പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിപ്രകാരമാണ് കേസ്
പത്തനംതിട്ടയിൽ 13 കാരിയെ അമ്മയുടെ ഒത്താശയോടെ ബലാത്സംഗം ചെയ്തെന്ന് പരാതി. പെൺകുട്ടിയുടെ അമ്മയെയും ആൺസുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി സ്വദേശി ജയ്മോനാണ് അറസ്റ്റിലായത്. പെൺകുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ മൊഴിപ്രകാരമാണ് കേസ്.
2024 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്താണ് ഈ കുടുംബം താമസിച്ചിരുന്നത്. പെൺകുട്ടിയെ പത്തനംതിട്ടയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടി കടുത്ത മാനസിക പ്രശ്നങ്ങൾ നേരിട്ടിരുന്നു. ഇത് ശ്രദ്ധിച്ച സ്കൂൾ അധ്യാപികയാണ് കുട്ടിയോട് കാര്യമെന്താണെന്ന് ചോദിച്ചത്. പിന്നാലെ കുട്ടി അധ്യാപികയോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു.
കേസ് രജിസ്റ്റർ ചെയ്തതോടെ പെൺകുട്ടിയുടെ അമ്മയും ജയ്മോനും കർണാടകത്തിലേക്ക് മുങ്ങിയിരുന്നു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. രഹസ്യവിവരത്തെ തുടർന്നാണ് പത്തനംതിട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം മംഗലാപുരത്ത് നിന്ന് പ്രതികളെ പിടികൂടിയത്. പ്രതി ജയ്മോൻ സ്ഥിരം കുറ്റവാളിയാണെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ അടിമാലി മൂന്നാർ വെള്ളത്തൂവൽ തുടങ്ങിയ സ്റ്റേഷനുകളിലും കേസുണ്ട്. പീഡനക്കേസിൽ കേസിൽ തൊടുപുഴ കോടതി ശിക്ഷിച്ചതിന് പുറമെ ബാലരാമപുരത്ത് പ്രതിക്കെതിരെ പോക്സോ കേസ് ഉണ്ടെന്നും പൊലീസ് പറഞ്ഞു.