കഴിഞ്ഞ ദിവസം നടന്ന റഷ്യയുടെ ക്രൂരമായ മിസൈൽ ആക്രമണത്തിൻ്റെ ചിത്രങ്ങളും പങ്ക് വെച്ച് കൊണ്ടായിരുന്നു സെലൻസ്കിയുടെ വിമർശനം
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തെ വിമര്‍ശിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി. വലിയ നിരാശ, സമാധാനശ്രമങ്ങള്‍ക്കേറ്റ വലിയ പ്രഹരം എന്നാണ് എക്സില്‍ സെലന്‍സ്കി കുറിച്ചത്. മോദിയുടെയോ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയോ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം. കഴിഞ്ഞദിവസം യുക്രെയ്നില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കണക്കുകളും ചിത്രങ്ങളും സഹിതമാണ് സെലന്‍സ്കിയുടെ കുറിപ്പ്.
'റഷ്യയുടെ മാരകമായ മിസൈല്‍ ആക്രമണത്തില്‍, യുക്രെയ്നില്‍ ഇന്ന് 37 പേര്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 കുട്ടികള്‍ ഉള്‍പ്പെടെ 170 പേര്‍ക്ക് പരുക്കേറ്റു. യുക്രെയ്നിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയെയാണ് ഒരു റഷ്യന്‍ മിസൈല്‍ തകര്‍ത്തെറിഞ്ഞത്. നിരവധിപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയിലാണ്. അത്തരമൊരു ദിവസത്തില്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും വലിയൊരു ക്രിമിനലിനെ മോസ്കോയില്‍ ആലിംഗനം ചെയ്യുന്നത് കാണുന്നത്, വലിയ നിരാശയും സമാധാനശ്രമങ്ങള്‍ക്കേറ്റ കനത്ത പ്രഹരവുമാണ്' - എന്നായിരുന്നു സെലന്‍സ്കിയുടെ വാക്കുകള്‍. റഷ്യയുടെ മിസൈല്‍ ആക്രമണത്തിന്റെ രൂക്ഷത വ്യക്തമാക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് സെലന്‍സ്കിയുടെ കുറിപ്പ്.
റഷ്യന്‍ സന്ദര്‍ശനത്തിനെത്തിയ മോദി പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി അദ്ദേഹത്തെ ആലിംഗനം ചെയ്തിരുന്നു. ചിത്രങ്ങള്‍ സമൂഹമാധ്യങ്ങളില്‍ ഉള്‍പ്പെടെ വൈറലാവുകയും ചെയ്തിരുന്നു. എന്നാല്‍, റഷ്യ യുക്രെയ്നില്‍ ആക്രമണം തുടരുന്നതിനിടെയുള്ള മോദിയുടെ സന്ദര്‍ശനം അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതിനിടെയാണ് സെലന്‍സ്കിയുടെ പ്രതികരണം.
അതേസമയം, യുദ്ധ ഭൂമിയില്‍ നിന്ന് ഒരു പരിഹാരവും കണ്ടെത്താന്‍ കഴിയില്ല എന്ന് പുടിനോടും പ്രധാനമന്ത്രി മോദി പറഞ്ഞതായി റഷ്യയിലെ ദേശീയ മാധ്യമങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയിലെത്തിയ മോദി പുടിന്റെ ഔദ്യോഗിക വസതിയില്‍ നടത്തിയ അനൗപചാരിക കൂടിക്കാഴ്ചയിലാണ് യുദ്ധത്തെ പറ്റി പരാമര്‍ശിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം, ജി7 ഉച്ചകോടിക്കിടെ ഇറ്റലിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയതുൾപ്പെടെ നിരവധി അവസരങ്ങളിൽ മോദി സെലൻസ്‌കിയുമായി സംസാരിച്ചിട്ടുണ്ട്. 2022ൽ സെലൻസ്കിയുമായി നടത്തിയ സംഭാഷണത്തിൽ റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും സമാധാന ശ്രമങ്ങൾക്ക് സംഭാവന നൽകാൻ തയ്യാറാണെന്നും മോദി പറഞ്ഞിരുന്നു.
യുക്രെയ്‌ന്‍ അധിനിവേശത്തിന് ശേഷമുള്ള മോദിയുടെ ആദ്യ റഷ്യന്‍ സന്ദർശനമാണിത്. പുടിനെ സംബന്ധിച്ചിടത്തോളം, പാശ്ചാത്യ ഉപരോധത്തില്‍ റഷ്യ ഒറ്റപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനുള്ള അവസരമാണിത്. മറുവശത്ത് യുദ്ധത്തിനുള്ള സമയം ഇതല്ല എന്നതിനപ്പുറം യുദ്ധത്തെ അപലപിക്കുകയോ, റഷ്യയ്ക്ക് മേലുള്ള ഉപരോധത്തില്‍ പങ്കാളിയാവുകയോ ചെയ്യാത്ത ഇന്ത്യ ഈ നിലപാട് കൊണ്ട് പ്രത്യക്ഷ നേട്ടങ്ങളാണ് ലക്ഷ്യം വെയ്ക്കുന്നത്. യൂറോപ്യന്‍ ഉപരോധത്തെ തുടർന്ന് ചൈനയുമായി കൂടുതല്‍ അടുക്കുന്ന റഷ്യയെ നിക്ഷ്പക്ഷതയിലേക്ക് എങ്കിലും കൊണ്ടുവരികയാണ് കൂടിക്കാഴ്ചയില്‍ ഇന്ത്യയുടെ പ്രധാന അജണ്ടയെന്ന് നയതന്ത്രവിദഗ്ദർ കരുതുന്നു. ഇന്ത്യയും ചൈനയുമായുള്ള പ്രശ്നങ്ങളെ തണുപ്പിച്ചില്ലെങ്കിലും, അതിർത്തി തർക്കം യുദ്ധത്തിലെത്തിയാല്‍ റഷ്യ ചൈനയുടെ പക്ഷം ചേരില്ല എന്നുറപ്പിക്കേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്.