ഉപഭോക്താക്കൾക്ക് മുഴുവൻ സമയവും പണം പിൻവലിക്കാൻ സഹായിക്കുന്ന ഒരു എടിഎം കാർഡ് ഇപിഎഫ്ഒ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇപിഎഫ് സംഭാവന പരിധി ഈ വർഷവും ഇല്ലാതാകുവാനും സാധ്യതയുണ്ട്.
2025 ജനുവരി 1 മുതൽ രാജ്യത്തെ സാമ്പത്തിക ഇടപെടലുകളിൽ ചില മാറ്റങ്ങൾ വരുകയാണ്. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) നടപടിക്രമങ്ങളിലെ മാറ്റങ്ങൾ മുതൽ എൽപിജി വിലനിർണ്ണയത്തിലും യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസിലും (യുപിഐ) മാറ്റങ്ങൾ വരുത്തുന്നത് നമ്മുടെ സാമ്പത്തിക ഇടപാടുകളെ വളരയധികം സ്വാധീനിക്കുയും ചെയ്യും. പ്രധാനപ്പെട്ട മാറ്റങ്ങൾ എന്തെല്ലാമാണെന്ന് അറിയാം
ഇപിഎഫ്ഒ - പുതു നിയമം
കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സിസ്റ്റത്തിൻ്റെ (സിപിപിഎസ്) ഭാഗമായി 2025 ജനുവരി 1 മുതൽ പെൻഷൻ പിൻവലിക്കൽ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുന്ന വിധത്തിൽ ഇപിഎഫ്ഒ സജ്ജീകരിച്ചിരിക്കുന്നു. അഡീഷണൽ വെരിഫിക്കേഷൻ്റെ ബുദ്ധിമുട്ട് ഒഴിവാക്കി പെൻഷൻകാർക്ക് രാജ്യത്തെ ഏത് ബാങ്കിൽ നിന്നും പെൻഷൻ പിൻവലിക്കാനുള്ള സൗകര്യം ഇനി ലഭിക്കും.
ഉപഭോക്താക്കൾക്ക് മുഴുവൻ സമയവും പണം പിൻവലിക്കാൻ സഹായിക്കുന്ന ഒരു എടിഎം കാർഡ് ഇപിഎഫ്ഒ ഉടൻ പുറത്തിറക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇപിഎഫ് സംഭാവന പരിധി ഈ വർഷവും ഇല്ലാതാകുവാനും സാധ്യതയുണ്ട്.
ജി.എസ്.ടി
ജിഎസ്ടി പോർട്ടലിൽ മികച്ച സുരക്ഷയ്ക്കായി നികുതിദായകർക്ക് മൾട്ടി ഫാക്ടർ ഓതൻ്റിക്കേഷൻ (എംഎഫ്എ) നിർബന്ധമാക്കും. കൂടാതെ, 180 ദിവസത്തിൽ കൂടുതൽ പഴക്കമില്ലാത്ത അടിസ്ഥാന രേഖകൾക്കായി മാത്രമേ ഇ-വേ ബില്ലുകൾ (ഇഡബ്ല്യുബി) ജനറേറ്റ് ചെയ്യാൻ കഴിയൂ.
Also Read; ഗൂഗിള്‍ സെര്‍ച്ചില്‍ എഐ മോഡ്; മാറ്റങ്ങള്‍ക്കൊരുങ്ങി സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍
യുപിഐ, കർഷക വായ്പകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സർക്കുലർ പ്രകാരം, ഇന്ന് മുതൽ, ഫീച്ചർ ഫോൺ ഉപയോക്താക്കൾ ഓൺലൈൻ പേയ്‌മെൻ്റുകൾ ഉപയോഗിക്കുന്ന UPI 123Pay, ഇടപാട് പരിധി 2025 ജനുവരി 1 മുതൽ വർദ്ധിപ്പിക്കും. പഴയ 5000 ൽ നിന്ന് 10000 ആയാണ് പരിധി ഉയർത്തുക.
കൂടാതെ, കർഷകർക്കുള്ള വായ്പകളുടെ പരിധി 1.60 ലക്ഷം രൂപയിൽ നിന്ന് 2 ലക്ഷം രൂപയായി കേന്ദ്ര ബാങ്ക് ഉയർത്തി. ഇന്ന് പ്രാബല്യത്തിൽ വരുന്ന ഈ വർദ്ധന കർഷകർക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിനും, കാർഷിക രീതികളിലും നിക്ഷേപങ്ങളിലും മെച്ചപ്പെട്ട സേവനം നൽകാനും ഉദ്ദേശിച്ചുള്ളതാണ്.
വിസ
യുഎസ് വിസ അപ്പോയിൻ്റ്മെൻ്റ് റീഷെഡ്യൂൾ:
2025 ജനുവരി 1 മുതൽ, ഇന്ത്യയിലെ നോൺ-ഇമിഗ്രൻ്റ് വിസ അപേക്ഷകർക്ക് അവരുടെ വിസ അപ്പോയിൻ്റ്മെൻ്റ് ഒരു സൗജന്യ റീഷെഡ്യൂൾ അനുവദിക്കുന്ന നയം പ്രാബല്യത്തിൽ വരും. എന്നിരുന്നാലും, അപ്പോയിൻ്റ്മെൻ്റ് ഷെഡ്യൂളിംഗിൽ കൃത്യമായ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ, ഇനിയുള്ള പുനഃക്രമീകരണത്തിന് ഒരു പുതിയ അപേക്ഷയും വിസ ഫീസും ആവശ്യമായി വരും.
H-1B വിസ പ്രക്രിയയിലെ മാറ്റങ്ങൾ
2025 ജനുവരി 17 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ, H-1B വിസ പ്രക്രിയയെ നവീകരിക്കും, ഇത് തൊഴിലുടമകൾക്ക് കൂടുതൽ അയവുള്ളതും ഇന്ത്യൻ F-1 വിസ ഉടമകൾക്ക് ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റും.
എൽപിജി വിലനിർണ്ണയം
ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പുതുവർഷത്തിലും ഗാർഹിക വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില മാറ്റത്തിനാണ് സാധ്യത. ഗാർഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരുമ്പോൾ, വാണിജ്യ സിലിണ്ടറുകൾ ചില ഏറ്റക്കുറച്ചിലുകളിലൂടെയാണ് കടന്നു പോകുന്നത്. രണ്ടിനും വിലക്കയറ്റമുണ്ടാകാം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.