fbwpx
പിഎസ്‌സിയുടെ പേര് പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ എന്നാക്കണം; പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമെന്ന് പ്രതിപക്ഷം
logo

ന്യൂസ് ഡെസ്ക്

Last Updated : 10 Oct, 2024 04:06 PM

എന്തിനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അത് പിരിച്ചുവിടൂ. രാഷ്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകി കയറ്റുന്നുവെന്ന് വി.ഡി സതീശൻ

KERALA


പിന്‍വാതില്‍ നിയമനങ്ങള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് തൊഴില്‍ കിട്ടുന്നില്ലെന്ന് പ്രതിപക്ഷം നിയമസഭയില്‍. സര്‍ക്കാര്‍ പി എസ് സി നിയമനം അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്ന പേര് മാറ്റി പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ എന്നാക്കണമെന്നും വിഷ്ണുനാഥ് പരിഹസിച്ചു. നാലാം ദിവസവും സഭ പ്രക്ഷുബ്ധമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം 34,000 പേര്‍ക്ക് പി എസ് സി വഴി നിയമനം നല്‍കിയതിന്റെ കണക്ക് ധനമന്ത്രി നിരത്തി. സംസ്ഥാനത്തെ നിയമനങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പി.സി വിഷ്ണുനാഥാണ് നോട്ടീസ് നല്‍കിയത്.

തസ്തികകള്‍ ഉണ്ടാക്കുമെന്നും, പൊലീസ് സേനയില്‍ അംഗബലം കൂട്ടുമെന്നും മുഖ്യമന്ത്രി നേരത്തെ സഭയില്‍ പറഞ്ഞതാണ്. എന്നാല്‍, അംഗബലം കൂട്ടാന്‍ നല്‍കുന്ന ഫയലുകള്‍ ധനവകുപ്പ് മടക്കി അയക്കുകയാണെന്ന് പി.സി വിഷ്ണുനാഥ് പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയാണ് ധനവകുപ്പ് കാരണമായി പറയുന്നത്. ലോക കേരളസഭ നടത്താനും, ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനും സര്‍ക്കാരിന് പണമുണ്ട്. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം നല്‍കാത്തത് അനീതിയല്ലേ. സംസ്ഥാനത്ത് നടക്കുന്നത് പിന്‍വാതില്‍ നിയമനമാണ്. പി എസ് സിയുടെ പേര് പാര്‍ട്ടി സര്‍വീസ് കമ്മീഷന്‍ എന്നാക്കണം.

സംവരണ തത്വം അട്ടിമറിച്ചുകൊണ്ടാണ് പിന്‍വാതില്‍ നിയമനം നടക്കുന്നത്. വിരമിച്ച ആളുകള്‍ക്ക് ലക്ഷക്കണക്കിന് ശമ്പളം നല്‍കി പുനര്‍നിയമനം നല്‍കുന്നു. പാവപ്പെട്ട ആളുകള്‍ക്ക് നിയമനമില്ല. പൊലീസ് സേനയില്‍ ആള്‍ബലമില്ല. ഡിജിപി അയക്കുന്ന ഫയല്‍ ധനവകുപ്പ് മടക്കി അയക്കുന്നു. സിപിഒ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ട്. ഇനി കാലാവധി ആറു മാസം മാത്രമാണുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ ഈ കാലയളവില്‍ രണ്ട് ബാച്ച് ട്രയിനിങ്ങിന് കയറിയിട്ടുണ്ടെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു.

Also Read: ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്; മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍


പി എസ് സി നിയമനത്തെ കുറിച്ച് തങ്ങള്‍ക്ക് ബോധ്യമുണ്ടെന്നും ഒരു റാങ്ക് ലിസ്റ്റിലും വേക്കന്‍സി ഒഴിഞ്ഞു കിടക്കരുത് എന്നാണ് സര്‍ക്കാര്‍ നയമെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മറുപടി നല്‍കി. സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥിതി മോശമെന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍, സംവരണം കൂടുതല്‍ അട്ടിമറിക്കപ്പെട്ടത് കോണ്‍ഗ്രസ് രാജ്യം ഭരിച്ചപ്പോഴാണ്. ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയ ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേന്ദ്ര സര്‍വീസില്‍ നിരവധി ഒഴിവുകള്‍ നികത്തുന്നില്ല. അതിനെ കുറിച്ച് പ്രതിപക്ഷം പറയുന്നില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പൊലീസ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് കേരളത്തിലാണ്. രാഷ്ട്രീയമായി ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനുമാണ് പ്രതിപക്ഷ ആരോപണം. വസ്തുതയില്ലാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കെഎസ്ആര്‍ടിസിക്ക് 70 കോടിയിലധികം രൂപ ശമ്പളത്തിനായി നല്‍കുന്നു. മൂന്ന് ലക്ഷത്തിലധികം ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് വന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. 6000 സ്റ്റാര്‍ട്ട്അപ്പുകള്‍ വന്നുവെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

അടിയന്തര പ്രമേയത്തിന് അനുമതി നല്‍കാത്ത നടപടിയെ വിര്‍മശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രംഗത്തെത്തി. കഴിഞ്ഞ മൂന്ന് ദിവസം പൊതുജനങ്ങള്‍ക്ക് താത്പര്യമില്ലാത്ത വിഷയങ്ങളാണ് തങ്ങള്‍ കൊണ്ടുവന്നത്. അതിനെല്ലാം അനുമതി നല്‍കി ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് പ്രയോജനമുള്ള കാര്യം കൊണ്ടുവന്നപ്പോള്‍ അനുമതി നല്‍കുന്നില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Also Read: പാലക്കാട് ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാർഥിയായി രാഹുൽ മാങ്കൂട്ടത്തിൽ, കെ.ബിനു മോൾ സിപിഎം സ്ഥാനാർഥി ആയേക്കും


സംസ്ഥാനത്ത് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. പൊലീസ് സേനയില്‍ ആള്‍ബലം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പറഞ്ഞത് മുഖ്യമന്ത്രി ചെയ്‌തോ? ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം കൊടുത്തില്ല. എന്നിട്ട് അടുത്ത ലിസ്റ്റ് തയ്യാറാവുകയാണ്. 5 കടമ്പ കഴിഞ്ഞാണ് പി എസ് സി ലിസ്റ്റില്‍ പേര് വരുന്നത്. അവര്‍ക്ക് നിയമനം നല്‍കാന്‍ ആയില്ലെങ്കില്‍ എന്താണ് നിങ്ങള്‍ ഉറപ്പാക്കുന്നത്.

കേരളത്തില്‍ കാര്‍ഷിക മേഖലയില്‍ നിന്ന് ആളുകള്‍ പിന്മാറുന്നു. പൊതുമേഖല സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം കുറയുന്നു. KSRTC ജീവനക്കാരുടെ എണ്ണം UDF സര്‍ക്കാറിന്റെ കാലത്തേക്കാള്‍ കുറഞ്ഞു. കേരളത്തിലെ തൊഴിലവസരങ്ങള്‍ പരമാവധി ഇല്ലാതാകുന്നു. എല്ലാം ഭദ്രമാണെന്ന നിലപാടാണോ ധനമന്ത്രിക്ക്?

സാമ്പത്തിക നില ഭദ്രമാണെന്ന് ധനമന്ത്രി പറഞ്ഞു. അതു കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയി. പിന്‍വാതില്‍ നിയമനമാണ് എല്ലാ വകുപ്പുകളിലും. എന്തിനാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്. അത് പിരിച്ചുവിടൂ. രാഷ്ട്രീയ ദുഷ്ടലാക്കോടെ സ്വന്തക്കാരെ തിരുകി കയറ്റുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നവകേരള സദസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം വി.ഡി സതീശന്‍ സഭയില്‍ സബ്മിഷനായി ഉന്നയിച്ചു. മര്‍ദനത്തില്‍ തെളിവില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. നവകേരള സദസില്‍ നടന്നത് കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ലൈവായി കണ്ടതാണ്. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

HEALTH
ഓറഞ്ച് മാത്രമല്ല ; വൈറ്റമിൻ സി അടങ്ങിയ പഴങ്ങൾ വേറെയുമുണ്ട്
Also Read
user
Share This

Popular

KERALA
HEALTH
വനനിയമ ഭേദഗതി കാലോചിതമായിരുന്നു, കർഷകരെയും ജനങ്ങളെയും ദ്രോഹിക്കുകയല്ല സർക്കാർ ലക്ഷ്യം: എ.കെ. ശശീന്ദ്രന്‍