ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകർന്നുവീണിരിക്കുന്നത്
പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനമർപ്പിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അത്യന്തം നടുക്കമുണ്ടാക്കുന്നതും വേദനാജനകവുമായ സംഭവമാണ്ടായത്. കശ്‌മീരിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ കുടുംബത്തോടമെത്തിയവരാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നത്. കൊച്ചി സ്വദേശി നീരാഞ്ജനത്തിൽ രാമചന്ദ്രനും കൊച്ചിയിൽ നേവി ഉദ്യോഗസ്ഥനായ വിനയ് നർവാളും കൊല്ലപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും വേദനയിൽ ഒപ്പം ചേരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടെന്നും പ്രദേശം ശാന്തമായെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുടെ അവകാശവാദമാണ് ഭീകരാക്രമണത്തോടെ തകർന്നുവീണിരിക്കുന്നത്. ആഭ്യന്തമന്ത്രിയുടെ നേതൃത്വത്തിൽ ശ്രീനഗറിൽ ഉന്നതതല യോഗം ചേർന്ന് ദിവസങ്ങൾക്കുള്ളിലാണ് ആക്രമണമുണ്ടായതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ സുരക്ഷയുറപ്പാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും പരാജയം കൂടിയാണ് ആക്രമണം.
ALSO READ: മതത്തെ തീവ്രവാദികൾ ദുരുപയോഗപ്പെടുത്തുകയാണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ അധികാരങ്ങൾ ഇല്ലാതാക്കി കശ്‌മീരിനെ കേന്ദ്രഭരണത്തിന് കീഴിലാക്കി അഞ്ചുവർഷം പിന്നിടുമ്പോഴും മേഖല അശാന്തമായിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യമാണ്. ഭീകരശൃംഖലയെ ഇല്ലാതാക്കുന്നതിൽ മോദി സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കശ്‌മീരിലുള്ള മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ പൂർത്തിയാക്കുന്നുണ്ട്. നോർക്കയടക്കമുള്ള സംവിധാനങ്ങളും സജീവമാണ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവനാളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തക്കതായായ ശിക്ഷയുറപ്പാക്കാനും കേന്ദ്രസർക്കാർ തയ്യാറാകണം. അവകാശവാദങ്ങൾക്കപ്പുറം രാജ്യത്തെ ഭീകരാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കാനും പൗരന്മാരുടെ ജീവന് സുരക്ഷയുറപ്പാക്കാനുമുള്ള നടപടികൾക്കും കേന്ദ്രസർക്കാർ മുൻകൈ എടുക്കണമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.