ലോകമെങ്ങും വര്‍ധിക്കുന്ന ഉപഭോഗം. പുകയിലയ്ക്ക് ചീത്തപ്പേര് കിട്ടാന്‍ മറ്റ് കാരണങ്ങള്‍ ചികയേണ്ട കാര്യമില്ല
പ്രതിവര്‍ഷം 80 ലക്ഷം പേരുടെ ജീവനെടുക്കുന്ന ലഹരി. ലോകമെങ്ങും വര്‍ധിക്കുന്ന ഉപഭോഗം. പുകയിലയ്ക്ക് ചീത്തപ്പേര് കിട്ടാന്‍ മറ്റ് കാരണങ്ങള്‍ ചികയേണ്ട കാര്യമില്ല. എന്നാല്‍ ഇങ്ങനെയൊന്നും ആയിരുന്നില്ല പുകയിലയുടെ ഉപയോഗം. ഔഷധഗുണം മാത്രം നോക്കിയായിരുന്നു, പുകയില ഉപയോഗിച്ച് തുടങ്ങിയത്. പിന്നീടാണ് അത് ആളെക്കൊല്ലിയാണെന്ന് തിരിച്ചറിഞ്ഞതും, ഉപയോഗത്തിന് നിയന്ത്രണം വന്നതും.
പുകയില ഉപയോഗത്തിന്റെ ചരിത്രം
അത് പതിനാറാം നൂറ്റാണ്ടില്‍ ആരംഭിക്കുന്നു. ക്യൂബയിലെത്തിയ ഇറ്റാലിയന്‍ നാവികനായ ക്രിസ്റ്റഫര്‍ കൊളംബസ് അവിടത്തെ ആളുകള്‍ ഒരുതരം ചെടിയുടെ ഇല ചുരുട്ടി കത്തിച്ച് അതിന്റെ പുക ശ്വസിക്കുന്നതായി കണ്ടു. താല്‍ക്കാലിക ഉന്‍മേഷത്തിന് അത് നല്ലതാണെന്ന് കണ്ടെത്തിയതോടെ അവരും അത് ഉപയോഗിച്ചു തുടങ്ങി. കൊളംബസിന്റെ യാത്രയിലൂടെ പുകയില ഉപയോഗം യൂറോപ്പിലേക്കും, അമേരിക്കന്‍ വന്‍ കരകളിലേക്കും എത്തിയെന്നാണ് പറയപ്പെടുന്നത്. അങ്ങനെ പതിനാറാം നൂറ്റാണ്ടോടെ പുകയില ലോകമെമ്പാടും പ്രചാരത്തിലായി. പുകയില ചെടിയുടെ ഇല ഉണക്കി കത്തിച്ചു വലിച്ചും, ചവച്ചും, പൊടിരൂപത്തിൽ മൂക്കിലേക്കു വലിച്ചുമൊക്കെ ഇവ ഉപയോഗിച്ചു തുടങ്ങി.
സര്‍വരോഗത്തിനുമുള്ള പ്രതിരോധ ഔഷധമായാണ് പുകയില ആദ്യകാലങ്ങളില്‍ പരിഗണിക്കപ്പെട്ടത്. തലവേദന, ജലദോഷം, വ്രണങ്ങൾ, ദഹനക്കുറവ്, വയറുവേദന, വാതം, നീര് എന്നിങ്ങനെയുള്ള രോഗങ്ങള്‍ക്ക് പുകയില ഉള്‍പ്പെട്ട ഔഷധങ്ങള്‍ ഉപയോഗിച്ചിരുന്നു. ശരീരത്തിന്റെ ക്ഷീണാവസ്ഥയില്‍നിന്ന് പെട്ടെന്ന് ഉണര്‍വുണ്ടാക്കാന്‍ സാധിക്കുന്ന ഘടകം എന്നതായിരുന്നു പുകയിലയുടെ പ്ലസ് പോയിന്റ്. എന്നാല്‍, പുകയിലയുടെ സ്വാഭാവിക ഉപയോഗത്തിന് ഔഷധഗുണം ഉണ്ടെന്ന പ്രചാരത്തിന് ശാസ്ത്രീയ അടിസ്ഥാനമൊന്നും ഇല്ലായിരുന്നു. പതിനേഴാം നൂറ്റാണ്ടോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും വ്യാവസായികാടിസ്ഥാനത്തില്‍ പുകയില കൃഷി ചെയ്യാന്‍ തുടങ്ങി. ചുരുട്ട്, സിഗരറ്റ്, ബീഡി എന്നിങ്ങനെ പുകയുള്ളതും പുകയില്ലാത്തതുമായ രീതിയില്‍ അവയുടെ ഉപയോഗം വ്യാപകമായി.
പതിനെട്ടാം നൂറ്റാണ്ടോടെ പുകയിലയുടെ ദോഷവശങ്ങള്‍ ശാസ്ത്രീയമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുതുടങ്ങി. പുകയില ഉപഭോഗം കാൻസറിനും ഹൃദ്രോഗത്തിനും കാരണമാകുന്നതായി 1990-കളോടെ കണ്ടെത്തിയതോടെ, പുകയില ഉപയോഗത്തിന് പല തരത്തിലുള്ള നിയന്ത്രണങ്ങള്‍ വന്നുതുടങ്ങി. പുകയിലയില്‍ അടങ്ങിയ അപകടകാരികളായ ഒട്ടനവധി ഘടകങ്ങളില്‍, നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയിഡാണ് പ്രധാന വില്ലന്‍. പുകയിലയുടെയും പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി ദായക സ്വഭാവത്തിന് കാരണം നിക്കോട്ടിന്‍ ആണ്. ആളുകളെ ലഹരിക്ക് അടിമയാക്കാന്‍ ശേഷിയുള്ള ഘടകം. സാധാരണ ശ്വാസകോശ രോഗം മുതല്‍ മരണകാരിയായ അര്‍ബുദം വരെയാണ് അതിന്റെ ഫലം. അതുകൊണ്ട് സുരക്ഷിതമായ പുകയില ഉപയോഗം എന്നൊരു സംഗതി സാധ്യമല്ല.
ആയുർവേദത്തിലും ഹോമിയോപ്പതിയിലും പുകയിലയുടെ ഔഷധഗുണം ഉപയോഗപ്പെടുത്തുന്നുണ്ട്. പുകയില കഷായം പോലുള്ളവ ജൈവ കീടനാശിനികളായും ഉപയോഗിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന തരത്തിലുള്ള ഗവേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഭാവിയിൽ ഭൂമിയിലോ അതിനപ്പുറത്തോ ഉളള ലോകത്തേക്കോ, പുകയില ഔഷധമെന്ന രീതിയിലുള്ള ഉൽപ്പാദനം വ്യപിച്ചേക്കാമെന്നും അഭിപ്രായങ്ങളുണ്ട്.
പരമ്പരാഗത കീമോതെറാപ്പിയുമായി താരതമ്യപ്പെടുത്തുമ്പോൾ പാർശ്വഫലങ്ങൾ കുറവായതിനാൽ, കാൻസർ കോശങ്ങളെ ചെറുക്കുന്നതിന് രോഗപ്രതിരോധ സംവിധാനങ്ങൾക്ക് സഹായം നൽകുന്നതിനാലാണ് ഇത്തരം വസ്തുക്കളെ കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.എച്ച്‌ഐവി രോഗങ്ങൾക്കും,എബോള വൈറസ് രോഗത്തിനു പോലും പുകയില ഉപയോഗിച്ചുള്ള ഇമ്മ്യൂണോതെറാപ്പികളെക്കുറിച്ച് നിരവധി ക്ലിനിക്കൽ പരീക്ഷണങ്ങൾ ശാസ്ത്രലോകത്ത് നടന്നുകൊണ്ടിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്. അപ്പോള്‍ പുകയിലയോ, പുകയില ഉത്പന്നങ്ങളോ കൈയിലെടുക്കുന്നവര്‍ ഇക്കാര്യങ്ങള്‍ കൂടി ഒന്ന് ആലോചിക്കുന്നത് നന്നായിരിക്കും.