അതേസമയം മഹാ കുംഭമേള ആരംഭിക്കുന്നതിന് മുമ്പ്, ജനുവരി 12 വരെ ശേഖരിച്ച ജല സാമ്പിളുകൾ മാത്രമേ യുപിപിസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുള്ളൂവെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചൂണ്ടിക്കാട്ടി
മഹാകുംഭമേളയിൽ തീർഥാടകർ പുണ്യസ്നാനം നടത്തുന്ന ത്രിവേണി സംഗമത്തിലെ വെള്ളം മലിനമെന്ന് സർക്കാർ ഡാറ്റ. കോളിഫോം ബാക്‌റ്റീരിയയുടെ അളവ് വെള്ളത്തിൽ കൂടുതലാണെന്ന് പരിശോധനയിൽ കണ്ടെത്തി. എന്നാൽ റിപ്പോർട്ട് തള്ളിയിരിക്കുകയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളം കുടിക്കാനും അനുയോജ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോടിക്കണക്കിന് വിശ്വാസികളുടെ പവിത്രമായ സംഗമമായാണ് കുംഭമേളയെ കണക്കാക്കുന്നത്. എന്നാൽ ആ പവിത്രതക്ക് വെല്ലുവിളിയാകുന്നത് അവിടുത്തെ മലിനമായ നദീജലമാണെന്നത് വൈരുദ്ധ്യം. ജനങ്ങൾ ഒഴുകിയെത്തുന്നതിന് സമാനമായി മാലിന്യവും മേളയിൽ കുമിഞ്ഞ് കൂടുന്നു. മനുഷ്യ, മൃഗ വിസർജ്യങ്ങളിൽ കാണാറുള്ള കോളിഫോം ബാക്‌റ്റീരിയയുടെ അളവ് നദീജലത്തിൽ ക്രമാതീതമായി വർധിച്ചിട്ടുണ്ടന്നും ഇത് ആശങ്കാജനകമെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു. അനുവദനീയമായ അളവിനും ഒരുപാട് മടങ്ങ് മേലെയാണ് വെള്ളത്തിൽ നിന്നും കണ്ടെത്തിയ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം .
ALSO READ: ഇന്ദ്രപ്രസ്ഥത്തിലേറാൻ; ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ഇന്ന്
വെള്ളത്തിൻ്റെ ഗുണനിലവാര സൂചിക പ്രധാനമായും ബയോളജിക്കൽ ഓക്സിജൻ ഡിമാൻഡ് അഥവാ ബിഒഡിയെ അടിസ്ഥാനമാക്കിയാണ് കണക്കാക്കുന്നത്. ബിഒഡി അളവ് കൂടുന്നത് വെള്ളത്തിൽ മാലിന്യത്തിൻ്റെ അളവ് വർധവിക്കുന്നതിൻ്റെ സൂചനയാണ്. മൂന്ന് മില്ലിയിലും താഴെയാണ് ബിഒഡി എങ്കിലാണ് വെള്ളം കുളിക്കാൻ യോഗ്യമാകുന്നത്. എന്നാൽ മഹാകുംഭമേളയിലെ വെള്ളം പരിശോധിച്ചപ്പോൾ 5 മില്ലിയിൽ മേലെയാണ് ബിഒഡി കണ്ടെത്തിയത്. കുംഭമേളക്ക് മുമ്പ് ഇത് 3.94 ആയിരുന്നു. നദീജലം മാരകമായ രീതിയിൽ മലിനമാകുന്നതിൻ്റെ സൂചനയാണ് കേന്ദ്ര റിപ്പോർട്ട് നൽകുന്നത്.
അതേസമയം കുംഭമേളയ്ക്ക് മുമ്പുള്ളതാണ് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ച സാമ്പിളുകളെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) ചൂണ്ടിക്കാട്ടി. മഹാ കുംഭമേള ആരംഭിക്കുന്നതിന് മുമ്പ് ജനുവരി 12 വരെ ശേഖരിച്ച ജല സാമ്പിളുകൾ മാത്രമേ യുപിപിസിബി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിക്കുന്നുള്ളൂവെന്ന് എൻജിടി പറഞ്ഞു. 250 പേജുകളിൽ ഫീക്കൽ കോളിഫോമിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ പരാമർശിക്കുന്നില്ലെന്നും എന്ത് തരത്തിലുള്ള റിപ്പോർട്ടാണ് നിങ്ങൾ സമർപ്പിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു.
വെള്ളം കുളിക്കാൻ പോലും അനുയോജ്യമല്ലെന്ന് ബോർഡ് പറയുമ്പോൾ മുഖ്യമന്ത്രിക്കും എതിരഭിപ്രായമാണ്. ത്രിവേണി സംഗമത്തിലെ വെള്ളം കുടിക്കാൻ വരെ ഉപയോഗിക്കാമെന്നാണ് യോഗിയുടെ വാദം. മേളയെ അപകീർത്തിപ്പെടുത്താൻ ചിലർ ശ്രമിക്കുകയാണ്. അടിസ്ഥാനരഹിത ആരോപണങ്ങൾ ഉയർത്തി കോടിക്കണക്കിന് വിശ്വാസികളെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.