ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരള നായകൻ സച്ചിൻ ബേബിയുടെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു കേരളത്തിൻ്റെ ഓപ്പണർമാർ ബാറ്റ് വീശിയത്
രഞ്ജി ട്രോഫിയിലെ ആദ്യ സെമി ഫൈനലിൽ പട നയിച്ച് കേരളത്തിൻ്റെ നായകൻ സച്ചിൻ ബേബി. ആദ്യ ദിനം കളി നിർത്തുമ്പോൾ 89 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 206 എന്ന നിലയിലാണ് കേരളം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത കേരള നായകൻ സച്ചിൻ ബേബിയുടെ തീരുമാനത്തെ ശരിവയ്ക്കുന്ന രീതിയിലായിരുന്നു കേരളത്തിൻ്റെ ഓപ്പണർമാർ ബാറ്റ് വീശിയത്.
കേരളത്തിനായി ഇന്നിങ്സ് തുടങ്ങിയ അക്ഷയ് ചന്ദ്രനും (30) രോഹൻ കുന്നുമ്മലും (30) ചേർന്ന് ഒന്നാം വിക്കറ്റിൽ 61 റൺസിൻ്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ അക്ഷയ്‌യെ ആര്യ ദേശായ് റണ്ണൌട്ടാക്കിയതും രോഹനെ രവി ബിഷ്ണോയി വിക്കറ്റിന് മുന്നിൽ കുടുക്കിയതും കേരളത്തിന് ഇരട്ട ആഘാതമേൽപ്പിച്ചു.
പിന്നാലെയെത്തിയ വരുൺ നായനാർ (10) വേഗത്തിൽ മടങ്ങിയതോടെ കേരളം പ്രതിരോധത്തിലേക്ക് വീണു. പിന്നീട് നാലാം വിക്കറ്റിൽ ഒത്തുചേർന്ന നായകൻ സച്ചിൻ ബേബിയും (69*) ഓൾറൌണ്ടർ ജലജ് സക്സേനയും (30) ചേർന്ന് കേരളത്തിനായി തിരിച്ചടി തുടങ്ങി. ഒടുവിൽ ജലജ് സക്സേനയെ അർസാൻ നാഗ്വാസ്വല്ല ക്ലീൻ ബൌൾ ചെയ്തു. പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് അസ്ഹറുദീനും (30*) ക്യാപ്റ്റന് ഉറച്ച പിന്തുണ നൽകിയതോടെ കേരളം വലിയ നഷ്ടങ്ങളില്ലാതെ ആദ്യ ദിനം കളിയവസാനിപ്പിച്ചു. സ്കോർ - 206/4 (89 ഓവർ).