അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിലും വാഷിങ്ടണ്ണിലും പൊതുദർശനത്തിന് ശേഷം ജോർജിയയിൽ തിരികെയെത്തിക്കും
അന്തരിച്ച മുൻ അമേരിക്കൻ പ്രസിഡൻ്റ് ജിമ്മി കാർട്ടറിൻ്റെ സംസ്കാരചടങ്ങുകൾ ജനുവരി ഒമ്പതിന് നടക്കും. ആറ് ദിവസം നീണ്ടു നിൽക്കുന്ന ഔദ്യോഗിക പ്രാർഥന ശ്രുശൂഷകൾക്ക് ശനിയാഴ്ച തുടക്കമാകും. അറ്റ്ലാന്റയിലെ കാർട്ടർ പ്രസിഡൻഷ്യൽ സെന്ററിലും വാഷിങ്ടണ്ണിലും പൊതുദർശനത്തിന് ശേഷം ജോർജിയയിൽ തിരികെയെത്തിക്കും. ജോർജിയയിലെ പ്ലെയിൻസിലെ ഭാര്യ റോസ്ലിൻ കാർട്ടറിൻ്റെ കല്ലറക്ക് സമീപമാകും ജിമ്മി കാർട്ടറിൻ്റെ അന്ത്യവിശ്രമം.
ഡിസംബർ 29 ന് ജന്മനാടായ ജോർജിയയിലെ പ്ലെയിൻസിൽ വെച്ചായിരുന്നു ജിമ്മി കാർട്ടറുടെ അന്ത്യം. നൂറ് വയസായിരുന്നു. മെലോനോമ ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു അദ്ദേഹം. 1976ൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ജെറാൾഡ് ഫോർഡിനെ തോൽപ്പിച്ചുകൊണ്ടാണ് കാർട്ടർ പ്രസിഡൻ്റ് സ്ഥാനത്തെത്തുന്നത്. 1977 മുതൽ 1981 വരെ അമേരിക്കയെ നയിച്ച ഡെമോക്രാറ്റിക് ഭരണാധികാരിയാണ് വിടവാങ്ങിയ ജിമ്മി കാർട്ടർ.
അമേരിക്കയുടെ 39ാമത്തെ പ്രസിഡന്റായിരുന്നു ജിമ്മി കാർട്ടർ. കാൻസർ ബാധിച്ചെങ്കിലും പിന്നീട് കാൻസറിനെ അതിജീവിച്ച് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്തി. 2002ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊണ്ട വ്യക്തിയെന്ന് ഐക്യരാഷ്ട്രസഭ പ്രതികരിച്ചു. മനുഷ്യാവകാശങ്ങളുടെയും ആഗോള സമാധാനത്തിൻ്റെയും ചാമ്പ്യൻ എന്നായിരുന്നു കാർട്ടർ അറിയപ്പെട്ടിരുന്നത്. 100 വയസ് വരെ ജീവിച്ച ആദ്യ യുഎസ് പ്രസിഡൻ്റാണ് ജിമ്മി കാർട്ടർ.