മുൻകാലങ്ങളിലും സമാനമായ നടപടിയാണ് ഫെഫ്ക സ്വീകരിച്ചത്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കും
സംവിധായകൻ രഞ്ജിത്തിനെതിരെ ഉടനടി നടപടിയില്ലെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക). പരാതിയിൽ കഴമ്പുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായാൽ മാത്രമേ നടപടി എടുക്കുകയുള്ളു എന്നും ഫെഫ്ക അറിയിച്ചു. രഞ്ജിത്തിൽ നിന്ന് വിശദീകരണം തേടി. മാധ്യമങ്ങളിൽ പറഞ്ഞത് തന്നെയാണ് രഞ്ജിത്ത് ആവർത്തിച്ചത്. ആരോപണത്തിന്റെ പേരിലും എഫ്ഐആർ ഇട്ടതിന്റെ പേരിലും സംഘടനയിൽ നിന്നും മാറ്റി നിർത്താൻ ആകില്ല. മുൻകാലങ്ങളിലും സമാനമായ നടപടിയാണ് ഫെഫ്ക സ്വീകരിച്ചത്. വികെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി.
അതേസമയം രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ജി. പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. കേസിൽ ബംഗാളി നടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. ഓൺലൈൻ വഴിയായിരിക്കും മൊഴി രേഖപ്പെടുത്തുക.
ALSO READ: AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്
സിനിമയുടെ പേരിൽ കത്രിക്കടവിലെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തി ദുരുദ്ദേശ്യപരമായി ശരീരത്തിൽ തൊട്ടുവെന്നാണ് എഫ്ഐആറിൽ ഉള്ളത്. പാലേരി മാണിക്യം സിനിമയിലേക്കുള്ള ഒഡിഷനെത്തിയ തന്നെ ലൈംഗിക താത്പര്യത്തോടെ തൊട്ടെന്നാണ് നടി വെളിപ്പെടുത്തിയത്.
മുൻകൂർ ജാമ്യം തേടി രഞ്ജിത്ത് കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. പൊലീസ് നീക്കം കൂടി നോക്കിയ ശേഷമാകും തുടർ നടപടി.