രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എന്ത് നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് രാജ്ഭവനിൽ നിന്നയച്ച കത്തിൽ പറയുന്നു
പി.വി. അൻവർ എംഎൽഎയുടെ ഫോൺ ചോർത്തൽ ആരോപണത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിഷയത്തിൽ ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരണം തേടി. രാജ്ഭവൻ ഈ വിഷയത്തെ അതീവ ഗൗരവതരമായാണ് കാണുന്നത്. രാജ്യ സുരക്ഷയെ ബാധിക്കുന്ന ഈ വിഷയത്തിൽ എന്ത് നടപടിയെടുത്തു എന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നും നിർദേശിച്ചാണ് രാജ്ഭവൻ കത്ത് നൽകിയിരിക്കുന്നത്. ഇന്നലെ വൈകീട്ടോടെയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് കൈമാറിയത്.
മന്ത്രിമാരുടെ ഫോൺ ചോർത്തുന്നു എന്ന ആരോപണം ഗൗരവതരമാണ്. താനും ഫോൺ ചോർത്തി എന്ന അൻവറിന്റെ തുറന്ന് പറച്ചിലും വിഷയത്തിൻ്റെ പ്രാധാന്യം കൂട്ടുന്നു. സ്വന്തം നിലക്ക് ഫോൺ ചോർത്തിയത് വലിയ കുറ്റമാണെന്നും അൻവറിനെതിരെ കേസ് എടുക്കണമെന്നും ഗവർണറുടെ കത്തിൽ പറയുന്നു. അൻവറിൻ്റെ ആരോപണങ്ങളെ ഭരണകക്ഷിക്കെതിരെ ആയുധമാക്കുകയാണ് ഗവർണർ.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ ക്യാബിനറ്റ് മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തിയെന്നായിരുന്നു പി.വി. അൻവറിൻ്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കയ്യിലുണ്ടെന്നും അൻവർ അവകാശപ്പെട്ടിരുന്നു.
അതേസമയം ആർഎസ്എസ് - എഡിജിപി കൂടിക്കാഴ്ചയില്‍ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പൂഴ്ത്തിവെച്ചുവെന്ന പുതിയ ആരോപണവുമായി പി.വി.അൻവർ രംഗത്തെത്തി. ഇതിന് പിന്നിൽ പി. ശശിയുടെ സാന്നിധ്യമുണ്ടെന്ന സംശയിക്കുന്നതായി പി.വി. അൻവർ പറഞ്ഞു. വിശ്വസിച്ചവർ മുഖ്യമന്ത്രിയെ ചതിച്ചു. വിശ്വസിച്ചവർ ചതിച്ചാൽ ഒന്നും ചെയ്യാനാവില്ലെന്നും പി.വി. അൻവർ പറഞ്ഞു. പക്ഷെ അത്തരം ആരോപണങ്ങളിൽ മുഖ്യമന്ത്രി തളരില്ലെന്നും അദ്ദേഹം കാര്യങ്ങൾ പൂർണമായും ബോധ്യപ്പെട്ടാൽ മാത്രമേ നിലപാട് എടുക്കുവെന്നും പി.വി. അൻവർ പറഞ്ഞു.