല. അതേസമയം വഖഫ് വിഷയത്തിൽ ഇതെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് ഗുണകാംക്ഷയിൽ ചോദിക്കുന്ന മുസ്ലീം സമുദായത്തിൽനിന്നും മറ്റുമുള്ള ചോദ്യങ്ങളെ ഉൾക്കൊള്ളുന്നു എന്നും പരാമർശമുണ്ട്.
എസ്ഐഒ-സോളിഡാരിറ്റി മാർച്ചിൽ മുസ്ലീം ബ്രദർഹുഡ് നേതാക്കളുടെ ചിത്രം ഉയർത്തിയതിൽ സമസ്ത കാന്തപുരം വിഭാഗം വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം സമരങ്ങൾ മുസ്ലീം മുഖ്യധാരയുടെ ഭാഗമല്ലെന്നായിരുന്നു അബ്ദുൾ ഹക്കിം അസ്ഹരിയുടെ പ്രസ്താവന. സംഘപരിവാറിനും തീവ്രക്രിസ്ത്യൻ ഗ്രൂപ്പുകൾക്കും പ്രചരണായുധം നൽകുന്നു എന്ന് സിറാജ് ദിനപത്രത്തിലും വിമർശനമെത്തി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
വഖ്ഫ് ബിൽ ഇരു സഭകളും കടന്നപ്പോൾ തെരുവുകൾ ശാന്തമായിരുന്നു. ഇന്ത്യൻ മുസ്ലികളുടെ അസ്തിത്വവും അഭിമാനവും അപഹരിക്കാനുള്ള നീക്കത്തെ എന്തു വിലകൊടുത്തും ചോദ്യം ചെയ്യണമെന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഒരു ചട്ടപ്പടി പ്രതിഷേധ റാലി നടത്തി സായൂജ്യമടയേണ്ടതില്ലെന്നും എല്ലാ പ്രക്ഷോഭങ്ങൾക്കും പ്രചോദനമാവും വിധമാവണം എന്നുമുള്ള തീരുമാനത്തെ തുടർന്നാണ് കേന്ദ്രസർക്കാറിനോടുള്ള വലിയൊരു പ്രതിഷേധത്തിന് അവരുടെ നിയന്ത്രണത്തിലുള്ള എയർപോർട്ട് തന്നെ തെരഞ്ഞെടുക്കുന്നത്.
അത്ര എളുപ്പമാവില്ലെന്ന് അറിയാമായിരുന്നു. ഇടതുപക്ഷ സർക്കാറിന്റെ പോലീസാണെങ്കിലും അവരുടെ കാക്കി കാവിയായി മാറിക്കഴിഞ്ഞ കാലത്ത് ശക്തമായ നടപടികൾ പ്രതീക്ഷിച്ചാണ് ഞങ്ങൾ ഉപരോധത്തിനിറങ്ങിയത്. തുടക്കം മുതൽ ഉപരോധത്തെ തകർക്കാനുള്ള നീക്കങ്ങൾ പോലീസ് നടത്തിയിരുന്നു. അന്നത്തെ ദിവസം ആളുകൾ എത്തിച്ചേരുന്നത് തടയാനായി വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന ഉത്തരവിറക്കി. വാഹന ഉടമകളെ ഭീഷണിപ്പെടുത്തി. പക്ഷേ അതൊന്നും പ്രവർത്തകരുടെ നിശ്ചയദാർഢ്യത്തെ തടഞ്ഞ് നിർത്തിയില്ല. ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും ഒഴുകിയെത്തി. ഒരു സമരസന്ദർഭത്തിലെ സ്വാഭാവിക ഇടപെടലുകളെ പോലും അനുവദിക്കാതിരുന്ന പോലീസ് തുടക്കത്തിലെ അടിച്ചമർത്തലാരംഭിച്ചു. ജലപീരങ്കിക്ക് പുറമെ ഒരു അനിവാര്യതയുമില്ലാതെ ടിയർഗ്യാസ് എറിഞ്ഞു. ആൾക്കൂട്ടത്തിലേക്ക് ഡയറക്റ്റ് എറിയരുതെന്ന നിബന്ധന പോലും വകവെക്കാതെയാണ് dysp സന്തോഷ് ടിയർ ഗ്യാസ് എറിഞ്ഞത്. അപ്പുറത്ത് നിന്ന പോലീസുകാരടക്കം നീറിപ്പുകഞ്ഞെങ്കിൽ പ്രവർത്തകർ എത്ര മാത്രം അനുഭവിച്ച് കാണണം. അത് കൊണ്ടും നിർത്താതെ അവർ ക്രൂരമായ ലാത്തിച്ചാർജ് നടത്തി. നൂറുകണക്കിന് പ്രവർത്തകർക്ക് പരിക്കേറ്റു. അത്രയുമായപ്പോൾ അവർ പ്രതീക്ഷിച്ചത് എല്ലാവരും പിന്തിരിയുമെന്നാണ്. അവരുടെ പ്രതീക്ഷകൾ തെറ്റിച്ച് പ്രവർത്തകർ അവിടെ തന്നെ തുടർന്നു. നേതാക്കളുടെ നിർദേശങ്ങൾ പാലിച്ച് റോഡിൽ നിരന്നിരുന്നു. പ്രകോപനങ്ങളുണ്ടാകുമ്പോൾ നിയന്ത്രണം വിട്ട് പ്രതികരിക്കുന്ന സമരക്കാരെ കണ്ട് പരിചയിച്ച പോലീസുകാർക്ക് ഇതൊരു അത്ഭുതമായിരുന്നു.
പോലീസ് അതിക്രമം കുറച്ച് സമയത്തേക്ക് മാറിനിന്നപ്പോൾ സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ അതിഥികൾ സംസാരിച്ച് തുടങ്ങി. സംസാരങ്ങളവസാനിപ്പിക്കാൻ പോലുമനുവദിക്കാതെ സ്റ്റേജിൽ കയറിയാണ് ഞങ്ങളെ അറസ്റ്റ് ചെയ്തത്.
ഞങ്ങൾ ആറ് പേർ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു പ്രതിഷേധ മാർച്ചിൽ ചുമത്തുന്ന സ്വാഭാവിക വകുപ്പുകൾക്കപ്പുറം നോൺബെയ്ലബ്ൾ വകുപ്പുകൾ ചേർത്ത് കള്ളക്കേസുകളാണ് പോലീസ് ചാർത്തിയത്. ഞങ്ങൾക്കൊട്ടും ആശങ്കകളില്ലായിരുന്നു. ഇതും അതിലപ്പുറവും പ്രതീക്ഷിച്ചാണ് തെരുവിലേക്കിറങ്ങിയത്. അനീതിക്കും വംശീയതക്കുമെതിരെ പ്രതികരിച്ചതിന് ജയിലിൽ കിടക്കേണ്ടി വന്നതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ. സെല്ലിലെ കുടുസ്സതക്ക് ഞങ്ങളുടെ മനസിനെ ഇടുക്കമുള്ളതാക്കാൻ ഒട്ടും കഴിഞ്ഞില്ല.
ഉപരോധസമരത്തിൽ ഉപയോഗിച്ച ചില പ്ലക്കാർടുകളെ മുൻപിൽ വച്ച് പ്രധാന വിഷയമായ വഖഫിനെ അപ്രസക്തമാക്കാനുള്ള ശ്രമമാണ് ചില കോണുകളിൽനിന്ന് ഇപ്പോൾ നടക്കുന്നത്.
ബാൽഫർ പ്രഖ്യാപനത്തിലൂടെ ഇസ്രായേൽ നിലവിൽ വന്നപ്പോൾ മുതൽ ഫലസ്തീൻ പോരാട്ടതിൻ്റെ മുൻനിരയിൽ ഉണ്ടായിരുന്ന ആളുകളും ഇപ്പോഴും ഇസ്രായേലിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന ഹമാസിന്റെ നേതാക്കളും മലബാർ സ്വാതന്ത്ര്യസമര പോരാളികളും ചിഹ്നങ്ങളും ബാബരി മസ്ജിദ്, ഇപ്പോഴും ജയിലിൽ കഴിയുന്നവരടക്കം പൗരത്വ സമര പോരാളികൾ, മഅദനിയും ഷാഹിദ് ആസ്മിയും അടക്കമുള്ള നീതി നിഷേധത്തിന്റെ ഇരകൾ, വംശീയതക്കെതിരെ പോരാടിയ മുഹമ്മദലി ക്ലേ, മാൽക്കം എക്സ് തുടങ്ങിയവരൊക്കെയായിരുന്നു പ്ലാകാർഡുകളിൽ ഉണ്ടായിരുന്നത്.
വഖഫ് വിഷയത്തിൽ ഇതെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് ഗുണകാംക്ഷയിൽ ചോദിക്കുന്ന മുസ്ലിം സമുദായത്തിൽനിന്നും മറ്റുമുള്ള ചോദ്യങ്ങളെ ഞങ്ങൾ ഉൾക്കൊള്ളുന്നു. എന്നാൽ ഇന്ത്യൻ മുസ്ലീങ്ങളുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുന്ന, വംശഹത്യക്ക് കളമൊരുക്കുന്ന, പള്ളിയും മദ്റസയും ഖബർസ്ഥാനും അന്യാധീനപ്പെടുത്തുന്ന, ലീഗൽ കർസേവക്ക് കളമൊരുക്കുന്ന വഖഫ് ബില്ലിനെ കുറിച്ച ചർച്ചയിൽനിന്ന് ശ്രദ്ധമാറ്റാൻ സംഘപരിവാർ കേന്ദ്രങ്ങൾ തുടങ്ങിവെച്ച ഈ ചർച്ചക്ക് തലവെച്ചു കൊടുക്കുന്നില്ല എന്ന് മാത്രമാണ് ഇപ്പൊൾ പറയാനുള്ളത്. മുസ്ലിം കർതൃത്വത്തിൽ രൂപപ്പെടുന്ന എല്ലാ മുന്നേറ്റങ്ങളെയും പൈശാചികവത്കരിക്കുന്ന പ്രവണതയുടെ തുടർച്ച മാത്രമാണിത്. പൗരത്വ സമരകാലത്ത് നാമത് വ്യാപകമായി കണ്ടതാണ്. സംഘ്പരിവാർ ഈ സമരത്തിനു മുമ്പുതന്നെ വിദ്വേഷവുമായി രംഗത്തുണ്ടായിരുന്നു. അതിനു മുന്നിലും തെല്ലും പതറാതെയാണ് നാം ഈ സമരം നയിച്ചത്. ഇനിയും ഭയപ്പെടാൻ നാം ഉദ്ദ്യേശിച്ചിട്ടില്ല.
വംശീയതയും അനീതിയും നിറഞ്ഞ് നിന്നൊരു കാലത്ത് നിശബ്ദരായിപോയവരെന്ന് ഈ കാലത്തെ കുറിച്ച് രേഖപ്പെടുത്താൻ അനുവദിക്കാത്തൊരു തലമുറ ഇവിടെ ജീവിച്ചിരിപ്പുണ്ട്. വംശീയതക്കെതിര് നിൽക്കുന്ന മുഴുവനാളുകളും ചേർന്നൊരു പോരാട്ടം ഇവിടെ കനം വെക്കണം. അതിലേക്കൊരു ചുവട് മാത്രമാണ് ഞങ്ങൾ വെച്ചിട്ടുള്ളത്. ജനാധിപത്യ രീതികളുടെ മുഴുവൻ സാധ്യതകളെയും ചേർത്ത് പിടിച്ച് നമുക്ക് മുന്നോട്ട് നടക്കാം.