ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്കിന്റെ തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും
മലയാള സിനിമാ മേഖലയിലെ നിർമാതാക്കൾക്കിടയിലെ തർക്കങ്ങളിൽ പുതിയ വഴിത്തിരിവ്. മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്ക് അനുമതി വാങ്ങണമെന്നാണ് ഫിലിം ചേംബറിന്റെ പുതിയ നിർദേശം. ഇത് ആന്റണി പെരുമ്പാവൂറിന്റെ ആശിർവാദ് സിനിമാസ് നിർമിക്കുന്ന മോഹൻലാൽ ചിത്രം എംപുരാനെ ലക്ഷ്യം വച്ചാണെന്നാണ് സൂചന. മാർച്ച് 27നാണ് എംപുരാന്റെ റിലീസ് ഡേറ്റ്. ഫിലിം ചേംബറിന്റെ സൂചനാ പണിമുടക്കിന്റെ തീയതി അടുത്ത ആഴ്ച പ്രഖ്യാപിക്കും.
മാർച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി വേണം കരാർ ഒപ്പിടാനെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. ഈ തീരുമാനത്തിന് ഫിയോക് പൂർണ പിന്തുണയും അറിയിച്ചിട്ടുണ്ട്. ഈ തീരുമാനത്തിന് സിനിമ മേഖലയിലെ മറ്റ് സംഘടനകളുടെ പിന്തുണയുണ്ടെന്നും ഫിലിം ചേംബർ അവകാശപ്പെടുന്നു. ഇങ്ങനെ വന്നാൽ മുൻകൂട്ടി മാർച്ചിൽ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡക്ഷൻ ഹൗസുകൾ പ്രതിസന്ധിയിലാകും. അതിൽ ഏറ്റവും അധികം വെല്ലുവിളി നേരിടുക ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന എംപുരാൻ തന്നെയാണ്.
നിർമാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തിന് എതിരെ പരസ്യമായി രംഗത്തെത്തുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തതിൽ ആന്റണി പെരുമ്പാവൂരിനോട് ചേംബർ വിശദീകരണം ചോദിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. ആന്റണി വിശദീകരണം നൽകാത്ത പക്ഷം ഫിലിം ചേംബർ തുടർ നടപടി സ്വീകരിക്കും. നിർമാതാവ് എന്ന നിലയില്‍ സംഘടനകളുടെ പിന്തുണ ആന്‍റണിക്ക് നഷ്ടമാകുന്നു എന്നതിന്‍റെ സൂചന കൂടിയാണ് ഈ വിശദീകരണം തേടല്‍.
Also Read: ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്സ് പരിശോധന
ജൂൺ ഒന്ന് മുതൽ സിനിമാ മേഖല നിശ്ചലമാക്കുന്ന സമരം ആരംഭിക്കുമെന്ന നിർമാതാവ് ജി. സുരേഷ് കുമാർ നടത്തിയ വാർത്ത സമ്മേളനമാണ് തർക്കങ്ങളുടെ തുടക്കം. അതിന് പിന്നാലെ ഇത്തരം കാര്യങ്ങൾ തീരുമാനിക്കാൻ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗമായ ആന്റണി പെരുമ്പാവൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. വാർത്താ സമ്മേളനത്തിൽ വച്ച് എംപുരാന്റെ ബജറ്റിനെ പറ്റി സുരേഷ് കുമാർ നടത്തിയ പരാമർശത്തെയും ആന്റണി വിമർശിച്ചിരുന്നു. ആന്റണിയെ പിന്തുണച്ച് മോഹൻലാൽ അടക്കമുള്ള നടന്മാർ എത്തിയപ്പോൾ നിർമാതാക്കളുടെ സംഘടന സുരേഷ് കുമാറിനൊപ്പം നിന്നു.
സിനിമ സമരത്തിന് പൂർണ പിന്തുണ നൽകിയ ഫിലിം ചേംബർ ആന്റണി പെരുമ്പാവൂരിനെ വിമർശിക്കുകയും ചെയ്തു. ആൻ്റണിക്ക് അമർഷം ഉണ്ടെങ്കിൽ ഭാരവാഹികളോട് പറയാമായിരുന്നുവെന്നായിരുന്നു ഫിലിം ചേംബറിന്റെ നിലപാട്. ജൂൺ ഒന്ന് മുതൽ പ്രഖ്യാപിച്ചിരിക്കുന്ന സിനിമ സമരത്തിന് മുന്നോടിയായാണ് ഫിലിം ചേംബർ സൂചന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് അവസാനത്തോടെ സമരം നടത്താനാണ് ചേംബറിന്റെ തീരുമാനം.
Also Read: ഫെഫ്കയുടേയോ A.M.M.Aയുടെയോ പിന്തുണ വേണ്ട, നിർമാതാക്കളുടെ സമരം ഒരാഴ്ചക്കുള്ളിൽ: ബി.ആർ. ജേക്കബ്
അതേസമയം, ആൻ്റണി പെരുമ്പാവൂരിൻ്റെ ഓഫീസിലെ ഇൻകം ടാക്സ് പരിശോധന വരും ദിവസവും തുടരും. ആശിർവാദ് സിനിമാസിൻ്റെ ഓഫീസിൽ തുടർ പരിശോധനകൾ നടത്താനാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇന്നലെ പിടിച്ചെടുത്ത ഫയലുകൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും നടപടി. നികുതി വെട്ടിപ്പ് നടക്കുന്നതായ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ ആറ് ഉദ്യോഗസ്ഥർ ചേർന്ന് 10 മണിക്കൂറോളമാണ് പരിശോധന നടത്തിയത്.