തുടർച്ചയായി രണ്ടാം വർഷമാണ് യുദ്ധം കാരണം പലസ്തീനില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത്
ഗാസയില്‍ ഇസ്രയേല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സ്കൂളില്‍ പോകാന്‍ സാധിക്കാതെ 6,30,000 വിദ്യാർഥികള്‍. തുടർച്ചയായി രണ്ടാം വർഷമാണ് യുദ്ധം കാരണം പലസ്തീനില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്നത്.
6,25,000 കുട്ടികളാണ് സ്കൂളില്‍ പോകാന്‍ സാധിക്കാതെ പലസ്തീനില്‍ കഴിയുന്നത്. ഇസ്രയേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 9,839 വിദ്യാർഥികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. മാത്രമല്ല, കുറഞ്ഞത് 411 അധ്യാപകരും സ്കൂള്‍ സ്റ്റാഫുകളുമാണ് പ്രദേശത്ത് കൊല്ലപ്പെട്ടതെന്നാണ് ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍. 85 ശതമാനം സ്കൂള്‍ കെട്ടിടങ്ങളും തകർന്നുകഴിഞ്ഞു. അതായത്, 564 സ്കൂളുകളില്‍ 477 എണ്ണവും തകർന്നു.
അടുത്ത അധ്യയന വർഷമെത്തുമ്പോള്‍ ഗാസയില്‍ മാതാപിതാക്കളും കുട്ടികളും ഒരുപോലെ വിഷമത്തിലാണ്. യുദ്ധം മാത്രമല്ല, കഴിഞ്ഞുപോയ കാലം കൂടി അവരെ വേദനിപ്പിക്കുന്നുണ്ട്. യുദ്ധം സ്കൂള്‍ വിദ്യാഭ്യാസം നിഷേധിച്ച കുട്ടികള്‍ ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്കിടയില്‍ അഭയാർഥി ക്യാംപുകളിലെ ടെന്‍റുകളിലിരുന്നാണ് പഠിക്കാന്‍ ശ്രമിക്കുന്നത്.
"എല്ലാ ദിവസവും രാവിലെ സ്കൂളുകളിലേക്ക് കുട്ടികള്‍ക്ക് സാന്‍ഡ്‍വിച്ച് ഉണ്ടാക്കി കൊടുക്കുന്നത് ഞാന്‍ മിസ് ചെയ്യുന്നു. അവരുടെ സ്കൂള്‍ യൂണിഫോം കഴുകുന്നതും, അവർക്ക് ഉച്ചഭക്ഷണം എന്തുണ്ടാക്കുമെന്നും ആലോചിച്ച് പകല്‍സമയം ചിലവഴിക്കുന്നതും ഞാന്‍ മിസ് ചെയ്യുന്നു", അഭയാർഥി ക്യാംപില്‍ പഠിക്കുന്ന കുട്ടികളെ ചൂണ്ടിക്കാട്ടി ലിന എന്ന മാതാവ് പറഞ്ഞു.
ALSO READ: വെസ്റ്റ് ബാങ്ക് - ജോർദാൻ ക്രോസിംഗിൽ മൂന്ന് ഇസ്രയേലികൾ വെടിയേറ്റ് മരിച്ചു
സ്കൂളുകള്‍ മാത്രമല്ല, സർവകലാശാലകള്‍ക്കും കോളേജുകള്‍ക്കും നേരെയും ഇസ്രയേല്‍ ആക്രമണം നടന്നിട്ടുണ്ട്. ഗാസ പ്രദേശത്തെ 12 സർവകലാശാലകളും ബോംബിങ്ങില്‍ തകർക്കപ്പെട്ടു. യുണിവേഴ്സിറ്റി വിട്ട 88,000 വിദ്യാർഥികളാണ് പഠനം തുടരാനാവാതെ കഷ്ടപ്പെടുന്നത്.
അതേസമയം, വെടിനിർത്തല്‍ ചർച്ചകളില്‍ ഹമാസ് പുതിയ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ചുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. എന്നാല്‍ ഹമാസ് നേതൃത്വം ഇത് നിഷേധിച്ചു. ഇന്നലെ ജോർദാനിനും അധിനിവേശ വെസ്റ്റ് ബാങ്കിനും ഇടയിലുള്ള അതിർത്തിയിൽ നടന്ന ആക്രമണത്തിൽ മൂന്ന് സുരക്ഷാ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് അലന്‍ബി പാലം അടച്ചിരിക്കുകയാണ്. എന്നാണ് പാലം തുറന്ന് ഗതാഗതം പഴയപടിയാക്കുക എന്ന് അധികൃതർ അറിയിച്ചിട്ടില്ല. ജോർദാൻ ഭാഗത്ത് നിന്ന് ട്രക്കിൽ എത്തിയ അക്രമി പുറത്തിറങ്ങി വെടിയുതിർക്കുകയായിരുന്നു എന്നാണ് ഇസ്രയേല്‍ പ്രതിരോധ സേന പറയുന്നത്.
ALSO READ: ഗാസ രക്തരൂക്ഷിതം; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 31 പേർ; അഭയാർഥി ക്യാംപുകളിലും ആക്രമണം
ഗാസയിലെ ഇസ്രയേല്‍ ആക്രമണങ്ങളില്‍ ഇതുവരെ കുറഞ്ഞത് 40,972 പേർ മരിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. 94,761 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഒക്ടോബർ 7ന് നടന്ന ഹമാസിന്‍റെ ഇസ്രയേല്‍ ആക്രമണത്തില്‍ 1,139പേരാണ് കൊല്ലപ്പെട്ടത്. 239 പേരാണ് ഹമാസിന്‍റെ ബന്ദികളായത്.