ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകുമെന്നും അന്വേഷണ സമിതി അറിയിച്ചു
കൊച്ചിയില്‍ കേന്ദ്ര കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിൻ്റെ മരണത്തില്‍ ഉന്നത ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് അന്വേഷണ സമിതി റിപ്പോർട്ട്. ജോളിയുടെ അവധി അപേക്ഷ സുതാര്യമായും മാന്യമായും കൈകാര്യം ചെയ്തില്ലെന്നും, അപേക്ഷയിൽ തീരുമാനമെടുക്കാതെ അനാവശ്യമായി ദീർഘിപ്പിച്ച് പ്രയാസമുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ നൽകുമെന്നും അന്വേഷണ സമിതി അറിയിച്ചു.
ഫെബ്രുവരി 10നാണ് വെണ്ണല ചളിക്കവട്ടം സ്വദേശിയായ ജോളി മധു മരിച്ചത്. തലച്ചോറിലെ രക്തസ്രാവമാണ് വെണ്ണല ചളിക്കവട്ടം സ്വദേശിയായ ജോളി മധുവിൻ്റെ മരണകാരണം. കാൻസർ അതിജീവിതയായ ജോളിക്ക് കയർ ബോർഡില്‍ നിന്നും തൊഴിൽ പീഡനം നേരിടേണ്ടി വന്നുവെന്ന് കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്‌ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെ ആയിരുന്നു കുടുംബത്തിൻ്റെ ആരോപണം.
ALSO READ: ഹൈറിച്ച് മണിചെയിൻ തട്ടിപ്പ്: സീന പ്രതാപനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു
തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടി എടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കൊച്ചി ഓഫീസ് മേധാവികള്‍ക്കെതിരെയാണ് ജോളി മധുവിന്റെ കുടുംബം പരാതി ഉന്നയിച്ചത്.ഓഫീസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായിയെന്നും കുടുംബം പറഞ്ഞു.